
തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ സ്വാധീനം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വലിയതോതിൽ പ്രതിഫലിച്ചു കാണാറില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുടെ ജനപ്രിയത പലയിടത്തും അളവുകോലായി മാറും . ജനപ്രിയത ആപേക്ഷികമാണ്. പ്രാദേശികതലത്തിൽ ഒരു തരത്തിലാണെങ്കിൽ എം.എൽ.എയുടെ കാര്യത്തിൽ മറ്റൊരു തരത്തിലാണ്. അതിലൊരു അരാഷ്ട്രീയഘടകം മുഴച്ചുനിൽക്കുന്നുണ്ട്. എന്നാൽ, തീർത്തും രാഷ്ട്രീയം മാത്രം മാനദണ്ഡമാകാറുള്ള ഇടങ്ങളിൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരേ ഫലശ്രുതി സ്വാഭാവികവുമാണ്.
ഇത്തരം കണക്കുകൂട്ടലുകൾ രാഷ്ട്രീയകക്ഷികളിൽ പ്രതീക്ഷകളോ നെഞ്ചിടിപ്പുകളോ ഉയർത്തുന്നുണ്ടാവാം. പക്ഷേ അതിനേക്കാൾ ഇത്തവണ കേരള രാഷ്ട്രീയം കണ്ടുകൊണ്ടിരിക്കുന്നത് അസാധാരണമായ ചില ചലനങ്ങളാണ്. കേരള രാഷ്ട്രീയം എങ്ങോട്ട് സഞ്ചരിക്കുന്നുവെന്ന ചോദ്യം അസുഖകരമായ ചില ഉത്തരങ്ങളാണ് നൽകുന്നത്.
പുകയുന്ന അഗ്നിപർവതമോ?
മദ്ധ്യകേരളത്തിലെ പ്രബലമായ ക്രൈസ്തവ വിഭാഗമായ സുറിയാനി കത്തോലിക്കർക്കിടയിൽ, മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ ധ്രുവീകരണചിന്തകൾ ശക്തി പ്രാപിക്കുന്നതാണ് കേരളത്തിലെ രഹസ്യ പരസ്യ ചർച്ചകൾ. എത്രതന്നെ ന്യായീകരണങ്ങൾ നിരത്താനുണ്ടായാലും, സമൂഹമാദ്ധ്യമ കൂട്ടായ്മകളിലൂടെ പ്രചരിക്കുന്നതത്രയും, സാക്ഷരതയിലും ആരോഗ്യ, വിദ്യാഭ്യാസ സൂചികകളിലും മുന്നിൽ നിൽക്കുന്ന കേരളത്തിന്റെ സാമൂഹ്യ ജീവിതത്തോട് അത്രമേൽ പൊരുത്തപ്പെടുന്നതാണോ?
സീറോ മലബാർ സഭ അടുത്തിടെയാണ് ലവ് ജിഹാദിനെതിരെ പ്രമേയം പാസാക്കിയത് . കത്തോലിക്കർക്കിടയിൽ പ്രകടമായി കാണുന്ന ഈ രാസമാറ്റം, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അവരുടെ ഗുണഫലം അനുഭവിച്ചുപോന്ന രാഷ്ട്രീയമുന്നണിക്ക് നെഞ്ചിടിപ്പ് കൂട്ടുന്നത് സ്വാഭാവികം.
