
ഇ.പി.എഫ് പെൻഷൻ പദ്ധതിയിൽ 1995 മുതൽ 2004 വരെയുള്ള പെൻഷൻകാർക്ക്, രാജ്യത്ത് സംസ്ഥാന സർക്കാരുകൾ വാർദ്ധക്യകാലത്ത് നൽകിവരുന്ന പെൻഷൻ തുകയ്ക്കു എത്രയോ താഴെയാണ് അവശരും അശരണരുമായ വൃദ്ധരായ ഇ.പി.എഫ് പെൻഷൻകാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
1970 മുതൽ പണിശാലകളിൽ രാഷ്ട്രപുരോഗതിക്കായും സാമ്പത്തിക നേട്ടങ്ങൾക്കുമായി രാപകൽ കഠിനാദ്ധ്വാനം ചെയ്ത തൊഴിലാളികളുടെ 1970 മുതലുള്ള സർവീസുകൾ വെട്ടിക്കുറച്ച് 1995 മുതൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത് നിമിത്തം 10 വർഷത്തെ സർവീസ് ഇല്ലാത്തതുകൊണ്ട് ഭിക്ഷപാത്രത്തിലെ ഓട്ടകാലണയാണ് ഇന്നു പെൻഷനായി നൽകുന്നത്.
70നും 80നും അപ്പുറം പ്രായമുള്ള പെൻഷൻകാർ ശിഷ്ടകാലം വാർദ്ധക്യം കൊണ്ടും രോഗാതുരത്വം കൊണ്ടും, കുടുംബങ്ങളിലെ സാമ്പത്തികമുട്ടുകൾ കൊണ്ടും എല്ലാ അർത്ഥത്തിലും ജീവിതം വഴിമുട്ടിനിൽക്കുന്ന ആലംബഹീനരായ പെൻഷൻകാരെ ഇന്നത്തെ ജീവിതസാഹചര്യത്തിൽ കേന്ദ്ര സർക്കാർ അവഗണിക്കുന്നത് നിന്ദ്യവും നീചവുമായ നടപടി തന്നെയാണ്.
3 വർഷത്തിലേറെയായി കേന്ദ്ര തൊഴിൽ മന്ത്രാലയം മിനിമം പെൻഷൻ 3000, 5000, 7000 രൂപയാക്കുമെന്ന് പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. അതെല്ലാം ജലരേഖയായി മാറിക്കൊണ്ടിരിക്കുകയാണ്.
വെള്ളാനകളായ ഉദ്യോഗസ്ഥർ സർവീസിൽ നിന്നും പിരിയുമ്പോൾ വാങ്ങുന്ന വേതനത്തിന്റെ മുക്കാൽ ഭാഗം പെൻഷനായി ലഭിക്കും. അക്കൂട്ടർക്ക് പാവപ്പെട്ട പെൻഷൻകാരുടെ വിശപ്പിന്റെ നിലവിളി കേൾക്കാൻ താത്പര്യമില്ല.
കേന്ദ്ര സർക്കാർ അടിയന്തരമായി ഇന്നത്തെ ജീവിതസാഹചര്യം കണക്കിലെടുത്ത് വാർദ്ധക്യം കൊണ്ടും രോഗങ്ങൾ കൊണ്ടും ജീവിതം മല്ലിടുന്ന പെൻഷൻകാർക്ക് മിനിമം പെൻഷൻ നടപ്പാക്കാൻ തയ്യാറാകുമെന്നാണ് പാവങ്ങളുടെ പ്രതീക്ഷ.
പട്ടം എൻ. ശശിധരൻ
തിരുവനന്തപുരം
ആരാവും കോൺഗ്രസ്
മുഖ്യമന്ത്രി സ്ഥാനാർത്ഥി?
അടുത്ത് നടക്കാൻ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്തള്ളി ഉമ്മൻചാണ്ടി കോൺഗ്രസിനെ നയിക്കുമെന്ന് ഹൈക്കമാൻഡ്. അപ്പോഴതാ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വാർത്തകൾ. ഈ മൂന്നു നേതാക്കളും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും അതോടൊപ്പം യുഡിഎഫിന് ഭൂരിപക്ഷം കിട്ടുകയും ചെയ്യുകയാണെങ്കിൽ ഇവരിലാരാവും മുഖ്യമന്ത്രിയാവുക എന്നത് കോൺഗ്രസിന് ഒരു കീറാമുട്ടി തന്നെയാവും എന്നതിൽ ഒരു സംശയവുമില്ല. അടുത്ത തിരഞ്ഞെടുപ്പിൽ ശരിക്കുള്ള ത്രികോണമത്സരം നടക്കുക മുന്നണികൾ തമ്മിലാവില്ല, മറിച്ച് കോൺഗ്രസിലെ ഈ നേതാക്കൾ തമ്മിലാവും എന്ന് ഇപ്പോഴേ ഉറപ്പിക്കാം.
എ.കെ.അനിൽകുമാർ,
നെയ്യാറ്റിൻകര