pooram

തൃശൂർ: തൃശൂർ പൂരം നടത്തിപ്പിനെക്കുറിച്ച് തീരുമാനിക്കാൻ പൊലീസ് ആരോഗ്യവകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം വടക്കുന്നാഥ ക്ഷേത്ര മൈതാനം സന്ദർശിച്ചു.

പൂരത്തിന് ജനപങ്കാളിത്തം എങ്ങനെ വേണമെന്ന് പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനിക്കും. കൊവിഡ് കണക്കിലെടുത്ത് വൻജനക്കൂട്ടത്തെ അനുവദിക്കാൻ കഴിയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. എങ്കിലും, നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് ആലോചിക്കുന്നത്. എത്ര ആളുകളെ പങ്കെടുപ്പിക്കാമെന്നും എത്ര ആനകളെ അണിനിരത്താമെന്നും തൃശൂർ സ്വരാജ് റൗണ്ടിലും വടക്കുന്നാഥ ക്ഷേത്ര മൈതാനത്തും ക്രമീകരണങ്ങൾ എങ്ങനെ വേണമെന്നും പരിശോധിക്കാനാണ് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയും ഡി.എം.ഒ: ഡോ. കെ.ജെ. റീനയും അടങ്ങുന്ന സംഘം വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് എത്തിയത്. പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥ സംഘമെത്തി. ദേവസ്വം പ്രതിനിധികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം പരിശോധിച്ചാകും നിയന്ത്രണം ഏർപ്പെടുത്തുക. ഓരോ ആഴ്ചയും ഇക്കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായി കാര്യങ്ങൾ വിലയിരുത്തിയ ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. പൂരം പ്രദർശനത്തിന്റെ കാര്യത്തിൽ അടുത്തയാഴ്ച തീരുമാനമെടുക്കും.

കൊവിഡ് വ്യാപനം കുറഞ്ഞാൽ തൃശൂർ പൂരവും പ്രദർശനവും പഴയതുപോലെ നടത്താനാണ് നിലവിൽ തീരുമാനം.

ഏപ്രിൽ 23നാണ് പൂരം. ജില്ലയിലെ രോഗവ്യാപനം നിരീക്ഷിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേർന്ന് ജില്ലയിലെ സ്ഥിതി പരിശോധിച്ച് പൂരം നടത്തിപ്പിന് നടപടികൾ കൈക്കൊള്ളാനാണിത്.

സ്ഥിതിഗതി സർക്കാരിനെ ബോധിപ്പിച്ച് അനുമതി തേടും. തുടർന്ന് പൂരത്തിന്റെ ചടങ്ങുകളുമായി മുന്നോട്ടുപോകും.

ജനപ്രതിനിധികൾ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗം, തിരുവമ്പാടി, പാറമേക്കാവ്, വടക്കുന്നാഥൻ ദേവസ്വം പ്രതിനിധികൾ, പൊലീസ്, ആരോഗ്യവകുപ്പ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ടതാണ് കളക്ടറുടെ സമിതി.

ജനത്തിരക്ക് കുറയ്ക്കാൻ ചടങ്ങുകൾ വെർച്വൽ പ്ലാറ്റ്‌ഫോമിൽ വീക്ഷിക്കുന്നതിനായി വിവിധയിടങ്ങളിൽ സ്‌ക്രീനുകൾ സ്ഥാപിക്കാനും ചടങ്ങുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പ്ലാൻ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്.