the-preast

കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയാണ് സിനിമ. ഒരു വർഷത്തിനടുത്ത് അടഞ്ഞു കിടന്നിരുന്ന തിയേറ്ററികൾ കഴിഞ്ഞ മാസമാണ് വീണ്ടും തുറന്നത്. ഒ.ടി.ടി പ്ളാറ്റ്ഫോമുകളിലേക്ക് വഴിമാറിയ സിനിമാ റിലീസുകൾ വീണ്ടും തിയേറ്ററുകളിലെത്തിയതോടെ ആവേശം ഇരട്ടിയായിരുന്നു. പല സിനിമകളും തിയേറ്ററിനൊപ്പം ഒ.ടി.ടി യിലും റിലീസ് ചെയ്യുന്ന പുതിയ രീതിയും സിനിമാലോകത്ത് തുടക്കമായി തുടങ്ങി. വിജയ് ചിത്രമായ മാസ്റ്ററാണ് തിയേറ്ററുകളിൽ ആദ്യം എത്തിയ സിനിമ. പിന്നാലെ മലയാളത്തിൽ വെള്ളം, വാങ്ക്, ലവ് തുടങ്ങിയ ചിത്രങ്ങളും പ്രദർശനത്തിനെത്തി. ഫെബ്രുവരിയിൽ കൂടുതൽ ചിത്രങ്ങൾ തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ 'ദ പ്രീസ്റ്ര് ' എന്ന ചിത്രമാണ് സൂപ്പർതാര ചിത്രമായി പുറത്തിറങ്ങുന്നത്.

ദ പ്രീസ്റ്റ്

മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന 'ദ പ്രീസ്റ്റ്' എന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഫെബ്രുവരി നാലിന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഒരു പുരോഹിതനായാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കുന്നത്. ദിവസങ്ങൾക്കു മുൻപാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ഒരു വർഷം മുൻപ് റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിലേതു പോലെ അടിമുടി ദുരൂഹത നിറഞ്ഞ ഒന്നാണ് ടീസറും. മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോൾ ആരാധകർ വലിയ ആവേശത്തിലാണ്. സംവിധായകൻ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള നവാഗതനായ ജോഫിൻ ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബി.ഉണ്ണിക്കൃഷ്ണൻ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദീപു പ്രദീപ്, ശ്യം മേനോൻ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിൽ നിഖില വിമൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

മോഹൻകുമാർ ഫാൻസ്

mohankumar

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി കുഞ്ചാക്കോ ബോബൻ ചിത്രം 'മോഹൻകുമാർ ഫാൻസ്‌' നാലിന് തിയേറ്ററുകളിലെത്തും. മുൻനിര നായകന്മാരുടെ വരവോടു കൂടി 28 സിനിമകളിൽ നായക വേഷം ചെയ്ത നടൻ പിന്തള്ളപ്പെട്ടു പോയതിന്റെ കഥ ട്രെയ്ലറിന്റെ വോയിസ് ഓവറിലൂടെ പറയുന്നുണ്ട്.സിനിമയിൽ പ്രശസ്തിയിലേക്കുയരാൻ കഴിയാതെ പോയൊരു നടന്റെ വേഷമാണ് ഇതിൽ നടൻ സിദ്ധിഖ് അവതരിപ്പിക്കുന്നത്.

കെ.പി.എ.സി. ലളിത, മുകേഷ്, ശ്രീനിവാസൻ, വിനയ് ഫോർട്ട്, ജോയ് മാത്യു, അലൻസിയർ, സൈജു കുറുപ്, പിഷാരടി, പ്രശാന്ത്, അനാർക്കലി, ദീപ എന്നിവരാണ് മറ്റു വേഷങ്ങൾ അവതരിപ്പിക്കുന്നത്. ജിസ് ജോയ് ആണ് തിരക്കഥയും സംവിധാനവും. ബോബി സഞ്ജയ്‌മാരുടേതാണ് കഥ. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മാണം.

