ചേർപ്പ്: വർഗീയ ശക്തികളുടെ കാവലാളുകളായി കേരളം മാറിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. വിജയയാത്രയ്ക്ക് ചേർപ്പ് മഹാത്മ മൈതാനിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരത്തെടുപ്പ് അടുത്തതിനാൽ വാഗ്ദാനങ്ങളുടെ പെരുമഴയാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും യു.ഡി.എഫ്, എൽ.ഡി.എഫ് ഭരണകാലങ്ങളിൽ വികസന മുരടിപ്പാണ് തുടരുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ആയുഷ്മാൻ പദ്ധതി പോലും സർക്കാരിന് നടപ്പിലാക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. ബി.ജെ.പി തൃശൂർ, നാട്ടിക നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനം കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രചാരണ പരസ്യങ്ങളിലല്ലാതെ കേരളത്തിൽ വികസന വ്യവസായ മേഖലകൾക്ക് വളർച്ചയില്ലെന്നും ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളിൽ വികസന മുന്നേറ്റമാണ് നടക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു.
യോഗത്തിൽ ബി.ജെ.പി നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥന ജനറൽ സെക്രട്ടറി എം.ടി. രമേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കരൻ, ജില്ലാ പ്രസിഡന്റ് അഡ്വ. അനീഷ് കുമാർ, എ. നാഗേഷ്, വി.വി. രാജൻ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, അഡ്വ. സംഗീത വിശ്വനാഥൻ, എ.ആർ. അജി ഘോഷ്, രഘുനാഥ് മേനോൻ, അഡ്വ. ഹരി എന്നിവർ പ്രസംഗിച്ചു. ഹാരാർപ്പണം, യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണ ബൈക്ക് റാലി എന്നിവയുണ്ടായിരുന്നു.