photo

പാലോട്. ആദിവാസി മേഖലയിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ പാലോട് സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ രണ്ടുകോടി രൂപ ചെലവഴിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ആശുപത്രിക്കാണ് ഈ ദുർഗതി. രാവിലെ മുതൽ നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്. ഇവിടെ എട്ട് ഡോക്ടർമാരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ രണ്ട് ഡോക്ടർമാരുടെ സേവനം മാത്രമേ രോഗികൾക്ക് ലഭിക്കാറുള്ളൂ.

ഇവരാകട്ടെ രോഗികളെ പരിശോധിക്കാതെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പതിവെന്നും പരാതിയുണ്ട്. ഉച്ചയ്ക്ക് ശേഷം ആശുപത്രിയിലെത്തുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഒരുമണിക്ക് ശേഷം ഒരു ഡോക്ടർ പോലും ഇവിടെ ഉണ്ടാകാറില്ല. നിലവിലുണ്ടായിരുന്ന മെഡിക്കൽ ഓഫീസർ സ്ഥലം മാറി പോയതും തിരിച്ചടിയായി. ആശുപത്രിയിൽ എക്‌സ് റേ യൂണിറ്റ് സ്ഥാപിച്ചിട്ട് മാസങ്ങളായി. ഇതും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പാലിയേറ്റീവ് കെയർ യൂണിറ്റും ഡി അഡിക്ഷൻ യൂണിറ്റും ഉണ്ടെങ്കിലും പൂട്ടിയിട്ട നിലയിലാണ്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടങ്ങളിൽ രോഗികൾക്ക് കിടത്തി ചികിത്സയും ലഭിക്കാറില്ല. ഉച്ചയ്ക്ക് ശേഷം ഡോക്ടർമാരുടെ സേവനം ഇല്ലാത്തതാണ് കിടത്തി ചികിത്സ ഒഴിവാക്കാൻ കാരണം. ഫാർമസിയുടെ കാര്യമാകട്ടെ പറയാതിരിക്കുകയാണ് ഭേദം. ചില ദിവസങ്ങളിൽ മരുന്ന് മാറി നൽകിയെന്ന കാരണത്താൽ രോഗികളും ജീവനക്കാരും തമ്മിലുള്ള വാക്കുതർക്കവും പതിവാണ്.

ആശ്രയിക്കുന്നവർ നിരവധി

നന്ദിയോട്, പാങ്ങോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ ആശുപത്രി.

പതിനഞ്ചും ഇരുപതും കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി സമുദായത്തിൽപ്പെട്ടവർക്കാണ് ആശുപത്രിയുടെ അവസ്ഥ ഏറെ തിരിച്ചടി സൃഷ്ടിക്കുന്നത്. സാമ്പത്തിക ശേഷിയില്ലാത്ത ഇവർക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കാനും സാധിക്കാറില്ല. അടിയന്തരമായി ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിച്ച് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.