സാജൻ ബേക്കറി Since 1962

n-bakery

'കമല'യ്ക്ക് ശേഷം നടൻ അജു വർഗീസ് വീണ്ടും നായകനായി അഭിനയിക്കുന്ന 'സാജൻ ബേക്കറി സിൻസ് 1962' 12ന് തിയേറ്ററുകളിലെത്തും. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സായാഹ്നവാർത്തകളുടെ സംവിധായകൻ അരുൺ ചന്തുവാണ്. എം സ്റ്റാർ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ അനീഷ് മോഹൻ സഹനിർമാണം നിർവഹിക്കുന്ന ചിത്രത്തിൽ അജു വർഗീസിന് പുറമേ ലെന, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ, ഗണേഷ് കുമാർ, ജാഫർ ഇടുക്കി തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. ഗുരുപ്രസാദ് ഛായാഗ്രഹണവും അരവിന്ദ് മന്മഥൻ ചിത്രസംയോജനവും പ്രശാന്ത് പിള്ള സംഗീതവും നിർവഹിക്കും.

ഓപ്പറേഷൻ ജാവ

operation-java

കേരള പൊലീസിന്റെ ധീരമായ ഇടപെടലുകളുടെ കഥ പറയുന്ന സിനിമകൾ മലയാളത്തിൽ നിരവധി ഇറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു പൊലീസ് സ്റ്റോറി എത്തുകയാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി രചിച്ച തിരക്കഥയിൽ വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിച്ച് നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ഓപ്പറേഷൻ ജാവ' ഒരു റോ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലുള്ള ചിത്രമായിരുന്നു. സിനിമ 12ന് തിയേറ്ററുകളിൽ എത്തുകയാണ്. ഇർഷാദ് അലി, വിനായകൻ, അലക്സാണ്ടർ പ്രശാന്ത്, ബിനു പപ്പു, വിനോദ് ബോസ്, ഷൈൻ ടോം ചാക്കോ,​ മമിത ബൈജു , ധന്യ അനന്യ, വിനീത കോശി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

യുവം

yuva

അമിത് ചക്കാലക്കലിനെ നായകനാക്കി നവാഗതനായ പിങ്കു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന 'യുവം' എന്ന ചിത്രം 12ന് തിയേറ്ററുകളിലെത്തും. നിവിൻ പോളിയും റഹ്മാനും ചേർന്നാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ചെയ്തത്. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷനാണ്. എഡിറ്റിംഗ്: ജോൺകുട്ടി. സംഗീതം: ഗോപി സുന്ദർ. ഗാനരചന: ബി കെ ഹരിനാരായണൻ. ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി, സായ്‌കുമാർ, ഇന്ദ്രൻസ്, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മരട് 357

marad-357

അനൂപ് മേനോൻ, ധർമ്മജൻ ബോൾഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 റിലീസ് തിയതി പുറത്ത് വിട്ടു. 19ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഷീലു എബ്രഹാം, നൂറിൻ ഷെരീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. കേരളത്തിൽ കഴിഞ്ഞ വർഷം നടന്ന മരട് ഫ്ളാറ്റ് പൊളിക്കൽ സംഭവവുമായി ബന്ധപ്പെട്ട് 357 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ട യഥാർത്ഥ സംഭവമാണ് മരട് 357പറയുന്നത്. ആടുപുലിയാട്ടം, പട്ടാഭിരാമൻ തുടങ്ങിയ സിനിമകൾ ഒരുക്കിയ കണ്ണൻ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിനേശ് പള്ളത്താണ് തിരക്കഥയൊരുക്കുന്നത്. എബ്രഹാം മാത്യു, സുദർശനൻ കാഞ്ഞിരക്കുളം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മനോജ് കെ. ജയൻ, ബൈജു സന്തോഷ്, സാജിൽ, സെന്തിൽ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരൻ, കൈലാഷ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സരയു, അഞ്ജലി നായർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുണ്ട്.

