mini

തൃശൂർ: രണ്ട് തവണയിൽ കൂടുതൽ മത്സരിച്ചവർക്ക് സീറ്റ് നൽകില്ലെന്ന തീരുമാനം സി.പി.എം കടുപ്പിച്ചാൽ ജില്ലയിൽ ഇരിങ്ങാലക്കുട, ചേലക്കര മണ്ഡലങ്ങളിൽ ഒഴിച്ച് എല്ലായിടത്തും പുതുമുഖങ്ങൾക്ക് സാദ്ധ്യത തെളിയും. എന്നാൽ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ് എന്നിവരുടെ കാര്യത്തിൽ ഇളവുകളുണ്ടാകുമെന്നും വിലയിരുത്തലുകളുണ്ട്. ചാലക്കുടി, ഗുരുവായൂർ മണ്ഡലങ്ങളിൽ ബി.ഡി. ദേവസിയും കെ.വി. അബ്ദുൾ ഖാദറും തുടർച്ചയായി മൂന്നു തവണ മത്സരിച്ചവരാണ്. മന്ത്രിയും കുന്നംകുളം എം.എൽ.എയുമായ എ.സി. മൊയ്തീൻ വിവിധ ഘട്ടങ്ങളിലായി മൂന്നു തവണ മത്സരിച്ചിട്ടുണ്ട്. സി. രവീന്ദ്രനാഥും രണ്ട് തവണ മത്സരിച്ചു കഴിഞ്ഞു. കെ. രാധാകൃഷ്ണൻ ചേലക്കരയിൽ തുടർച്ചയായി 20 വർഷമായി എം.എൽ.എ ആയിരുന്നു.

കഴിഞ്ഞ തവണ ആദ്യമായി മത്സരിച്ച ചേലക്കരയിലെ യു.ആർ. പ്രദീപ് കുമാറും ഇരിങ്ങാലക്കുടയിൽ പ്രൊഫ. കെ.യു. അരുണനും മാത്രമാണുള്ളത്. ഇതിൽ കെ.യു. അരുണനെ മാറ്റാൻ തീരുമാനമായിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ യു.ആർ. പ്രദീപിന് വീണ്ടും അവസരം നൽകിയേക്കും. മണലൂരിൽ മുരളി പെരുനെല്ലിയും രണ്ട് തവണ മത്സരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടും.


ഇളവ് വേണ്ടിവരും?
എല്ലാ മണ്ഡലങ്ങളിലും പുതുമുഖങ്ങളെ ഇറക്കുകയെന്ന തീരുമാനത്തിൽ ഇളവ് വേണ്ടി വരുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. തുടർഭരണം ലക്ഷ്യമിടുന്നതിനാൽ പരമാവധി സീറ്റുകൾ കൈപ്പിടിയിലൊതുക്കണമെങ്കിൽ പരിചയ സമ്പന്നരും കളത്തിൽ വേണമെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നു. പുതുക്കാട് സി. രവീന്ദ്രനാഥ് മാറിയാൽ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സെക്രട്ടേറിയറ്റ് അംഗം രാമചന്ദ്രൻ എന്നിവരുടെ പേരുകളാണ് ഉയരുന്നത്.

ചാലക്കുടിയിൽ പൊതുസ്വതന്ത്രനെ പരിഗണിക്കാനും സാദ്ധ്യതയുണ്ട്. മുരളി പെരുനെല്ലി മാറിയാൽ അവിടെ പ്രദേശിക നേതാവ് ഹരിദാസൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവർ പട്ടികയിൽ ഇടം നേടിയേക്കും.

വടക്കാഞ്ചേരിയിൽ കെ. രാധാകൃഷ്ണൻ, സേവ്യർ ചിറ്റിലപ്പിള്ളി, എം.കെ. കണ്ണൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. എൽ.ഡി.എഫിനെ സംബന്ധിച്ച് നിർണായക മണ്ഡലം ആണ് വടക്കാഞ്ചേരി. സർക്കാരിന്റെ ഇമേജിന് കോട്ടം വരുത്തി ലൈഫ് മിഷൻ ക്രമക്കേട് ഉയർത്തിക്കൊണ്ടുവന്ന അനിൽ അക്കരയെ പരാജയപ്പെടുത്തി തങ്ങളുടെ ഭാഗമാണ് ശരിയെന്നു തെളിയിക്കാൻ കിട്ടിയ അവസരം ആയാണ് സി.പി.എം കാണുന്നത്. അതിനാൽ കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ കളത്തിൽ ഇറക്കിയാൽ മാത്രമേ അതിനു കഴിയൂ. ഇതു കണക്കിലെടുത്താണ് കെ. രാധാകൃഷ്ണനെ രംഗത്തിറക്കി തിരിച്ചു പിടിക്കാൻ തന്ത്രം മെനയുന്നത്.

ഗുരുവായൂരിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിന്റെ പേരിനാണ് പരിഗണന. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിചിത്രം പുറത്തുവരും.