 
വടക്കാഞ്ചേരി: പതിനേഴ് ഏക്കർ തരിശു നിലത്ത് പൊന്നുവിളയിച്ച് ഗിരീഷ് നേടിയത് പുതിയൊരു കാർഷിക വിജയം. മുണ്ടത്തിക്കോട് വടക്കുമുറി പാടശേഖരത്തിൽപ്പെട്ട പാട്ട ഭൂമിയിലാണ് കളത്തിൽ വീട്ടിൽ ഗിരീഷ് (47) പ്രതിസന്ധികളെ തരണം ചെയ്ത് നെൽക്കൃഷിയിറക്കിയത്. അവേശം നിറഞ്ഞ കൊയ്ത്തുത്സവം നാടിൻ്റെ കാർഷിക നന്മയുടെ ഉണർത്തുപാട്ടായി മാറി. പൊന്തക്കാടുകൾ നിറഞ്ഞ് ആരും കൃഷിയിറക്കാൻ ധൈര്യപ്പെടാതിരുന്ന ഭൂമിയേറ്റെടുക്കുമ്പോൾ പലരും ഗിരീഷിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാളുടെ കഠിനാധ്വാനം വിജയം കാണുകയായിരുന്നു. ഉമ നെൽവിത്തുപയോഗിച്ചാണ് കൃഷിയിറക്കിയത്. കൃഷി വകുപ്പ് അധികൃതരുടെ പിന്തുണയും കർഷകന് കരുത്തായി. നൂറുമേനി വിളവും ലഭിച്ചതോടെ കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകാൻ ജനപ്രതിനിധികളും നാട്ടുകാരുമെത്തി. നഗരസഭാ ചെയർമാൻ പി.എൻ സുരേന്ദ്രൻ കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.