turmeric

മഞ്ഞളിന്റെ കുത്തകാവകാശം നഷ്ടപ്പെടുമെന്നസ്ഥിതി വന്നപ്പോഴാണ് അതിന്റെ ശ്രേഷ്ഠത നമ്മൾ ചർച്ച ചെയ്തു തുടങ്ങിയത്. ആൻറിബയോട്ടിക്, ആൻറിവൈറൽ എന്ന രീതിയിൽ അണുനാശക സ്വഭാവം ഏറെയുള്ള ഔഷധദ്രവ്യമാണ് മഞ്ഞൾ. മഞ്ഞൾ കൊണ്ടുണ്ടാക്കുന്ന ഔഷധങ്ങൾ ശ്വാസകോശ രോഗങ്ങളെ ചെറുക്കാൻ ഉത്തമവുമാണ്.

അണുനശീകരണത്തിനായി പുകയ്ക്കുന്നതിന് മഞ്ഞളിനൊപ്പം കടുക്, കുന്തിരിക്കം, വെളുത്തുള്ളി എന്നിവ വേപ്പെണ്ണയിൽ കുഴച്ച് ഉപയോഗിക്കാം. തൈറോയ്ഡ് രോഗമുള്ളവർ മഞ്ഞൾ ഉപയോഗിക്കുന്നത് ഗുണകരമാണ്. ഉദരവിരകളെ നശിപ്പിക്കുന്നതിന് മഞ്ഞൾ നല്ലതാണ്. ഇ.എസ്.ആർ കുറയ്ക്കുന്നതിനും ഫലപ്രദം. ചെറുചൂടുള്ള പാലിൽ മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കുന്നത് ഉദരരോഗങ്ങൾക്കും കഫ സംബന്ധമായ രോഗങ്ങൾക്കും ശമനമുണ്ടാക്കും.

പ്രമേഹമുള്ളവർ മൂന്ന് മുതൽ അഞ്ച് നെല്ലിക്കയുടെ നീരിൽ രണ്ടു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കുക. ഒരു നുള്ള് കുരുമുളകുപൊടി കൂടി ചേർക്കുന്നത് കൂടുതൽ ഗുണംചെയ്യും.

മൂക്കടപ്പുള്ളവർ ഏത് വിധേനെയും മഞ്ഞൾ ഉപയോഗിക്കണം. കത്തിച്ച് മണപ്പിക്കുകയോ, മഞ്ഞൾപ്പൊടിവച്ച് തിരിപോലെ ചുരുട്ടി നെയ്യിൽ മുക്കി കത്തിച്ച് മൂക്കിലൂടെ പുക എടുക്കുകയോ ചെയ്യാം. സൈനസൈറ്റിസിനും ഇപ്രകാരം ചെയ്യുന്നത് ആശ്വാസകരമാണ്.

കുട്ടികളിൽ കാണുന്ന പല രോഗങ്ങൾക്കും വ്യാപകമായി ഉപയോഗിക്കുന്ന രജന്യാദി ചൂർണം, അലർജി രോഗങ്ങളിൽ ഉപയോഗിക്കുന്ന ഹരിദ്രാഖണ്ഡം, പ്രമേഹരോഗികൾക്കുള്ള പ്രമേഹൗഷധി, നിശാകതകാദി കഷായം തുടങ്ങിയവയിലെല്ലാം മഞ്ഞൾ പ്രധാന ചേരുവയാണ്.

വീക്കമുണ്ടാക്കുന്ന എന്തിനേയും ശമിപ്പിക്കാൻ പേരുകേട്ട ആയുർവേദ ഔഷധമാണ് മഞ്ഞൾ. മൂക്കിനകത്തെ ടർബിനേറ്റ്, പോളിപ്പ് തുടങ്ങിയ വളർച്ചകൾ കുറയ്ക്കുന്നതിനും മഞ്ഞൾ ഉപയോഗിക്കാവുന്നതാണ്. ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് അതിൽ മഞ്ഞൾ ചേർത്ത് ഉപയോഗിക്കുന്നതും ഗുണകരം. ഒരു കപ്പ് വെള്ളത്തിൽ അഞ്ച് ഗ്രാം മഞ്ഞൾപ്പൊടി ചേർത്ത് തിളപ്പിച്ച ചായപോലെ കുടിക്കാവുന്നതാണ്. വെളുത്തുള്ളിയും ഇഞ്ചിയും പോലെതന്നെ അണുനാശക ശക്തി മഞ്ഞളിനും അവകാശപ്പെട്ടതാണ്.

കുടൽപുണ്ണ് അഥവാ അൾസർ കുറയുന്നതിനും മഞ്ഞൾ പ്രയോജനപ്പെടും. ഒരു അസുഖവുമില്ലാത്തവരും മഞ്ഞൾ ഉപയോഗിക്കാൻ മടി കാണിക്കേണ്ടതില്ല. കുഞ്ഞുങ്ങൾക്ക് നിറം ലഭിക്കാൻ തേനിൽ പച്ചമഞ്ഞളും ചേർത്ത് പുരട്ടി കുളിപ്പിക്കാം. ഭക്ഷണത്തോടൊപ്പം മഞ്ഞൾ ഉപയോഗിക്കുന്നത് കൃമി രോഗത്തെയും ദഹനപ്രശ്നങ്ങളെയും ഒഴിവാക്കാൻ സഹായിക്കും.

കർക്കടകമാസത്തിലും അല്ലാതെയും കഞ്ഞിയിലും കറികളിലും

മഞ്ഞൾ ചേർക്കണം. ചുക്ക്, കുരുമുളക്, അയമോദകം, മല്ലി, കറിവേപ്പില എന്നിവ തുല്യമായി എടുത്ത് അതിൽ മഞ്ഞൾപ്പൊടി ചേർത്ത് മോര് കാച്ചി കുടിക്കുന്നത് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ നല്ലതാണ്. ഇതുതന്നെ നേർപ്പിച്ച് സംഭാരമായും കുടിക്കാം.

ത്വക് രോഗങ്ങൾക്കും കീടങ്ങളുടെ കടിയേൽക്കുമ്പോഴും തുളസിനീരും സമം മഞ്ഞൾപ്പൊടിയും ചേർത്ത് കഴിക്കുകയും മുറിവിൽ പുരട്ടുകയും ചെയ്യാം.