smasa

കല്ലറ: മൃതദേഹം മറവ് ചെയ്യാൻ വീടിന്റെ അടുക്കള വരെ പൊളിക്കേണ്ട ഗതികേടിലായിരുന്ന കല്ലറ നിവാസികൾക്ക് ആശ്വാസമായി കല്ലറയിൽ ഒരു പൊതുശ്മശാനം വന്നെങ്കിലും സ്ഥിതി വീണ്ടും പഴയഗതിയിലായിരിക്കുകയാണ്.

കോടികൾ മുടക്കി നിർമ്മിച്ച പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും

മൃതദേഹം സംസ്കരിക്കുന്നതിനുള്ള സൗകര്യം നിലവിലില്ല. കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് വാർഡിൽ 2005ൽ ആണ് പൊതുശ്മശാനം ആദ്യമായി നിർമ്മിച്ചത്.

വിറകിൽ മൃതദേഹം സംസ്കരിക്കുന്ന രീതി ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പക്ഷേ ശരിയായ രീതിയിൽ അത് സംരക്ഷിക്കാനും നടത്തിക്കൊണ്ടുപോകാനും കഴിയാത്തതിനാൽ ശ്മശാനം പിൽക്കാലത്ത് ഉപയോഗശൂന്യമാവുകയും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയും ഉപകരണങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. 2015- 20 ഭരണ കാലയളവിൽ ഒന്നര കോടി രൂപ മുടക്കി ജില്ലാ പഞ്ചായത്ത് ശ്മശാനം പുനർനിർമ്മിച്ചു. ഗ്യാസ് ഉപയോഗിച്ച് മൃതദേഹം സംസ്കരിക്കുന്ന രീതിയിലായിരുന്നു നിർമ്മാണം.ശ്മശാനത്തിന്റെ പണിപൂർത്തിയാക്കി ജില്ലാപഞ്ചായത്ത് താക്കോൽ പഞ്ചായത്തിന് കൈമാറിയെങ്കിലും ജീവനക്കാരനെ നിയമിക്കാനോ സുരക്ഷാ ജീവനക്കാരനെ നിയമിക്കാനോ സാധിച്ചില്ല. ഇതുമൂലം പ്രദേശം വീണ്ടും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

 ആളെക്കിട്ടാനില്ല

ശ്മശാനം സൂക്ഷിക്കുന്നതിനും മൃതദേഹം സംസ്കരിക്കുന്നതിനും ജോലിക്കാരെ തേടി മൂന്ന് പ്രാവശ്യം ടെൻഡർ നടത്തിയെങ്കിലും ആളെ കിട്ടിയില്ലെന്നാണ് പഞ്ചായത്ത് നൽകുന്ന വിശദീകരണം. തോട്ടം തൊഴിലാളികളും പട്ടികജാതി -വർഗ വിഭാഗത്തിൽപ്പെട്ടവരും ഏറെയുള്ള കല്ലറ-പാങ്ങോട് പഞ്ചായത്തുകളിലെ ഭൂരഹിതർക്ക് ഏറെ ആശ്വാസമായിരുന്നു ശ്മശാനത്തിന്റെ വരവ്. എന്നാൽ ഇപ്പോൾ നിരാശയാണ് ഫലം. പുതിയ പഞ്ചായത്ത് ഭരണസമിതിയെങ്കിലും കോടികൾ മുടക്കി നിർമ്മിച്ച ശ്മശാനം പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.