വിമോചനസമര കാലം
1959 മേയ് മൂന്നിന് കത്തോലിക്കർ കേരളത്തിൽ പ്രഥമ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ 'ചെയ്തികൾ'ക്കെതിരായി പ്രാർത്ഥനാദിനമാചരിച്ചു. അന്ന് വൈകിട്ട് കോട്ടയത്ത് ഹിന്ദു- ക്രിസ്ത്യൻ- മുസ്ലിം ഐക്യ മഹാസമ്മേളനത്തിൽ വിമോചനസമര പ്രഖ്യാപനം നടന്നു, മന്നത്ത് പത്മനാഭന് സ്വീകരണമൊരുക്കി. എല്ലാവരും കൂടി യോജിച്ച് കമ്മ്യൂണിസ്റ്റ് കരടിയെ പിടികൂടി വലിച്ചെറിയാൻ പോവുകയാണെന്ന് മന്നം അവിടെ പ്രഖ്യാപിച്ചു. (എ. ജയശങ്കറിന്റെ കമ്മ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും എന്ന പുസ്തകത്തിൽ നിന്ന് )
വിമോചനസമര കാലത്ത്, കമ്മ്യൂണിസ്റ്റ് അക്രമത്തിനെതിരെ ഫാദർ വടക്കൻ ഒരാഴ്ചയോളം നിരാഹാരസമരം നടത്തി ആഹ്വാനം ചെയ്തത് അഞ്ചുലക്ഷം അംഗങ്ങളുള്ള ശാന്തിസേന ഉണ്ടാക്കാനായിരുന്നു. അന്ന് വടക്കനച്ചന് പിന്നിൽ അണിനിരന്നത് പി.എസ്.പിക്കാർക്കൊപ്പം മുസ്ലിംലീഗുമാണ്.
കഥയും കാലവും മറിയുമ്പോൾ ഇന്ന് മുസ്ലിംലീഗിനെതിരെ, കത്തോലിക്കരുടെ സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ അമർഷം നുരഞ്ഞ് പൊന്തുന്നു. അതൊരുതരം ഇസ്ലാമോ ഫോബിയയുടെ തലത്തിലേക്ക് വളരുന്നു എന്നത് സംഘപരിവാർ ശക്തികളെയും അവരിലേക്ക് വലിച്ചടുപ്പിക്കുന്നു!
മുസ്ലിംലീഗിനെതിരെയും
തദ്ദേശതിരഞ്ഞെടുപ്പിൽ ലീഗ് മുൻകൈയിൽ ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവരുമായി കൂട്ടുകൂടാൻ യു.ഡി.എഫ് നീങ്ങിയതിനെ, സി.പി.എം ശക്തിയുക്തം ആക്രമിച്ചിരുന്നു. കലക്കവെള്ളത്തിലെ സാദ്ധ്യതകൾ മുന്നിൽക്കണ്ടായിരുന്നു സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഈ നീക്കം. യു.ഡി.എഫ് നേതൃത്വം ലീഗ് കൈക്കലാക്കുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചതിന്റെ രാഷ്ട്രീയമാനം വലുതാവുന്നത് ഇവിടെയാണ്.
മുസ്ലീം ജനസാമാന്യം ആത്മീയതയുടെ ഇടമായി കരുതുന്നതും മതമൈത്രിയുടെ പ്രതീകമായി വിലയിരുത്തപ്പെടുന്നതുമായ പാണക്കാട്ട് കൊടപ്പനയ്ക്കൽ തറവാട്ടിലെ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സന്ദർശനം നൽകുന്ന സന്ദേശമെന്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വിമർശിച്ചു. ഇത് അല്പം കടന്നകൈയായി എന്ന് സി.പി.എമ്മും കരുതുന്നുണ്ട്. അപ്പോഴും, ലീഗിനെച്ചൊല്ലി പരസ്യസംവാദം തുടരട്ടെയെന്ന് സി.പി.എം ചിന്തിക്കുന്നതിന് പിന്നിൽ, അവർക്ക് എക്കാലവും മരീചികയായി നിന്നിരുന്ന മദ്ധ്യകേരളത്തിലെ, പ്രത്യേകിച്ച്, കോട്ടയം, എറണാകുളം ബെൽറ്റിലെ രാഷ്ട്രീയ കാലാവസ്ഥാ വ്യതിയാനമാണ്. സമസ്ത പോലുള്ള മുസ്ലിംവിഭാഗത്തെ കൂടെനിറുത്താനുള്ള സോഷ്യൽ എൻജിനിയറിംഗ് സി.പി.എം ഒരുവശത്ത് വിജയകരമാക്കുമ്പോഴാണിത്.
