prakadanam
തീരദേശ ഹർത്താലിനോട് അനുബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അഴീക്കോട് നടത്തിയ പ്രകടനം

കൊടുങ്ങല്ലൂർ: ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ കൊടുങ്ങല്ലൂർ മേഖലയിൽ പൂർണം. അഴീക്കോട് മുതൽ കയ്പമംഗലം വരെയുള്ള തീരപ്രദേശത്ത് മത്സ്യ ബന്ധന മേഖല പ്രവർത്തിച്ചില്ല. ഇവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അഴീക്കോട് മിനി ഹാർബർ നിശ്ചലമായി. ഒട്ടുമിക്ക മത്സ്യ ബന്ധന യാനങ്ങളും കടലിലിറങ്ങിയില്ല. അഴീക്കോട് മുനമ്പം ഫെറി സർവ്വീസും പ്രവർത്തിച്ചില്ല. ചിലയിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടക്കുന്നതിനെ ചൊല്ലി വാക് തർക്കമുണ്ടായി. ഹർത്താലിന്റെ പശ്ചാത്തലത്തിൽ തീരമേഖലയിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. അഴീക്കോട് ജെട്ടിയിൽ നിന്ന് പേബസാറിലേക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ഇ.കെ. അലി മുഹമ്മദ്, പി.പി. ജോൺ, സി.എ. റഷീദ്, സി.ഡി. വിജയൻ പി.എ മനാഫ് എന്നിവർ നേതൃത്വം നല്ലി.