
ചിലിയിൽ കന്നുകാലികൾക്ക് നേരെയുള്ള അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പരിഭ്രാന്തരായി ജനങ്ങൾ. 50 ഓളം ലാമ, അൽപാക കുഞ്ഞുങ്ങളാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിന് ഇരയായത്. 2020 നവംബർ മുതലാണ് മേഖലയിലെ ലാമകളെയും അൽപാകകളെയും അജ്ഞാതജീവി ആക്രമിക്കാൻ തുടങ്ങിയതെന്ന് ചിലിയിലെ ബൊളീവിയൻ അതിർത്തിയിലുള്ള കോൽചെയ്ൻ ഗ്രാമത്തിൽ കന്നുകാലികളെ വളർത്തുന്നവർ പറയുന്നു. രാത്രികാലങ്ങളിലാണ് ഇവ ആക്രമിക്കപ്പെടുന്നത്. ശരീരത്തിലെ രക്തം മുഴുവൻ നഷ്ടപ്പെട്ട നിലയിലാണ് ഇവയുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രദേശത്ത് തന്നെയുള്ള ആരെങ്കിലും ചെയ്തതാകാമെന്നാണ് ആദ്യം കരുതിയതെങ്കിലും അങ്ങനെയല്ല ഇപ്പോൾ തോന്നുന്നതെന്നും ഇത്രയ്ക്ക് ക്രൂരതയുള്ള ആരും തങ്ങൾക്കിടെയിൽ ജീവിക്കുന്നില്ലെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം, ലാമകളെയും അൽപാകകളെയും കൊല്ലുന്നത് 'ചുപകാബ്ര' എന്ന ജീവിയാകാമെന്നാണ് ചിലരുടെ വിശ്വാസം. അജ്ഞാത ജീവിയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ഭയപ്പാടിലാണ്. മിക്കവരും ഉറക്കമിളച്ച് വളർത്തുമൃഗങ്ങൾക്ക് കാവലിരിക്കുകയാണ്.
അതേ സമയം,കൂട്ടിൽ കന്നുകാലികളുടേതല്ലാതെ വേറെ കാൽപ്പാടുകൾ തങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് സംഭവ സ്ഥലങ്ങൾ സന്ദർശിച്ച വെറ്ററിനറി സംഘം പറയുന്നത്. ചത്തനിലയിൽ കണ്ടെത്തിയ മൃഗങ്ങളിലെ മുറിപ്പാടുകൾ പ്രദേശത്തുള്ള പ്യൂമ, കുറുക്കൻ തുടങ്ങിയ ജീവികളുടേതല്ല എന്നതിനാൽ അക്രമണകാരിയായ ജീവി ഏതാണെന്ന് വ്യക്തമാകാൻ വൈകുമെന്നും അവർ കൂട്ടിച്ചേർത്തു. ചത്ത മൃഗങ്ങളുടെ ശരീരത്തിൽ രണ്ട് മുറിപ്പാടുകളല്ലാതെ മറ്റൊന്നും കണ്ടെത്തിയില്ലെന്നും ഈ ദ്വാരങ്ങളിൽ നിന്നാകാം രക്തം നഷ്ടപ്പെട്ടതെന്നും സമഗ്രമായ അന്വേഷണം നടക്കുമെന്നും സംഘം അറിയിച്ചു.
ചുപകാബ്ര
അമേരിക്കൻ ഭൂഖണ്ഡം, റഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ പ്രദേശങ്ങളിൽ ഉണ്ടെന്ന് പറയപ്പെടുന്ന ജീവിയാണിത്. നാല് അടിയോളം പൊക്കവും ചെതുമ്പലുകളും കൂർത്ത വലിയ മുള്ളുകളും നിറഞ്ഞ ശരീരമുള്ള ഇവയ്ക്ക് രണ്ടു കാലിൽ നിൽക്കാനാകുമെന്നും മുഖത്തിന് കാട്ടുനായയുമായാണ് സാമ്യമെന്നുമാണ് കഥകൾ. ആട്, കന്നുകാലികൾ തുടങ്ങിയ വളർത്തുമൃഗങ്ങളുടെ രക്തം ഊറ്റിക്കുടിക്കും. കൊല്ലുന്ന ജീവികളുടെ കഴുത്തിൽ രണ്ട് മുറിപാടുകളുണ്ടാക്കി അതിലൂടെ രക്തം ഊറ്റിക്കുടിക്കലാണത്രെ ഇവയുടെ രീതി. ചുപകാബ്രയുടെ നിലനിൽപ് സംബന്ധിച്ച് തെളിവുകളില്ലാത്തതിനാൽ അവ വെറും സാങ്കല്പിക സൃഷ്ടിയാണെന്നാണ് ശാസ്ത്രലോകം പറയുന്നത്.