തൃശൂർ: അനധികൃത വാഹന പാർക്കിംഗും റോഡ് കൈയേറ്റവും അമല നഗറിൽ അപകടക്കെണി ഒരുക്കുന്നു. ആശുപത്രി ജംഗ്ഷനായ അമല നഗറിൽ റോഡരികിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. ഇതുമൂലം കാൽനട യാത്രികർക്ക് സഞ്ചരിക്കാൻ കഴിയാത്തതാണ് പ്രയാസം സൃഷ്ടിക്കുന്നത്. വാഹനങ്ങളും കാൽനട യാത്രികരും അപകടത്തിൽപെടാനും ഇത് വഴിവയ്ക്കുന്നു.
വരടിയം ഭാഗത്തേക്ക് പോകുന്ന റോഡിലും അമല സെന്ററിലെ അടിപ്പാതയ്ക്ക് ഇരുവശങ്ങളിലുമാണ് വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത്. ഇതുമൂലം പ്രധാന റോഡിലൂടെ അമിത വേഗത്തിൽ കടന്നുപോകുന്ന വാഹനങ്ങൾക്ക് റോഡിന് വീതിക്കുറവ് അനുഭവപ്പെടുന്നുണ്ട്.
ആളുകൾക്ക് നടന്നുപോകാനുള്ള വഴിയിൽ അടിപ്പാതയ്ക്ക് സമീപത്തായി പ്രവർത്തിക്കുന്ന വഴിയോര കച്ചവട സ്ഥാപനങ്ങളും ദുരിതം സൃഷ്ടിക്കുന്നു. വാഹന പാർക്കിംഗും നടപ്പാത കൈയേറിയതും മൂലം മെയിൻ റോഡിലൂടെ നടന്നുപോകേണ്ട അവസ്ഥയാണ്. രാത്രി കാലങ്ങളിൽ ഇവിടെ പ്രവർത്തിക്കുന്ന തട്ടുകട മൂലവും വാഹന പാർക്കിംഗ് ഏറെയാണ്. അടിപ്പാതയ്ക്ക് മറുഭാഗത്തും റോഡും നടപ്പാതയും കൈയേറി സ്വകാര്യ വ്യക്തികൾ പെട്ടിക്കടകൾ നടത്തുന്നത് അപായ ഭീഷണിയുയർത്തുന്നു.
ഇത്തരം കടകളിലേക്ക് എത്തുന്നവർ റോഡരികിൽ വാഹനം നിറുത്തുന്നത് മൂലം കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ ബസുകൾ നിറുത്തിയിടാനും പലപ്പോഴും പ്രയാസം നേരിടാറുണ്ട്. ഇത് പലപ്പോഴും ബസ് ജീവനക്കാരും സ്വകാര്യ വാഹനങ്ങളും തമ്മിലുള്ള വാക്ക് തർക്കത്തിനും കാരണമാകാറുണ്ട്. വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നവർക്കെതിരെയും നടപ്പാത കൈയേറുന്നവർക്കെതിരെയും പൊലീസ് കൃത്യമായ നടപടി സ്വീകരിക്കാനും തയ്യാറാകുന്നില്ല.