വർത്തമാനം

varthamanam

സംവിധായകൻ സിദ്ധാർഥ് ശിവ, സൂപ്പർതാരം പാർവതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന 'വർത്തമാനം' 19ന് തിയേറ്ററുകളിൽ എത്തും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറും, ആര്യാടൻ ഷൗക്കത്തും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടൻ ഷൗക്കത്തിന്റേതാണ്. കേന്ദ്ര സെൻസർ ബോർഡ് റിവൈസിംഗ് കമ്മറ്റി പ്രവർത്തനാനുമതി നൽകിയതോടെ ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യുകയാണ്. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുൾ റഹ്മാനെ കുറിച്ച് ഗവേഷണം നടത്താനായി ഡെൽഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറിൽ നിന്നുള്ള ഒരു പെൺകുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വർത്തമാനത്തിന്റെ പ്രമേയം. റോഷൻ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വെളുത്ത മധുരം

മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ദേവിക എസ്.ദേവ് ആദ്യമായി എഴുതിയ തിരിച്ചറിവ് എന്ന കഥയാണ് വെളുത്ത മധുരം എന്ന പേരിൽ സിനിമയാകുന്നത്. കയരളം കിളിയത്തെ സഹദേവൻ വെളിച്ചപ്പാടിന്റെയും കെ ഷീബയുടെയും മകളാണ് ദേവി. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജി.എസ് അനിൽ ആണ്. ജിജു ഒറ്റപ്പാടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ദേവിക കഥയും തിരക്കഥയും ഒരുക്കിയ കൃഷ്ണനും ബഷീറും എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. 19ന് സിനിമ തിയേറ്ററുകളിലെത്തും

സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ

sahyadriyile-chuvanna-poo

നന്ദു, പുതുമുഖം ഗാബി ആന്റണി, അഞ്ജു കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അജീഷ് പൂവാറ്റൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ'. ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, ബാലാജി ശർമ്മ, സാംജി, സാബു തിരുവല്ല, പത്മനാഭൻ തമ്പി, അലീഫ്, ജിനു തിരുവല്ല, ബൈജു കുട്ടൻ, സുധീഷ് അഞ്ചേരി, മുൻഷി ഹരി, ദേവൻ മിഥില, ഡാനി നിലമ്പൂർ, വീണ, ബേബി ശ്രേഷ്ഠ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രം 26ന് തിയേറ്ററുകളിലെത്തും.

ടോൾ ഫ്രീ 160060060

toll-free

സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ടോൾ ഫ്രീ 160060060' എന്ന ചിത്രം 26ന് തിയേറ്ററുകളിലെത്തും. ടി. അരുൺ കുമാർ, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലോക്ക്ഡൗണിൽ എഴുതിയ ഒരു കഥയാണ് സിനിമയാവുന്നത് എന്നാണ് തിരക്കഥകൃത്തുകളിൽ ഒരാളായ ടി. അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചത്. നവാഗതനായ അരുൺ ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും.

അജഗജാന്തരം

ajagajantharam

'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ'എന്ന ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടുമൊന്നിക്കുന്ന ചിത്രമായ അജഗജാന്തരം ഫെബ്രുവരി 26ന് പ്രദർശനത്തിനെത്തും. ചിത്രത്തിൽ അർജുൻ അശോകനും പ്രധാന കഥാപാത്രമായി എത്തുന്നു. ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവുമാണ്.

സണ്ണി

sunny

ജയസൂര്യയുടെ നൂറാമത് ചിത്രം 'സണ്ണി' 26ന് തിയേറ്ററുകളിലെത്തും. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഡ്രീംസ് ആൻഡ് ബിയോണ്ട്സിന്റെ ബാനറിൽ രഞ്ജിത്തും ജയസൂര്യയും ചേർന്നാണ് നിർമിക്കുന്നത്.

സംഗീതജ്ഞനായാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. പുണ്യാളൻ, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ - രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ.