df

വർക്കല: വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ദേവസ്വം വക ഭൂമികളിൽ പലതും അന്യാധീനപ്പെട്ട നിലയിൽ. വില്ലേജ് രേഖകളിൽ ദേവസ്വം ഭൂമിയാണെന്ന് കൃത്യമായി രേഖപ്പെടുത്താത്തതാണ് തിരിച്ചടിയായത്.

റീസർവേയിലെ പിഴവുകൾ തിരുത്താൻ കാലതാമസം എടുക്കുന്നത് ദേവസ്വം ബോർഡിന്റെ കടുത്ത അനാസ്ഥയാണെന്നും പരാതിയുണ്ട്. പാപനാശം വാർഡിൽ സ്ഥിതി ചെയ്യുന്ന 3.31 ഏക്കർ ജനാർദ്ദനസ്വാമി ക്ഷേത്രം വക നന്ദാവനം ഭൂമി മാസങ്ങൾക്ക് മുൻപ് ദേവസ്വത്തിന്റെ അനുമതിയില്ലാതെ ലൈഫ് പദ്ധതിയിലുൾപ്പെടുത്തി ഫ്ലാറ്റ് നിർമ്മിക്കുന്നതിനുള്ള നീക്കം നടത്തിയത് ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടനൽകിയിരുന്നു.

വില്ലേജ് രേഖകളിൽ സർക്കാർ ഭൂമി എന്ന വിശേഷണം മുതലെടുത്താണ് ഫ്ലാറ്റ് നിർമാണത്തിന് അനുമതിയായത്. എന്നാൽ പ്രതിഷേധം ഉയർന്നതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്.

ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തോട് ചേർന്നുള്ള ഒട്ടുമിക്ക ദേവസ്വം ഭൂമികളും കാട് കയറിയ നിലയിലാണ്. ഇവ വൃത്തിയാക്കി സംരക്ഷിക്കുന്നതിനുള്ള ഒരു നടപടിയും ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.

ക്ഷേത്രക്കുളത്തിന്റെ സമീപമുള്ള ഭൂമി ചില സ്വകാര്യ വ്യക്തികൾ കൈയേറി നിർമ്മാണപ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്. ഭരണക്കാലത്ത് രാജാവ് നടന്നുവന്നിരുന്ന ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് തൊട്ടു താഴെയുള്ള പടിക്കെട്ടുകളും തകർന്നടിഞ്ഞ നിലയിലാണ്. ഇവ പുനരുദ്ധരിക്കാനും നടപടികളില്ല.