robot

നിർമ്മിതബുദ്ധി ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - AI ) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആയുധ ഗവേഷണങ്ങളിൽ എതിരാളികളായ ചൈനയെയും റഷ്യയെയും മറികടക്കുന്നതിനെ കുറിച്ച് അമേരിക്ക ആലോചിക്കുന്നതായി റിപ്പോ‌ർട്ട്. നാഷണൽ സെക്യൂരിറ്റി കമ്മിഷൻ ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഉദ്ധരിച്ച് ഒരു ബ്രിട്ടീഷ് മാദ്ധ്യമമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

നിർമ്മിതബുദ്ധിയുടെ നിയന്ത്രണത്തിലുള്ള ആയുധങ്ങൾ യുദ്ധ മേഖലയിലുണ്ടാകുന്ന വീഴ്ചകൾ കുറയ്ക്കുമെന്നും സ്വന്തം ഭാഗത്ത് തന്നെ അബദ്ധത്തിൽ സംഭവിക്കുന്ന വെടിവയ്പുകളും മറ്റ് അപകടങ്ങളും കുറയ്ക്കുകയും ചെയ്യുമെന്നും കഴിഞ്ഞയാഴ്ച നടന്ന ചർച്ചയ്ക്കിടെ, പാനലിന്റെ വൈസ് ചെയർമാൻ റോബർട്ട് വർക്ക് പറഞ്ഞിരുന്നു. കുറഞ്ഞത് ഈ സിദ്ധാന്തത്തെയെങ്കിലും പിന്തുടരുന്നത് ധാർമ്മിക അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദ ഗ്രൂപ്പുകളുമായി നടക്കുന്ന പോരാട്ടങ്ങൾക്കിടെയിൽ നിർമ്മിത ബുദ്ധിയുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണെന്നും പാനൽ നിരീക്ഷിച്ചു.

അതിസങ്കീർണായ സാഹചര്യങ്ങളിൽ ഒരു യന്ത്രത്തിന് മനുഷ്യനേക്കാൾ കൂടുതൽ കൃത്യതയോടെ കാര്യങ്ങൾ ഗ്രഹിക്കാനും തീരുമാനങ്ങളെടുക്കാനും വേഗത്തിൽ പ്രവർത്തിക്കാനും കഴിയും. നിർമ്മിതബുദ്ധിയുടെ വാഗ്ദാനം ഇതാണ്. ഏത് മേഖലയിലും മത്സരോൻമുഖമായ നേട്ടത്തെ ഇത് പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് തന്നെ, സേനയ്ക്ക് പോർമുഖത്ത് ഇവയെ ഉപയോഗിക്കാൻ സാധിക്കുമെന്നും പാനൽ ചൂണ്ടിക്കാട്ടി.

അതേ സമയം, അമേരിക്കയുടെ എതിരാളികൾ ഇതിനോടകം തന്നെ നിർമ്മിതബുദ്ധിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ' കില്ലർ റോബോട്ടുകൾ ' എന്നറിയപ്പെടുന്ന ആയുധശൃംഖലകളുടെ ഗവേഷണങ്ങളുമായി മുന്നോട്ട് പോകുന്നതായി ജോയിന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ മേധാവി ലഫ്. ജനറൽ ജോൺ എൻ.ടി ' ജാക്ക് ' ഷനാഹൻ പറയുന്നു. അന്താരാഷ്ട്ര ധാർമ്മിക മാനദണ്ഡങ്ങൾ അവഗണിക്കാനും അന്താരാഷ്ട്ര സുരക്ഷയെ അസ്ഥിരപ്പെടുത്താന്ന തരത്തിൽ അപകട സാദ്ധ്യതകൾ സൃഷ്ടിക്കുന്ന സംവിധാനങ്ങൾ വികസിപ്പിക്കാനും റഷ്യയ്ക്ക് നീക്കമുണ്ടെന്ന് ഇദ്ദേഹം മുമ്പ് ആരോപിച്ചിരുന്നു.

മനുഷ്യന്റെ സഹായമില്ലാതെ പ്രവർത്തിക്കാൻ ശേഷിയുള്ള നിർമ്മിതബുദ്ധി സാങ്കേതികവിദ്യകൾ റഷ്യ ഉപയോഗിക്കുന്നതായും ഷനാഹൻ പറഞ്ഞിരുന്നു. ചൈനയും ഇതേ പാതയിലാണ്. കൂടാതെ 2030 ഓടെ 90,000 ട്രൂപ്പുകൾക്കൊപ്പം 30,000 റോബോട്ടുകളും ബ്രിട്ടീഷ് ആർമിയിൽ സേവനമനുഷ്ഠിച്ചേക്കുമെന്ന് ചില ഗവേഷകർ കണക്കുകൂട്ടുന്നു. എന്നാൽ റോബോട്ടുകളുടെ ഭാവി മനുഷ്യന്റെ കൈയിൽ തന്നെയാണ്. യുദ്ധ മേഖലയിലെ ഉപയോഗം ലക്ഷ്യമിട്ട് ഭാവിയിൽ നിർമ്മിക്കപ്പെട്ടേക്കാവുന്ന കില്ലർ റോബോട്ടുകൾ ഒടുവിൽ മനുഷ്യന് തന്നെ അപകടമായി വരാമെന്ന് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു.

റോബോട്ടുകൾക്ക് ഗുണമുണ്ടെങ്കിലും സ്വയം ചിന്തിക്കാൻ കഴിവുള്ള കില്ലർ റോബോട്ടുകൾ ലോകത്തെ കീഴടക്കാൻ പോലും ശേഷിയുള്ളവയാകാമെന്നാണ് ഗവേഷകരുടെ ആശങ്ക. അതേസമയം, ഹോളിവുഡ് സിനിമകളിലൊക്കെ കാണുന്നത്ര വികാസം പ്രാപിച്ച കില്ലർ റോബോട്ടുകൾ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് ആശ്വാസം. എന്നാൽ, നിർമ്മിതബുദ്ധിയുടെ വളർച്ച അപകടകരമായി തുടർന്നാൽ ' ടെർമിനേറ്റർ ' സിനിമയിലെ പോലെ പ്രോഗ്രാം ചെയ്ത ചിപ്പുകളുടെ നിയന്ത്രണത്തിൽ റോബോട്ടുകൾ രക്ഷകരും ശിക്ഷകരുമായി മാറിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ഗവേഷകരുടെ പക്ഷം. കില്ലർ റോബോട്ടുകളുടെയും നിർമ്മിതബുദ്ധി ആയുധങ്ങളുടെ ഗവേഷണവും ഉപയോഗവും നിരോധിക്കാൻ ലോകത്ത് വിവിധ രാജ്യങ്ങളുടെ പിന്തുണയോടെ നിരവധി കാമ്പെയിനുകൾ സജീവമാണ്.