vithura

വിതുര: പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ വിതുര കലുങ്ക് ജംഗ്ഷനെ വീർപ്പുമുട്ടിച്ച് ഗതാഗതക്കുരുക്ക്. പ്രശ്ന പരിഹാരത്തിനായി പ്രഖ്യാപനങ്ങൾക്കൊപ്പം സർവേ നടപടികൾ പലകുറി നടത്തിയെങ്കിലും നടപടികൾ ഫലയിലുറങ്ങിയതാണ് തിരിച്ചടിയായതെന്നാണ് നാട്ടുകാർ പറയുന്നത്. നെടുമങ്ങാ‌ട്-വിതുര റോഡിൽ ഏറെ തിരക്കുള്ള ജംഗ്ഷനാണ് വിതുര കലുങ്ക്. അനധികൃത വാഹന പാർക്കിംഗും റോഡിന്റെ വീതിയില്ലായ്മയുമാണ് പ്രശ്നത്തിനുള്ള പ്രധാന കാരണം. പത്തോളം ധനകാര്യസ്ഥാപനങ്ങളും നൂറിൽപരം വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ജംഗ്ഷൻ പഞ്ചായത്തിന്റെ ഹൃദയഭാഗമാണ്.

പാലോട്, നെടുമങ്ങാട്, പൊന്മുടി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നു പ്രധാന റോഡുകളാണ് ജംഗ്ഷനിൽ സംഗമിക്കുന്നത്. ദിവസവും ആയിരത്തിലധികം വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. എന്നാൽ ഇവയുടെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള യാതൊരു സംവിധാനവും അധികൃതർ നടപ്പാക്കിയിട്ടില്ല. ബാങ്കുകളുടെയും എ.ടി.എം കൗണ്ടറുകളുടെയും മുന്നിൽ ഇരുചക്രവാഹനങ്ങൾ പാർക്കു ചെയ്യുന്നതോടെ കാൽനടയാത്രക്കാർ ഉൾപ്പടെ ദുരിതത്തിലാകും. താലൂക്കാശുപത്രി, പഞ്ചായത്തോഫീസ്, സബ് ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ് എന്നിവ ജംഗ്ഷൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇവിടെ എത്തുന്നവർക്ക് സുഗമമായി സഞ്ചരിക്കാൻ നടപ്പാത ഒരുക്കാത്തതും മറ്റൊരു പ്രശ്നമാണ്.

നിവേദനങ്ങൾക്ക് മറുപടിയില്ല

മേഖലയിൽ റോഡു നവീകരണം നടത്തണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

എം.എൽ.എ ഫണ്ടുപയോഗിച്ചു രണ്ടു കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിച്ചത് മാത്രമാണ് ഇവിടെയുണ്ടായ വികസനം.

ഇതിൽ പൊന്മുടി റോഡിലെ കാത്തിരിപ്പു കേന്ദ്രത്തിന് സമീപമുണ്ടാകുന്ന ഗതാഗതക്കുരുക്കും മറ്രൊരു തലവേദനയാണ്. മോഡേൺ ജംഗ്ഷനായി ഉയർത്തുമെന്നുള്ള അധികൃതരുടെ പ്രഖ്യാപനവും കടലാസിലുറങ്ങുകയാണ്.

വാഹനങ്ങൾ നിരവധി

വിനോദസഞ്ചാര മേഖലയായ പൊന്മുടിയിലേക്കുള്ള ഏക റോഡ് കടന്നു പോകുന്നത് വിതുരയിലൂടെയാണ്. കൂടാതെ കല്ലാർ, മീൻമുട്ടി, ബോണക്കാട്, പേപ്പാറ, ചാത്തൻകോട്, വാഴ്വാൻതോൾ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും പോകുന്നതിനും ജംഗ്ഷൻ കടക്കണം. ഉന്നത പഠന കേന്ദ്രമായ ഐസറിലേക്കുള്ള വലുതും ചെറുതുമായ വാഹനങ്ങൾക്കും ഈ റോഡാണ് ആശ്രയം

ആദിവാസി തോട്ടം മേഖലകളിലേക്കുള്ള ബസുകളും ജംഗ്ഷൻ സ്പർശിച്ചാണ് പോകുന്നത്.

"വിതുര കലുങ്ക് ജംഗ്ഷൻ വികസിപ്പിച്ച് യാത്രാതടസത്തിനും അപകടങ്ങൾക്കും തടയിടണം. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും."

ഫെഡറേഷൻസ് ഒഫ് റസിഡന്റസ് അസോ.