 
അരിമ്പൂർ ചാലാടിപഴം കോൾ പാടശേഖരത്തിൽ വിളവെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും മില്ലുടമകൾ കയറ്റി പോകാത്ത നെല്ലട്ടിക്ക് മുമ്പിൽ പ്രതിഷേധവുമായി കേരള കർഷക സംഘം പ്രവർത്തകർ.
അരിമ്പൂർ: കൊയ്ത്ത് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും നെല്ലെടുക്കാത്ത സ്വകാര്യ മില്ലുടമയ്‌ക്കെതിരെ കേരള കർഷക സംഘം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിമ്പൂർ ചാലാടിപഴം കോൾ പാടശേഖരത്തിലേക്ക് സമരം നടത്തി. സംഘം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയും ജനപ്രതിനിധിയുമായ കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എ. സത്യൻ അദ്ധ്യക്ഷനായി. ടി.വി. വിദ്യാധരൻ, വേണുഗോപാൽ .കെ, ബാലചന്ദ്രൻ കെ.ആർ, അശോകൻ കെ.വി എന്നിവർ സംസാരിച്ചു.
ഫെബ്രുവരി 22ന് വിളവെടുത്ത് ചാക്കിലാക്കി വച്ച 2,000 ചാക്ക് നെല്ലാണ് കഴിഞ്ഞ ഒരാഴ്ചയായി പാടത്ത് കിടക്കുന്നത്. നെല്ലിൽ ഈർപ്പം കൂടതലാണെന്ന മുടന്തൻ ന്യായമാണ് കമ്പനിക്കാർ പറയുന്നത്. വിളവെടുക്കുന്ന അവസരങ്ങളിലെല്ലാം ഇത്തരം കാര്യങ്ങൾ പറഞ്ഞ് കർഷകരെ ബുദ്ധിമുട്ടിക്കുക പതിവാണ്. ചാക്കിലാക്കിയ നെല്ലിന് തൂക്കം കുറഞ്ഞതായും ഇത് വലിയ നഷ്ടം വരുത്തുമെന്നും കർഷകർ പറയുന്നു.