വടക്കാഞ്ചേരി: മദ്ധ്യകേരളത്തിലെ പേരുകേട്ട ഉത്സവങ്ങളിലൊന്നായ ഉത്രാളിക്കാവ് പൂരം നാളെ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ആർഭാടം ഒഴിവാക്കി ആചാരപ്രകാരം ചടങ്ങുകളോടെയാണ് പൂരാഘോഷം നടക്കുന്നത്. പതിവുപോലെ എങ്കക്കാട് ദേശം രാവിലെ 11.30 മുതൽ 2.15 വരെ മൂന്ന് ഗജവീരന്മാരെ അണിനിരത്തി ഉത്രാളിക്കാവിൽ എഴുന്നെള്ളിക്കും, പഞ്ചവാദ്യവും തീർക്കും.
തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റും. ഊക്കൻസ് കുഞ്ചു, മച്ചാട് ധർമ്മൻ എന്നീ ആനകൾ ഒപ്പം അണിനിരക്കും. കുമരനെല്ലൂർ വിഭാഗം 2.30 മുതൽ അഞ്ച് വരെ മൂന്നാനകളെ അണിനിരത്തി ക്ഷേത്ര നടപ്പുരയിൽ പഞ്ചവാദ്യം തീർക്കും. പുതുപ്പള്ളി കേശവൻ കുമരനെല്ലൂരിനു വേണ്ടി ഭഗവതിയുടെ തിടമ്പേറ്റും. പാറന്നൂർ നന്ദനൻ, മച്ചാട് ഗോപാലൻ എന്നീ ആനകൾ ഒപ്പം അണിനിരക്കും.
വടക്കാഞ്ചേരി വിഭാഗം ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് നാല് വരെ മൂന്നാനകളെ അണിനിരത്തി വടക്കാഞ്ചേരി ശിവക്ഷേത്രത്തിൽ നടപ്പുര പഞ്ചവാദ്യം തീർക്കും, മംഗലാംകുന്ന് അയ്യപ്പൻ വടക്കാഞ്ചേരി ദേശത്തിനു വേണ്ടി ഭഗവതിയുടെ തിടമ്പേറ്റും. ശിവക്ഷേത്രത്തിലെ എഴുന്നെള്ളിപ്പ് പൂർത്തിയാക്കിയ ശേഷം വടക്കാഞ്ചേരി വിഭാഗം തോക്കുധാരികളായ പൊലീസുകാരുടെ അകമ്പടിയോടെ രാജകീയ പ്രൗഢിയിൽ സംസ്ഥാന പാതയിലൂടെ ഉത്രാളിക്കാവിലെത്തും.
തുടർന്ന് 6 മുതൽ 7.30 വരെ മേളം, ഭഗവതി പൂരം, മൂന്നു ദേശക്കാരും ചേർന്ന് ഭഗവതി പൂരം, കൂട്ടി എഴുന്നെള്ളിപ്പ് എന്നിവ നടക്കും. പൂർണമായും കൊവിഡ് പ്രോട്ടോകാൾ പാലിച്ചുകൊണ്ട് പൂരം നടത്താനുള്ള നിർദേശം പൂരത്തിന്റെ പങ്കാളികളായ എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി എന്നീ ദേശക്കാർക്ക് നൽകിക്കഴിഞ്ഞതായി പൂരം ചീഫ് കോ- ഓർഡിനേറ്റർ എ.കെ. സതീഷ് കുമാർ അറിയിച്ചു.