മദ്ധ്യകേരളവും ക്രിസ്ത്യാനിയും
കേരളത്തിലെ ക്രൈസ്തവരിൽ പ്രബലർ സുറിയാനി കത്തോലിക്കർ തന്നെ. 'വോട്ടുകുത്തി യന്ത്ര'മെന്ന് ഒരു മെത്രാൻ സ്വയം വിശേഷിപ്പിച്ച സീറോ മലബാർ സഭക്കാർ. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സമൂഹം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ മലയോരമേഖലയിലെ കുടിയേറ്റ പ്രബലർ. തിരുവനന്തപുരത്തും കൊല്ലത്തുമുണ്ട് ഇവരുടെ കുടിയേറ്റമേഖലകൾ. ചുരുക്കിപ്പറഞ്ഞാൽ കേരളമാകെ പടർന്നു പന്തലിച്ച് നിൽക്കുന്നവർ. കത്തോലിക്കരുടെ തന്നെ ലത്തീൻ സമുദായവും തീരദേശമേഖലകളിൽ ശക്തമാണ്. കത്തോലിക്കാ സഭയുടെ 22 പൗരസ്ത്യസഭകളിൽ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തിസഭയാണ് സീറോ മലബാർ സഭ.
വിമോചനസമരകാലം മുതൽ കേരളത്തിൽ വലതുപക്ഷരാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്നവരാണ് ഇവരെല്ലാം. മറ്റ് ക്രൈസ്തവസഭാ വിഭാഗങ്ങളായ ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മ വിഭാഗങ്ങളെല്ലാം ചേർന്നാലും സുറിയാനി കത്തോലിക്കരുടെ പകുതിയേ വരൂ.
ക്രിസ്തുവർഷം 52ൽ ക്രിസ്തുവിന്റെ 12 അപ്പോസ്തലന്മാരിൽ ഒരുവനായ തോമാശ്ലീഹ, മുസിരിസിൽ (കൊടുങ്ങല്ലൂർ) കപ്പലിറങ്ങിയതോടെയാണ് കേരളത്തിൽ ക്രിസ്ത്യാനികളുടെ ഉദയമെന്നാണ് ചരിത്രം. മാർത്തോമ്മാ സഭക്കാരാണ് ആ ആദ്യവംശത്തിന്റെ പിന്മുറയായി അവകാശപ്പെടുന്നത്. സിറിയയിൽ നിന്ന് പലായനം ചെയ്‌ത് എത്തിയ സുറിയാനി ക്രിസ്ത്യാനികൾ, പിൽക്കാലത്ത് ക്രൈസ്തവരുടെ ആധിപത്യമേറ്റെടുത്തു. ഉദയംപേരൂർ സുന്നഹദോസാണ് കത്തോലിക്കാസഭയുമായി ഇവരെ പിന്നീട് യോജിപ്പിക്കുന്നത്. ചരിത്രമവിടെ നിൽക്കട്ടെ.
സുറിയാനി കത്തോലിക്കർക്കിടയിലെ സോഷ്യൽമീഡിയാ പ്രചരണത്തിന്റെ ചുവടുപിടിച്ച്, സമീപകാലത്ത് സീറോ മലബാർസഭയുടെ ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നടത്തിയ ലീഗ് വിരുദ്ധ പ്രസ്താവന ഇപ്പോൾ ചർച്ചയാണ്.
