
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലൂടെ അട്ടിമറി വിജയം നേടിയ മണ്ഡലം നിലനിറുത്താൻ എൽ.ഡി.എഫും , തിരിച്ചുപിടിക്കാൻ യു.ഡി.എഫും, കൈക്കലാക്കാൻ ബി.ജെ.പിയും കരുക്കൾ നീക്കുമ്പോൾ, തലസ്ഥാന നഗരത്തിന്റെ ഭാഗമായ വട്ടിയൂർക്കാവ് വേദിയാകാൻ പോവുന്നത് തീപ്പൊരി ചിതറുന്ന ത്രികോണ മത്സരത്തിന്..
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വടകരയിലേക്ക് വണ്ടി കയറിയ കെ.മുരളീധരൻ രണ്ടു തവണയായി കൈവശം വച്ചിരുന്ന മണ്ഡലം, ആകസ്മികമായി എത്തിയ യുവ മേയർ ബ്രോ വി.കെ.പ്രശാന്തിലൂടെയാണ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിടിച്ചെടുത്തത്. 2009ലെ മണ്ഡലം പുന:സംഘടനയ്ക്ക് ശേഷം നടന്ന 2011ലെയും 2016ലെയും തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ കെ.മുരളീധരൻ ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്നുറപ്പ്.
2014ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബി.ജെ.പി സ്ഥാനാർത്ഥി ഒ.രാജഗോപാൽ നേരിയ ഭൂരിപക്ഷത്തിൽ മുന്നിലെത്തിയെങ്കിലും, കോൺഗ്രസിലെ ശശി തരൂർ തൊട്ടുപിന്നിലുണ്ടായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.മുരളീധരൻ 7622 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ, ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ 43700 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തായ ഇടതുമുന്നണി സ്ഥാനാർത്ഥി ടി.എൻ സീമയ്ക്ക് 40441 വോട്ടും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിൽ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനംരാജശേഖരൻ 50709 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ഒന്നാമതെത്തിയ ശശി തരൂരിന് കിട്ടിയത് 53545 വോട്ടാണ്. ഇടതുമുന്നണിയിലെ സി. ദിവാകരൻ 29414 വോട്ടുമായി മൂന്നാം സ്ഥാനത്തും..
കെ.മുരളീധരൻ രാജിവച്ച ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വി.കെ.പ്രശാന്തിലൂടെ മണ്ഡലം പിടിച്ചെടുത്ത എൽ.ഡി.എഫ് , മണ്ഡലത്തിന്റെ സാമുദായിക ഘടന വച്ചുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകളെല്ലാം തകിടം മറിച്ചു .എൻ.എസ്.എസ് പരസ്യമായി പിന്തുണച്ചിട്ടും യു.ഡി.എഫ് സ്ഥാനാർത്ഥി മോഹൻകുമാർ 14465 വോട്ടിന് തോറ്റു. ബി.ജെ.പി മൂന്നാം സ്ഥാനത്തായി. 27453 വോട്ട്
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫ് തകർന്നടിഞ്ഞപ്പോൾ, എൽ.ഡി.എഫും ബി.ജെ.പിയും നില മെച്ചപ്പെടുത്തി.വി.കെ.പ്രശാന്ത് തന്നെയാവും വീണ്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി . യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും, അരുവിക്കര എം.എൽ.എ കെ.എസ് ശബരീനാഥിന്റെയും പേരുകൾ കേട്ടിരുന്നു. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ബി.ജെ.പി സ്ഥാനാർത്ഥിയാവാനാണ് സാദ്ധ്യത. കുമ്മനം രാജശേഖരൻ വീണ്ടുമെത്താനുളള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.