ksurendran

#ഒരാഴ്ചക്കുള്ളിൽ സ്ഥാനാർത്ഥി നിർണയം


തൃശൂർ: മുസ്‌ലിം ലീഗ് ഏറ്റവും വലിയ വർഗീയ പാർട്ടിയാണെന്നും അവർ നയം മാറ്റി വന്നാൽ എൻ.ഡി.എയിലേക്ക് സ്വീകരിക്കാൻ തയ്യാറാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മോദിയുടെ നയങ്ങളും ഏകാത്മ മാനവദർശനവും സ്വീകരിക്കാൻ തയ്യാറായാൽ കുഞ്ഞാലിക്കുട്ടിയെയും സ്വാഗതം ചെയ്യും.
ലീഗ് വിഷയത്തിൽ പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമില്ല. മാദ്ധ്യമങ്ങൾ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. താനും ശോഭാ സുരേന്ദ്രനും പറഞ്ഞത് ഒരേ കാര്യമാണ്. വർഗീയ നിലപാട് തിരുത്തി, നരേന്ദ്ര മോദിയുടെ നയങ്ങൾ സ്വീകാര്യമെന്ന് പറഞ്ഞാൽ മുസ്‌ലിം ലീഗിനെയും ഉൾക്കൊള്ളാനുള്ള ദർശനമാണ് ബി.ജെ.പിയുടെ മുഖമുദ്രയെന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ രഹസ്യധാരണയുണ്ട്. തിരുവനന്തപുരത്തെ നേമം അടക്കമുള്ള മണ്ഡലങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കുകയാണ് ഇരുമുന്നണികളുടെയും ലക്ഷ്യം. തീവ്രവാദ ശക്തികളെ ഉപയോഗിച്ചാണ് ഇരുമുന്നണികളും രാഷ്ട്രീയം കളിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കും. സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, എ.എൻ. നാരായണൻ നമ്പൂതിരി, കെ.കെ. അനീഷ്‌കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


ലീഗിനെ ചൊല്ലി വിവാദം
തൃശൂർ: മുസ്ലിം ലീഗിനെ എൻ.ഡി.എയിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് പാർട്ടി നേതാവ് ശോഭാ സുരേന്ദ്രൻ ചേലക്കരയിലെ പൊതുയോഗത്തിൽ പറഞ്ഞതാണ് വിവാദത്തിന് തുടക്കമിട്ടത്. ലീഗ് വർഗീയ പാർട്ടിയാണെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. എന്നാൽ, താൻ പറഞ്ഞത് ബി.ജെ.പിയുടെ നിലപാടാണെന്ന് സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ വേദിയിൽ ശോഭ ആവർത്തിക്കുകയായിരുന്നു. വർഗീയ നിലപാട് തിരുത്തിക്കൊണ്ട് നരേന്ദ്ര മോദിയുടെ നയങ്ങൾ സ്വീകാര്യമെന്ന് പറഞ്ഞാൽ മുസ്‌ലിം ലീഗിനെയും ഉൾക്കൊള്ളാനുള്ള ദർശനമാണ് ബി.ജെ.പിയുടെ മുഖമുദ്രയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു. ജമ്മു കാശ്മീരിൽ മുസ്‌ലിം പാർട്ടികൾ ബി.ജെ.പി സഖ്യത്തിൽ ചേർന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ശോഭ ന്യായീകരിച്ചത്.