കണ്ണൂർ: ലൈഫ് പദ്ധതിയിൽ വീട് വെക്കാൻ ഭൂമി വാങ്ങുന്നതിലും, പട്ടികജാതി, പട്ടിക വർഗ്ഗക്കാർക്ക് കൃഷി ഭൂമി വാങ്ങുന്നതിലും നടക്കുന്നത് വൻ തട്ടിപ്പ്. കൃഷിഭൂമി വാങ്ങാൻ പട്ടികജാതി, വർഗങ്ങളിൽ പെട്ടവർക്ക് സർക്കാരിൽ നിന്നും പത്ത് ലക്ഷം രൂപയാണ് ലഭിക്കുന്നത്. പകുതി വിലയ്ക്ക് ഉൾനാടൻ പ്രദേശങ്ങളിൽ ഭൂമി സമ്പാദിച്ച് അവശേഷിക്കുന്ന ആനുകൂല്യം പണമായി കൈക്കലാക്കുന്ന തട്ടിപ്പ് രീതി വ്യാപകമാണെന്നാണ് പരാതി.

അർഹരായ ദാരിദ്ര കുടുംബങ്ങളെ സമീപിച്ച് ഇടനിലക്കാരാണ് ആനുകൂല്യം ദുരുപയോഗിക്കുന്നത്. കൃഷി ചെയ്യാൻ ഏറ്റവും കുറഞ്ഞത് 25 സെന്റ് സ്ഥലം വാങ്ങണമെന്നാണ് വ്യവസ്ഥ. പത്ത് ലക്ഷം രൂപയിൽ എത്രത്തോളം സ്ഥലം കിട്ടുമെങ്കിൽ അത്രയും വാങ്ങാമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ അധികൃതർ അറിഞ്ഞും അറിയാതേയും കൃഷിയോഗ്യമല്ലാത്ത ഭൂമി നിസ്സാര വിലയ്ക്ക് വാങ്ങി നല്കി പണം ഇടനിലക്കാർ തട്ടുകയാണ്.

സമാനമായ രീതിയിൽ തന്നെയാണ് ലൈഫ് പദ്ധതിയിലും അരങ്ങേറുന്നത്. പദ്ധതിയിൽ ഫ്ളാറ്റ്, അല്ലെങ്കിൽ വീട് വെക്കാൻ ഭൂമിയും പണവുമാണ് നൽകുന്നത്. മൂന്ന് സെന്റ് ഭൂമിക്ക് ഒന്നര ലക്ഷം രൂപയാണ് ലഭിക്കുക. കൂടാതെ വീട് വെക്കാൻ നാല് ലക്ഷം രൂപ വേറെയും അനുവദിക്കും. ആരും സഹായിക്കാനില്ലാത്ത പാവങ്ങളാണ് തട്ടിപ്പിന് കൂടുതലായും ഇരയാകുന്നത്. കുടിവെള്ളം പോലും ലഭ്യമാകാത്ത മൊട്ട കുന്നുകളും തരിശ് നിലങ്ങളുമാണ് ഇടനിലക്കാർ ഇവർക്ക് വാങ്ങികൊടുക്കുന്നത്.

ഉപഭോക്താക്കൾ സ്വന്തം നിലയിലാണ് ഭൂമി കണ്ടെത്തേണ്ടതെങ്കിലും, സഹായിക്കാൻ ആരുമില്ലാത്തവർ ഇടനിലക്കാരെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. സെന്റിന് 15,000 രൂപപോലും വിലയില്ലാത്ത ഭൂമിയാണ് രേഖയിൽ 50,000 കാണിച്ച് തട്ടിപ്പ് അരങ്ങേറുന്നത്. ചില പഞ്ചായത്തുകളിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തട്ടിപ്പ് അരങ്ങേറുന്നതെന്നും പരാതിയുണ്ട്.