
വിതുര: വിതുര - ഐസർ - ജഴ്സിഫാം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തേവിയോട് മുതൽ ജഴ്സിഫാം വരെയുള്ള റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ഉന്നത പഠന ഗവേഷണ കേന്ദ്രമായ ഐസറിലേക്കും, ബോണക്കാട്ടേക്കും, ചാത്തൻകോട് ടൂറിസം കേന്ദ്രങ്ങളിലേക്കും, പാൽ ഉത്പാദനകേന്ദ്രമായ ജഴ്സി ഫാമിലേക്കും പോകുന്ന പ്രധാന റോഡ് കൂടിയാണ് വിതുര ബോണക്കാട് റോഡ്.
അനവധി അപകടങ്ങൾ അരങ്ങേറി. ഐസറിലേക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്കായി സാധനങ്ങൾ കൊണ്ടുവന്ന ടോറസ് ലോറികൾ വരെ നിരവധി പ്രാവശ്യം റോഡിലെ കുഴികളിൽ പതിച്ച് അപകടങ്ങളും, ഗതാഗത തടസവും ഉണ്ടായി. മഴക്കാലത്ത് റോഡ് ചെളിക്കളമായി മാറും. അപകടങ്ങൾ പതിവായതോടെ നാട്ടുകാർ അനവധി തവണ കല്ലും, മണ്ണും ഇട്ട് കുഴികൾ നികത്തി.
റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രാവശ്യം നിവേദനം നൽകി. സമരങ്ങളും അരങ്ങേറി. ഒടുവിൽ റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധം രേഖപ്പെടുത്തി. റോഡിന്റെ ദുരവസ്ഥയും, അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒടുവിൽ ഫണ്ട് അനുവദിക്കുകയായിരുന്നു.
അനുവദിച്ചത് 32 കോടി രൂപ
തേവിയോട് മുതൽ ജഴ്സിഫാം വരെ റോഡ് നവീകരിക്കാൻ 32 കോടി രൂപയാണ് അനുവദിച്ചത്. അത്യാധുനിക രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പുറംപോക്ക് ഒഴിപ്പിച്ച് വീതി വർദ്ധിപ്പിച്ചു. കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് നിർമ്മാണം. ആറ് മാസത്തിനകം പണി പൂർത്തിയാക്കും.
നാട്ടുകാർ ദുരിതത്തിൽ
ജഴ്സിഫാം റോഡ് നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി റോഡരിക് ഇടിച്ച് നിരത്തിയത് നാട്ടുകാർക്ക് ദുരിതമായി. റോഡിലെ തിട്ട ഇടിച്ചതോടെ മിക്ക ഭാഗത്തും വീട്ടിലേക്ക് കയറാൻ കഴിയാത്ത സ്ഥിതിയായി. വീട്ടിലേക്കുള്ള പടിക്കെട്ടുകൾ ഇടിച്ചാണ് വീതി കൂട്ടിയത്. പകരം പടിക്കെട്ടുകർ നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം നടത്തിയെങ്കിലും പാലിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതു സംബന്ധിച്ച് നാട്ടുകാർ പഞ്ചായത്തിലും, പി.ഡബ്ല്യൂ.ഡിക്കും പരാതി നൽകി. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ റോഡ് ഉപരോധമുൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.