keezhillam-paniyeli

പെരുമ്പാവൂർ : കീഴില്ലം പാണിയേലിപ്പോര് റോഡിന്റെ രണ്ടാം ഘട്ട സർവ്വേ നടപടികൾ പൂർത്തീകരിച്ചു. 3 മാസങ്ങൾ കൊണ്ടാണ് സർവ്വേ നടപടികൾ പൂർത്തീകരിച്ചത്.സംസ്ഥാന സർക്കാർ ബജറ്റിൽ 20 കോടി രൂപ പ്രഖ്യാപിച്ചതിനെ തുടർന്നാണ് പദ്ധതിയുടെ പ്രാഥമിക ഘട്ട നടപടികൾ ആരംഭിച്ചത്. എൽദോസ് കുന്നപ്പിളളി എം.എൽ.എ സർക്കാരിൽ നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് ബജറ്റിൽ തുക അനുവദിച്ചത്.

12 മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നതിനാണ് സർവ്വേ റിപ്പോർട്ട് നിർദ്ദേശിച്ചിരിക്കുന്നത്. 7 മീറ്റർ വീതിയിൽ ടാർ ചെയ്തു റോഡ് പുനർ നിർമ്മിക്കും. ഇരു വശങ്ങളിലും കാന നിർമ്മിക്കും. റോഡിന് കുറുകെ കനാൽ പാലം ജംഗ്ഷൻ, പറമ്പിപീടിക എന്നീ ഭാഗങ്ങളിൽ വരുന്ന പെരിയാർ വാലിയുടെ രണ്ട് പാലങ്ങൾ പൊളിച്ചു നീക്കി പുതിയത് നിർമ്മിക്കും. പാലത്തിന് 7.5 മീറ്റർ വീതിയും ഇതോടൊപ്പം ഇരു വശങ്ങളിലും നടപ്പാതയും ഉണ്ടാകും. കയറ്റങ്ങളും താഴ്ചകളും പരമാവധി ഒഴിവാക്കി റോഡ് ഒരേ നിരപ്പിലാക്കും. ദുർബലാവസ്ഥയിലായ കലുങ്കുകൾ പൊളിച്ചു മാറ്റി പുതിയവ നിർമ്മിക്കും. വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളിലും ചെറിയ കലുങ്കുകൾ പൊളിച്ചു വലിയ കലുങ്കുകൾ പണിയും. ഏറ്റവും ആധുനികമായ ബി.എം ബി.സി നിലവരത്തിലാണ് റോഡ് ടാർ ചെയ്യുന്നത്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി വളവുകൾ പരമാവധി നിവർത്തുന്നതിനും സർവ്വേ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. 3 മാസങ്ങൾ കൊണ്ട് എസ്റ്റീം ഡെവലപ്പേഴ്സ് ആണ് സർവ്വേ നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. 9.90 ലക്ഷം രൂപയാണ് സർവ്വേ നടപടികൾക്ക് അനുവദിച്ചിരുന്നത്.


സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നത് രണ്ടാം വട്ടം

2018 ൽ പദ്ധതിയുടെ സർവ്വേ നടപടികൾ പൂർത്തീകരിച്ചു പൊതുമരാമത്ത് വകുപ്പ് രൂപരേഖ വിഭാഗത്തിന് സമർപ്പിച്ചിരുന്നുവെങ്കിലും പരിശോധനക്ക് ശേഷം റിപ്പോർട്ട് അപൂർണ്ണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിശദമായ പദ്ധതി രേഖ പൂർത്തീകരിക്കുവാൻ സാധിച്ചിരുന്നില്ല. 8.07 രൂപയാണ് അന്ന് സർവ്വേ നടത്തുന്നതിനായി അനുവദിച്ചിരുന്നത്. ഈ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ചു റോഡിന് ആവശ്യമായ വീതി ഇല്ലെന്ന് കണ്ടെത്തിയിരുന്നു. റോഡിന്റെ ഇരു വശങ്ങളിലുമായി 20 മീറ്റർ വീതിയിലാണ് ടോട്ടൽ സ്റ്റേഷൻ സർവ്വേ നടത്തിയത്.


പൊതുമരാമത്തിന് സമർപ്പിക്കും

സർവ്വേ റിപ്പോർട്ട് തയ്യാറാക്കി പൊതുമരാമത്ത് രൂപരേഖ വിഭാഗത്തിന് സമർപ്പിക്കും. തുടർന്ന് പദ്ധതിയുടെ വിശദമായ രേഖ തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിച്ചു അനുമതി ലഭ്യമാക്കും. നിലവിലുള്ള ടാറിംഗ് നീക്കം ചെയ്തു ഏറ്റവും ആധുനികമായ രീതിയിൽ റോഡ് പുനർ നിർമ്മിക്കും. ദിശ ബോർഡുകളും യാത്രികർക്ക് സഹായകരമാകുന്ന റിഫ്‌ളക്റ്ററുകളും സ്ഥാപിക്കും.

എൽദോസ് കുന്നപ്പിളളി എം.എൽ.എ