യു.ഡി.എഫിന്റെ അടിത്തറ
യു.ഡി.എഫ് മുന്നണിയുടെ അസ്തിത്വം കെട്ടിപ്പൊക്കിയിരിക്കുന്നത് ഒരു കാലത്ത് സിറിയൻ കത്തോലിക്കരുടെയും താങ്ങുകൊണ്ടായിരുന്നു. മലബാറിൽ മുസ്ലിംലീഗ്, മദ്ധ്യകേരളത്തിൽ കലർപ്പില്ലാത്ത കത്തോലിക്കനായ കെ.എം. മാണി- യു.ഡി.എഫ് ചേരുവ ഇങ്ങനെയായിരുന്നു. ഇന്ന് മാണിയില്ലാത്ത കേരള രാഷ്ട്രീയത്തിൽ മാണിയുടെ പുത്രൻ ജോസ് കെ.മാണി ഇടത്തോട്ട് പോയതിനേക്കാളേറെ, ആ പുത്രനെ യു.ഡി.എഫ് പുറംകാലുകൊണ്ട് ചവിട്ടിപ്പുറത്താക്കിയതാണ് ചർച്ചയായിത്തീർന്നത്. യു.ഡി.എഫിന്റെ നായകരിലൊരാളായി സുറിയാനി കത്തോലിക്കനായി പേരിന് പറയാൻ പി.ജെ. ജോസഫുണ്ട്. മാണിയുടെ തലയെടുപ്പുണ്ടോയെന്ന് ചോദിച്ചാൽ അത്രയ്ക്കില്ലതന്നെ.
ജോസ് കെ.മാണിയെ കരുതലോടെ കാത്തും മുസ്ലിംലീഗിനെ കടന്നാക്രമിച്ചും ഇടതുപക്ഷം കേരള രാഷ്ട്രീയത്തിൽ നടത്തുന്ന കളിക്കിടയിൽ, തദ്ദേശഫലത്തിന് ശേഷം തെറ്റിപ്പോകുന്ന ബാലൻസ് ഉറപ്പിച്ച് നിറുത്താനുള്ള ഭഗീരഥയത്നത്തിലാണ്, യു.ഡി.എഫ്. സുറിയാനി കത്തോലിക്കരല്ലാത്ത, മെത്രാൻ- ബാവാ കക്ഷിമാരുടെ സഭാതർക്കത്തിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നിസഹായരായി നിന്നെങ്കിൽ ഇരകളായി നിൽക്കുന്ന യാക്കോബായ സഭക്കാരുടെ വിശ്വാസമാർജ്ജിക്കുന്നതിൽ വൻവിജയമാണ് പിണറായി മുഖ്യമന്ത്രി നേടിയത്. ഉമ്മൻ ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളി മണ്ഡലത്തിൽ ഒമ്പതിൽ എട്ട് പഞ്ചായത്തും യു.ഡി.എഫിനെ കൈവിട്ടത്, പ്രബലരായ ബാവാകക്ഷിമാരുടെ (യാക്കോബായ) പൂർണപിന്തുണ ഇടതിന് ലഭിച്ചതിനാലാണ്. ഉമ്മൻ ചാണ്ടിയുടെ മണ്ഡലമാറ്റം ചർച്ചയാവുന്നതിന് പിന്നിൽ ഇത്തരം ചില തിരയിളക്കങ്ങളുമുണ്ടെന്ന് കോൺഗ്രസിൽ ചിലരെങ്കിലും അടക്കം പറയുന്നു.
ഹാഗിയ സോഫിയ
തുർക്കി ഇസ്താംബൂളിലെ പ്രാചീന ആരാധനാലയമായ ഹാഗിയ സോഫിയ, 360ാമാണ്ടിൽ ക്രിസ്ത്യൻപള്ളിയായി നിർമ്മിക്കപ്പെട്ടതാണ്. ഓട്ടൊമൻ ആധിപത്യത്തെ തുടർന്ന് 1453ൽ ഇത് മുസ്ലിംപള്ളിയായി. 1935ൽ ഇത് മ്യൂസിയമായി. കഴിഞ്ഞവർഷം ജൂലായിൽ തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗാൻ മ്യൂസിയം പദവി റദ്ദാക്കി ഹാഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കി. ഇതിനെ അനുകൂലിച്ച് മുസ്ലിംലീഗ് മുഖപത്രത്തിൽ, പാണക്കാട് സയ്യിദലി ശിഹാബ് തങ്ങളെഴുതിയ ലേഖനവും സുറിയാനി കത്തോലിക്കരുടെ ലീഗ് വിരുദ്ധവികാരത്തെ ശക്തിപ്പെടുത്തിയെന്ന് ലീഗ് നേതൃത്വം തിരിച്ചറിഞ്ഞു. ബാബ്റി മസ്ജിദ് പ്രശ്നത്തിൽ ശരിയായ നിലപാടെടുത്ത ലീഗ്, ഹാഗിയ സോഫിയയുടെ കാര്യത്തിലെടുത്തത് ഇരട്ടത്താപ്പെന്ന് സി.പി.എം നേതൃത്വം തുടക്കത്തിലേ വിമർശിച്ചതും ക്രൈസ്തവവികാരം മനസിലാക്കിയിട്ടായിരുന്നു. ക്രൈസ്തവരോഷം തണുപ്പിക്കാനാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുൻകൈയിൽ അടുത്തിടെ അരമനകൾ കയറിയിറങ്ങിയത്.
