
ആലക്കോട്: യാത്രക്കാർക്ക് വിശ്രമിക്കാനും ബസ് കയറാനുമൊക്കെയാണ് ബസ് സ്റ്റാൻഡുകൾ. എന്നാൽ, നടുവിലിലാകട്ടെ കാര്യം നേരെ തിരിച്ചാണ്. ഇവിടെ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ ഒന്നും ഇല്ലെങ്കിലേ യാത്രക്കാർക്ക് ഇരിക്കാനാകൂ. യോഗങ്ങൾ തീരുമാനിച്ചാൽ യാത്രക്കാരെയും ബസുകളെയെല്ലാം ഒഴിപ്പിക്കും. പിന്നെ, ഇവിടെ മൈക്കും കെട്ടി വെച്ചുള്ള ശബ്ദ കോലാഹലങ്ങളായിരിക്കും.
സമ്മേളനങ്ങൾ ഉണ്ടെങ്കിൽ അരയേക്കർ വിസ്തൃതിയുള്ള ബസ് സ്റ്റാൻഡിന് നടുവിലായി കൂറ്റൻ സ്റ്റേജ് ഉയരും. വൈകീട്ട് നടക്കുന്ന പാർട്ടി സമ്മേളനത്തിനായി രാവിലെ മുതൽ തന്നെ ബസുകളും യാത്രക്കാരും ബസ് സ്റ്റാൻഡ് ഒഴിഞ്ഞു കൊടുക്കണം. കഴിഞ്ഞദിവസം മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പൊതുസമ്മേളനത്തിലും ബസ് സ്റ്റാൻഡിന് നടുവിൽ സ്റ്റേജ് നിർമ്മിച്ചിരുന്നു. കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് ഉൾപ്പെടെയുള്ളവർ ഈ പരിപാടിയിൽ പങ്കെടുത്തു.
ദേശസാൽകൃത റൂട്ടായ ഒടുവള്ളിത്തട്ട്-കുടിയാന്മല പാതയിൽ പതിനഞ്ചോളം ബസുകൾ സർവീസ് നടത്തുന്നുണ്ട്. കൂടാതെ സുൽത്താൻ ബത്തേരി, മംഗലാപുരം, മാനന്തവാടി, മൈസൂർ, ബംഗളൂരു, കോട്ടയം തുടങ്ങി ദീർഘദൂര സർവീസുകളും സ്വകാര്യ ബസുകളുടെ മറ്റു റൂട്ടുകളിലേയ്ക്കുള്ള സർവീസുകളുമുൾപ്പെടെ നൂറോളം സർവീസുകൾ ഇതുവഴിയുണ്ട്. ബസ് സ്റ്റാന്റിൽ പൊതുപരിപാടികൾ നടക്കുമ്പോൾ ബസുകളും യാത്രക്കാരും പെരുവഴിയിലാകും. നിയമവിരുദ്ധമായ ഈ സംഘടിത കയ്യേറ്റം അവസാനിപ്പിക്കാൻ പഞ്ചായത്ത് അധികൃതരോ പൊലീസോ തയ്യാറാകുന്നില്ല. പൊതുയോഗങ്ങൾക്കും മറ്റും അനുയോജ്യമായ മറ്റു സ്ഥലങ്ങൾ നടുവിലിൽ ഉണ്ടെങ്കിലും ആളുകൾ ശ്രദ്ധിക്കാത്തതാണ് സ്റ്റാൻഡിനെ തിരഞ്ഞെടുക്കാൻ കാരണം.