ചാലക്കുടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അരൂർമുഴിയിലെ കുഞ്ചുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ നഷ്ടപരിഹാര തുകയായ അഞ്ച് ലക്ഷം രൂപ വനംവകുപ്പ് ഉദ്യോഗസ്ഥർ കൈമാറി. ബി.ഡി. ദേവസി എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് ആദ്യഘട്ടമെന്ന നിലയിൽ അടിയന്തരമായി തുക വീട്ടിലെത്തിച്ചത്. വാഴച്ചാൽ ഡി.എഫ്.ഒ എസ്.വി. വിനോദാണ് അഞ്ച് ലക്ഷത്തിന്റെ ചെക്ക് കുഞ്ചുവിന്റെ വിധവ, സരസുവിന് നൽകിയത്. ബാക്കി തുക നിയമ നടപടികൾ പൂർത്തിയാക്കിയശേഷം നൽകും. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവുടെ ആശ്രിതർക്ക് നേരത്തെ നൽകിവന്നത് മൂന്ന് ലക്ഷം രൂപയായിരുന്നു. ഈ സർക്കാരാണ് ഇതു പത്തുലക്ഷമാക്കി ഉയർത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, കെ.എ. സുരേഷ്, അജയ് ജനാർദ്ദനൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.