 
കേരളം ആര് നേടുമെന്ന മത്സരത്തിൽ തൃശൂരിന്റെ ജനവിധി പ്രധാനമാണ്. ജില്ലയിലെ 13ൽ 12 മണ്ഡലങ്ങളും കഴിഞ്ഞ തവണ ഇടതിനൊപ്പം നിന്നപ്പോൾ വടക്കാഞ്ചേരി മാത്രമാണ് കോൺഗ്രസിനൊപ്പം നിന്നത്. സംസ്ഥാന ഭരണം നേടുന്നതിലും തൃശൂരിലെ ജയം ഇടതുപക്ഷത്തിന് നിർണായകമായി. വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉയരുമ്പോൾ ലീഡറുടെ പഴയ ഉരുക്കുകോട്ടയായ തൃശൂരിനെ തിരിച്ചുപിടിക്കുക തന്നെയാണ് കോൺഗ്രസിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് മനസ് തുറക്കുന്നു...
തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം സമയങ്ങളിലും എൽ.ഡി.എഫിന് തന്നെയാണ് മേൽക്കൈ ഉണ്ടാകാറുള്ളത്. എന്നാൽ രാഷ്ട്രീയപരമായ വിധിയെഴുത്തായി മാത്രമേ നിയമസഭ - ലോക്‌സഭ തിരഞ്ഞെടുപ്പുകളെ കാണാൻ കഴിയൂ.
- എം.പി. വിൻസെന്റ്, ഡി.സി.സി പ്രസിഡന്റ്
ആത്മവിശ്വാസം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 13ൽ 12 സീറ്റും ലഭിച്ചെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റുകളിലും മുന്നിലെത്തിയത് യു.ഡി.എഫാണ്. എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ മുൻതൂക്കം യു.ഡി.എഫിനായിരുന്നു. ഇത് വളരെ ആത്മവിശ്വാസം നൽകുന്നുണ്ട്.
ഭരണവിരുദ്ധ വികാരം
കെട്ടുറപ്പോടെയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. എൽ.ഡി.എഫ് സ്വയം അവകാശപ്പെടുന്ന മേധാവിത്വം ഇതിനകം നഷ്ടമായിക്കഴിഞ്ഞു. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. യു.ഡി.എഫിന് ഇതെല്ലാം അനുകൂല ഘടകങ്ങളാണ്.
അടിത്തട്ടിലുള്ള പ്രവർത്തനം
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കാലേക്കൂട്ടിയുള്ള ബൂത്ത്തല പ്രവർത്തനം ഇക്കുറി കോൺഗ്രസ് നടത്തിയിട്ടുണ്ട്. ജനുവരി 26ന് ബൂത്ത് പുനഃസംഘടനകൾ പൂർത്തിയാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് പരിപൂർണമായും കോൺഗ്രസും യു.ഡി.എഫും സജ്ജമാണ്.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തുറന്നു കാട്ടി ജില്ലയിലെ എല്ലാവിടുകളിലും കോൺഗ്രസ് പ്രവർത്തകർ ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ട്. ജില്ലയിൽ നിന്ന് മൂന്നു മന്ത്രിമാരും ഒരു ചീഫ് വിപ്പും ഉണ്ടായിട്ടും എന്ത് വികസനമാണ് കൊണ്ട് വന്നതെന്ന് മറുപടി പറയേണ്ട സമയമാണിത്.
പരിഹാരമില്ലാതെ കുതിരാൻ
കുതിരാനിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ നാളിതുവരെ മന്ത്രിമാർക്കോ മറ്റ് എം.എൽ.എമാർക്ക് സാധിച്ചില്ല. കഴിഞ്ഞ തവണ തീരമേഖലകൾ ഉൾപ്പെടുന്ന നിയോജക മണ്ഡലങ്ങളിൽ യു.ഡി.എഫിന് വലിയ നേട്ടം കൈവകരിക്കാനായിരുന്നില്ല. തങ്ങളുടെ അവകാശങ്ങളെ വിറ്റ് കാശാക്കുന്ന എൽ.ഡി.എഫിനെതിരെ ഇക്കുറി ശക്തമായ വിധിയെഴുത്ത് ഉണ്ടാകും.
ത്രികോണ മത്സര സാദ്ധ്യത?
ബി.ജെ.പിക്ക് ജില്ലയിൽ നിന്ന് എം.എൽ.എമാരെ വിജയിപ്പിച്ചെടുക്കാൻ ഒരിക്കലും സാധിക്കില്ല. ത്രികോണ മത്സരമുണ്ടായാൽ ആർക്കാണ് നഷ്ടമുണ്ടാകുകയെന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രകടമായിരുന്നു. തൃശൂർ മണ്ഡലത്തിൽ അന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എൽ.ഡി.എഫാണ്. രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ബി.ജെ.പിയേക്കാൾ യു.ഡി.എഫിന് വൻമുന്നേറ്റം സാദ്ധ്യമായി. നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കും. ബി.ജെ.പി നടത്തുന്ന പണക്കൊഴുപ്പിന്‌റെ രാഷ്ട്രീയം വോട്ടായി മാറില്ല.
സ്ഥാനാർത്ഥി നിർണയം
സ്ഥാനാർത്ഥി നിർണയത്തിൽ ഇക്കുറി ഒരു കല്ലുകടിയും ഉണ്ടാകില്ല. ഗ്രൂപ്പുകൾക്ക് അതീതമായി വിജയസാദ്ധ്യതയുള്ളവരെയാകും കോൺഗ്രസ് രംഗത്തിറക്കുക. നേരത്തെ ഒരു പ്രാഥമിക പട്ടിക ഡി.സി.സി കൈമാറിയിരുന്നു. എന്നാൽ അടുത്തിടെ വന്ന സർവേകളുടെയും മറ്റും അടിസ്ഥാനത്തിൽ കൂടുതൽ ശക്തമായ മത്സരം കാഴച വയ്ക്കാൻ സാധിക്കുന്ന പട്ടിക കഴിഞ്ഞ ദിവസം കെ.പി.സി.സിക്ക് ഡി.സി.സി കൈമാറിയിട്ടുണ്ട്.
പ്രചാരണ വിഷയം
അസ്ഥിരത, വികസന മുരടിപ്പ്, അഴിമതി, ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് എല്ലാം ഇത്തവണ പ്രചാരണ വിഷയമാണ്. ജനങ്ങളെ സംബന്ധിച്ച് ഇതെല്ലാം വർഷങ്ങളായി നോക്കിക്കാണുന്ന വസ്തുതയാണ്. കൂടാതെ കേന്ദ്രസർക്കാർ ദിവസേനയേന്നോണം വർദ്ധിപ്പിക്കുന്ന ഇന്ധനവില, പാചക വാതക വില എന്നിവയെല്ലാം ജനങ്ങളുടെ ജീവിത നിലവാരത്തെ തകർക്കുന്നു. ഇന്ധന വില കൂടുമ്പോൾ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‌റെ കാലത്ത് തങ്ങൾക്ക് സാധിക്കുന്ന തരത്തിൽ നികുതിയിൽ കുറവ് വരുത്തിയിരുന്നു. എന്നാൽ എൽ.ഡി.എഫ് സർക്കാർ ആ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്.