kuthiran-
കഴിഞ്ഞദിവസം കുതിരാനി ൽ ഉണ്ടായ അപകടത്തിൽ പെട്ടവരെ രക്ഷിക്കാനുള്ള നാട്ടുകാരുടെയും പൊലീസിന്റെയും ശ്രമം

തൃശൂർ: കുതിരാനിൽ ഒരു തുരങ്കമെങ്കിലും ഈ മാസം 31ന് മുൻപ് തുറക്കുമെന്നാണ് കരാർകമ്പനി നൽകുന്ന ഉറപ്പെങ്കിലും, അത് സാദ്ധ്യമാകണമെങ്കിൽ രണ്ട് തുരങ്കമുഖങ്ങളിലും തള്ളിനിൽക്കുന്ന പാറക്കെട്ടുകൾ മുഴുവനായും പൊട്ടിച്ചു നീക്കണം. പാറക്കെട്ടുകൾ പൂർണമായും നീക്കാതെ കുതിരാൻ തുരങ്കം തുറന്നാലും ഗതാഗതം തുടങ്ങാനുമാകില്ല.

31 ന് തുറക്കാനാകുമെന്ന് കരാർ കമ്പനി ഹൈക്കോടതിയിൽ നൽകിയ ഉറപ്പാണ്. എന്നാൽ, നിരവധി ഉറപ്പുകൾ ലംഘിച്ചതുകൊണ്ടുതന്നെ കമ്പനിയുടെ വിശ്വാസ്യതയും കുറഞ്ഞു. അതേസമയം, രണ്ടാമത്തെ തുരങ്കത്തിനുള്ളിലെ ജോലികൾ പുനരാരംഭിച്ചിട്ടുണ്ട്. ഉൾഭാഗത്തെ കെട്ടിക്കിടന്നിരുന്ന മണ്ണ് പൂർണമായും നീക്കം ചെയ്തു മുകൾ ഭാഗത്തു കോൺക്രീറ്റിംഗ് നടത്തുന്നതിന് വേണ്ടിയുള്ള ഷീറ്റുകൾ ഉറപ്പിച്ചു. നാല് വർഷം മുൻപാണ് രണ്ടാം തുരങ്കത്തിന്റെ ഉൾഭാഗത്തു കല്ലു പൊട്ടിച്ചു നീക്കി രണ്ട് അറ്റങ്ങളും കൂട്ടിമുട്ടിച്ചത്. തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്കു പോകുന്നതിനുള്ളതാണു രണ്ടാമത്തെ തുരങ്കം. എന്നാൽ രണ്ടര വർഷമായി യാതൊരു ജോലികളും ഈ തുരങ്കത്തിനുള്ളിൽ നടത്താനായില്ല. ആദ്യ തുരങ്കം തുറന്നു കൊടുത്ത്, ദേശീയപാതയുടെ ഒരു ഭാഗം പൂർണമായും പൊളിക്കണം. അതിനുശേഷം മാത്രമേ രണ്ടാം തുരങ്കത്തിലേക്കുള്ള അപ്രോച്ച് റോഡുകൾ തീർക്കാനാവൂ.

തുരങ്കങ്ങളുടെ ഉൾഭാഗം 570 മീറ്റർ ദൂരത്തിൽ മുകൾഭാഗം കോൺക്രീറ്റ് ചെയ്യാനുണ്ട്. കുഴൽ കിണർ, കൺട്രോൾ സ്‌റ്റേഷൻ നിർമാണവും പൂർത്തിയാക്കണം. നടപ്പാത നിർമ്മാണവും ട്രാഫിക് ലൈൻ ജോലികളും തീർക്കണം.

ശേഷിക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ


പൊടി പുറത്ത് തളളുന്നതിന് വെന്റിലേഷൻ സൗകര്യം
രണ്ട് ഇടനാഴി തുരങ്കങ്ങളുടെ പൂർത്തീകരണം
നടപ്പാതയിൽ ടൈൽ വിരിച്ച് സൗകര്യമൊരുക്കണം

ടണലിന്റെ നടത്തിപ്പിന് കെ.എസ്.ഇ.ബിയുടെ വൈദ്യുതി കണക്‌ഷൻ.
രണ്ടു ഭാഗത്തെയും അപ്രോച്ച് റോഡുകളുടെ പൂർത്തീകരണം.

അഴുക്കുചാലിന്റെ ശേഷിക്കുന്ന നിർമ്മാണം


തുരങ്കം ഉൾപ്പെടെ ദേശീയപാത നിർമാണം പൂർത്തിയാക്കുമെന്ന് കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും ഇതേവരെ ആറ് തവണ ഉറപ്പുകൾ ലംഘിച്ചുകഴിഞ്ഞു. ചീഫ് വിപ് കെ. രാജൻ, ഷാജി ജെ. കോടങ്കണ്ടത്ത് എന്നിവരുടെ ഹർജി പരിഗണിക്കവേയാണ് ഒരു തുരങ്കമെങ്കിലും തുറക്കാനാകുമോ എന്ന കാര്യം കോടതി ആരാഞ്ഞതും കമ്പനി ഉറപ്പ് നൽകിയതും.

2018 ആഗസ്റ്റിലെ പ്രളയത്തിൽ കിഴക്കെ തുരങ്കമുഖത്തിനു മുകളിൽ നിന്നു മണ്ണിടിഞ്ഞുവീണതോടെയാണ് കുതിരാനിലെ ദുരിതക്കാഴ്ചകൾ തുടങ്ങിയത്. രണ്ട് വർഷത്തോളം മുടങ്ങിയ പണികൾ, വനഭൂമി ലഭ്യമാകുന്നതിലെ തടസം നീങ്ങിയതോടെയാണ് വീണ്ടും തുടങ്ങിയത്.


രണ്ട് മാസത്തിനിടെ ഈ മേഖലയിൽ ആറ് അപകടങ്ങളും മൂന്ന് മരണവുമാണ് സംഭവിച്ചത്. കുതിരാനിൽ വെള്ളിയാഴ്ച രാത്രി ചരക്കു ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു. പരിക്കേറ്റയാളുടെ നില ഗുരുതരമായി തുടരുകയാണ്.

പടിഞ്ഞാറെ തുരങ്കമുഖത്ത് ചരക്കുലോറി റോഡിൽ നിന്നും 40 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. രണ്ട് മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.