സഭാതർക്കത്തിൽ സർക്കാരിനോടും മുഖ്യമന്ത്രിയോടും ഇപ്പോൾ അതൃപ്തിയുമായി നിൽക്കുന്ന ഓർത്തഡോക്സ് സഭാ തിരുമേനിമാർ, കത്തോലിക്കർക്കും മുസ്ലിംലീഗിനുമിടയിലെ അകൽച്ച മാറ്റിയെടുക്കാനുള്ള മദ്ധ്യസ്ഥറോളുമായി പാണക്കാട്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ആ ഓർത്തഡോക്സ് തിരുമേനിമാരെയും സുറിയാനി കത്തോലിക്കരുടെ സോഷ്യൽമീഡിയാ വിമർശകർ വെറുതെ വിടുന്നില്ലെന്നതാണ് ആന്റി ക്ലൈമാക്സ്.
മലബാറിൽ യു.ഡി.എഫിന്റെ അടിത്തറ മുസ്ലിംലീഗാണെന്നതിൽ സംശയമില്ല. മദ്ധ്യ തിരുവിതാംകൂറിലോ ? കത്തോലിക്കനായ മാണിയുടെ പാർട്ടി ഇല്ലെങ്കിലും കോൺഗ്രസിനകത്ത് സുറിയാനി കത്തോലിക്കർ ഇഷ്ടം പോലെയുണ്ട്. എന്നാൽ എ, ഐ ഗ്രൂപ്പ് മാനേജർമാർ ഇരുഗ്രൂപ്പുകളിലുമായുള്ള ഈ കത്തോലിക്കർക്കൊന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അവസരം നൽകുന്നില്ലെന്ന പരാതി കോൺഗ്രസിനകത്ത് ശക്തമാണ്. കോട്ടയത്തെ കോൺഗ്രസിൽ ടോമി കല്ലാനിയെയും യുവനേതാവ് അജീഷ് ബെൻ മാത്യുവിനെയും പോലുള്ളവർ ഊഴത്തിനായി കാത്തുനിൽക്കുമ്പോൾ സ്ഥിരം നടന്മാർ കളമടക്കി വാഴുന്നതിലെ അമർഷം ശക്തമാണവിടെ. ഒരു മുതിർന്ന നേതാവ് ഇനി മത്സരത്തിനില്ലെന്ന് ഒരഭിമുഖത്തിൽ പറഞ്ഞത് അതിനാലാണ്.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും ഇടത്, വലത് മുന്നണികൾ തമ്മിലെ വോട്ടുവ്യത്യാസം കുറച്ചുകാലം മുമ്പ് വരെ രണ്ട് ശതമാനത്തിന്റേതായിരുന്നു . 2016ൽ ബി.ജെ.പി സജീവസാന്നിദ്ധ്യമായപ്പോൾ, ഇതിൽ മാറ്റമുണ്ടായി. ക്രൈസ്തവവോട്ടുകൾ ശതമാനക്കണക്കിൽ നിർണായകമാണ്. ഇടത്, വലത് മുന്നണികൾ അതിനായി കിണഞ്ഞ് ശ്രമിക്കുമ്പോൾ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചേരുവ തീർത്തും വർഗീയമാകുന്നുവോ?