chelakakra

തൃശൂർ: മണ്ഡലം രൂപീകൃതമായ 1967 മുതൽ 1980 വരെയും പിന്നീട് 87 മുതൽ 91 വരെയും കോൺഗ്രസ് നിലനിറുത്തിയിരുന്ന ചേലക്കര മണ്ഡലം ഇടതിനോടൊപ്പമായിട്ട്, കാൽനൂറ്റാണ്ട് പിന്നിടുന്നു. 67ൽ കോൺഗ്രസിലെ പി. കുഞ്ഞനായിരുന്നു ആദ്യ എം.എൽ.എ. പിന്നീട് കെ.കെ. ബാലകൃഷ്ണൻ ഏഴ് വർഷക്കാലം മണ്ഡലത്തെ പ്രതിനിധികരിച്ചു. 1982ലാണ് ചേലക്കര ആദ്യമായി ഇടത്തോട്ട് ചാഞ്ഞത്. എന്നാൽ 87ൽ എം.എ. കുട്ടപ്പനിലൂടെ കോൺഗ്രസ് തിരിച്ചു വന്നു. 91ൽ നടന്ന തിരഞ്ഞെടുപ്പിലും എം.പി. തമ്പിയിലൂടെ മണ്ഡലം പോകാതെ നിലനിറുത്താൻ കോൺഗ്രസിന് സാധിച്ചു. എന്നാൽ 96ൽ സ്ഥിതി തകിടം മറിഞ്ഞു. യുവജന നേതാവും നാട്ടുകാരനുമായ കെ. രാധകൃഷ്ണനിലൂടെ ചേലക്കര പിടിച്ചെടുത്ത് സി.പി.എം തിരിച്ചുവന്നു. പിന്നീടങ്ങോട്ട് നടന്ന തിരഞ്ഞെടുപ്പുകളിൽ എല്ലാം വിജയക്കൊടി നാട്ടാൻ എൽ.ഡി.എഫിന് സാധിച്ചു. 96 മുതൽ 2016 വരെ രാധാകൃഷ്ണൻ മണ്ഡലത്തെ പ്രതിനിധികരിച്ചു. ഇതിനിടെ മന്ത്രി സ്ഥാനവും സ്പീക്കർ സ്ഥാനവും രാധകൃഷ്ണനെ തേടിയെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാധകൃഷ്ണന് പകരം യു.ആർ. പ്രദീപ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴും വിജയം ഇടതിനൊപ്പം നിന്നു. പതിനായിരത്തിലേറെ വോട്ടുകൾക്കാണ് യു.ഡി.എഫിലെ കെ.എ. തുളസിയെ പരാജയപ്പെടുത്തിയത്. എന്നാൽ 2011 ലെ തിരഞ്ഞെടുപ്പിൽ രാധകൃഷ്ണന് കാൽലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നത് കുറയ്ക്കാൻ സാധിച്ചുവെന്നതാണ് യു.ഡി.എഫിന്റെ നേട്ടം. ഇത്തവണ തിരിച്ചു വരവിന് സാധിക്കുമെന്ന കണക്ക് കൂട്ടലിൽ ആണ് യു.ഡി.എഫ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിന് എൽ.ഡി.എഫിനേക്കാൽ വലിയ ഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നു. ഇതാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്. ബി.ജെ.പിയും ഇവിടെ വേരുറപ്പിച്ച് തുടങ്ങിയതോടെ മത്സരവീര്യം മുറുകും.

മണ്ഡലം നിലവിൽ വന്നത് -1967
കോൺഗ്രസ് വിജയിച്ചത് - ആറ് തവണ
എൽ.ഡി.എഫ് വിജയിച്ചത് - ആറ് തവണ
ഏറ്റവും കൂടുതൽ തവണ എം.എൽ.എയായത് - കെ. രാധാകൃഷ്ണൻ
(20 വർഷം)


മത്സരിക്കാൻ സാദ്ധ്യതയുള്ളവർ
എൽ.ഡി.എഫിൽ സിറ്റിംഗ് എം.എൽ.എ യു.ആർ. പ്രദീപ് കുമാർ തന്നെയായിരിക്കും സ്ഥാനാർത്ഥി. എന്നാൽ യു.ഡി.എഫിൽ സീറ്റിനായുള്ള വടം വലി ശക്തമാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.സി. ശ്രീകുമാർ, കെ.വി. ദാസൻ എന്നിവരുടെയും കഴിഞ്ഞ തവണ മത്സരിച്ച കെ.ബി. ശശികുമാറിന്റെയും പേരുകൾ ഉയരുന്നുണ്ട്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥിയുടെ വരവും തള്ളിക്കളയാനാകില്ല. എൻ.ഡി.എയിൽ പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സർജ്ജു തൊയക്കാവ് എന്നിവരും സാദ്ധ്യതാലിസ്റ്റിലുണ്ട്.