ചേർപ്പ്: ആറാട്ടുപുഴ പൂരങ്ങൾക്ക് വിളംബരം കുറിച്ച് ചേർപ്പ് ഭഗവതി ക്ഷേത്രത്തിൽ കൊടിമരം നാട്ടി. ഭക്തരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ പ്രദേശത്തെ മുതിർന്ന കാരണവരായ നാരായണൻ കുട്ടിമേനോൻ വടിയെറിഞ്ഞ് ദിശ നിർണ്ണയിച്ചു. ആഞ്ചേരി തുളസിയമ്മയുടെ വീട്ടിൽ നിന്ന് മുറിച്ചെടുത്ത കവുങ്ങ് ആർപ്പുവിളിയുടെ ആരവത്താൽ ഭക്തർ ചേർപ്പ് ഭഗവതി ക്ഷേത്രത്തിലേക്ക് എത്തിച്ചു. കവുങ്ങിന്റെ വശങ്ങൾ ചെത്തി വൃത്തിയാക്കി വൃക്ഷ ലതാദികൾകൊണ്ട് അലങ്കരിച്ച ശേഷം കൊടിമരമായി ചേർപ്പിലമ്മയുടെ ശ്രീകോവിലിന് മുൻവശത്തായി ഉയർത്തി സ്ഥാപിച്ചു. ശേഷം ഇന്നേയ്ക്ക് 28ാം പക്കം ആറാട്ടുപുഴ പൂരമെന്ന് വിളിച്ചോതി പൂരവിളംബരം കുറിച്ചു. ചടങ്ങിന് ചേർപ്പ് ഭഗവതി ക്ഷേത്ര ഭാരവാഹികളും പൂരം കമ്മിറ്റി അംഗങ്ങളും വിവിധ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.