കൊടുങ്ങല്ലൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ച കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ സ്‌പെഷ്യാലിറ്റി ഒ.പികൾ പുനരാരംഭിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിങ്കളാഴ്ച മുതലാണ് സ്‌പെഷ്യാലിറ്റി ഒ.പികൾ പ്രവർത്തനം തുടങ്ങുന്നത്. കൊവിഡ് രോഗലക്ഷണങ്ങളുള്ള രോഗികൾ ആശുപത്രിയിലെ ഹെൽപ്പ് ഡെസ്‌കിൽ അറിയിക്കേണ്ടതും ആശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ ഒ.പിയിൽ ചികിത്സ തേടേണ്ടതുമാണ്. ടി.കെ.എസ് പുരം മെഡികെയർ ആശുപത്രിയിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി, കുട്ടികളുടെ വിഭാഗം എന്നിവ താലൂക്ക് ആശുപത്രിയിലെ അമ്മയും കുഞ്ഞും കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.