prof-g-balakrishnan-nair

ആദ്ധ്യാത്മികാചാര്യനായ പ്രൊഫ. ജി. ബാലകൃഷ്ണൻ നായരുടെ ദേഹവിയോഗം സംഭവിച്ചിട്ട് ഇന്ന് പത്തുവർഷം തികയുന്നു. ഉപനിഷത്തുകൾ, ബ്രഹ്‌മസൂത്രം, ഭഗവദ് ഗീത എന്നിവ ഉൾപ്പെടെയുള്ള മഹത്തായ ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾക്കെല്ലാം കാലാകാലങ്ങളായി വ്യത്യസ്തമായ ഭാഷ്യങ്ങൾ ഉണ്ടായിട്ടുണ്ട്. സമഗ്രവും വിശദവും പണ്ഡിതോചിതവുമായ ഭാഷ്യങ്ങളാണ് ഏറെയും. എന്നാൽ ഇവയിൽ കൈവിരലിൽ എണ്ണാവുന്നവ മാത്രമാണ് കാലത്തെ അതിജീവിച്ച്, സത്യാന്വേഷികൾക്ക് നിത്യപ്രചോദനമായി വർത്തിക്കുന്നത്.

ദശോപനിഷത്തുകളിൽ ഏറ്റവും ചെറുതും ഏറ്റവും പ്രധാനപ്പെട്ടതുമായ മാണ്ഡൂക്യോപനിഷത്തിന് ഗൗഡപാദാചാര്യർ രചിച്ച ഭാഷ്യം വേദാന്തത്തിന്റെ കൊടുമുടിയാണ്. ഗൗഡപാദാചാര്യരുടെ ശിഷ്യനായ ഗോവിന്ദപാദരുടെ ശിഷ്യൻ ആദിശങ്കരൻ രചിച്ച ഭാഷ്യങ്ങളെല്ലാം തന്നെ അത്യന്തം സൂക്ഷ്‌മവും നിശിതവും സമഗ്രവുമാണ്. ഭഗവദ്‌‌ഗീതയ്ക്ക് ജ്ഞാനേശ്വർ രചിച്ച 'ജ്ഞാനേശ്വരി" എന്ന ഭാഷ്യം അപൂർവ സുന്ദരവും അഗാധവും അതുല്യവുമാണ്. എ.ഡി ഏഴാം നൂറ്റാണ്ടിലെ തിരുജ്ഞാന സംബന്ധർ എ.ഡി പതിനേഴാം നൂറ്റാണ്ടിലെ കണ്ണുടയ വള്ളലാർക്ക് ദർശനത്തിൽ വന്ന് വെളിപ്പെടുത്തിയ 'ഒഴിവിലൊടുക്ക"ത്തിന് ചിദംബര സ്വാമികൾ രചിച്ച ഭാഷ്യം ശൈവ സിദ്ധാന്തത്തിന് ലഭിച്ച അനർഘ നിധിയാണ്.

ഗൗഡപാദാചാര്യരുടെയും ആദിശങ്കരന്റെയും ജ്ഞാനേശ്വറിന്റെയും ചിദംബര സ്വാമികളുടെയും ഭാഷ്യങ്ങൾ തീവ്രമായ ആത്മാനുഭൂതിയിൽ എഴുതപ്പെട്ടവയാണ്. അതുകൊണ്ടാണ് ഇവ കാലത്തെ അതിജീവിച്ച്, സവിശേഷ ശ്രദ്ധയാകർഷിച്ച് നിൽക്കുന്നത്. ദാർശനികനും വേദാന്താചാര്യനും സ്ഥിതപ്രജ്ഞനുമായ പ്രൊഫ. ജി. ബാലകൃഷ്ണൻനായരുടെ ആദ്ധ്യാത്മിക രചനകൾ ഈ മഹാഭാഷ്യങ്ങൾക്കൊപ്പം ഉയർന്നു നിൽക്കുന്നു. മൃഡാനന്ദസ്വാമി ബാലകൃഷ്ണൻ നായർ സാറിന്റെ 'വേദാന്തദർശനം" എന്ന ഉപനിഷദ് ഭാഷ്യങ്ങളുടെ അവതാരികയിൽ പറയുന്നു : ''ശ്രീ. ബാലകൃഷ്ണൻനായർ തന്റെ ദീർഘകാല തപസിന്റെ ഫലമായി നേടിയ അനുഭൂതിയുടെ വെളിച്ചത്തിൽ നിഗൂഢാശയങ്ങളെ പ്രകാശിപ്പിക്കുന്നു." ശ്രീനാരായണ ഗുരുവിന്റെ കൃതികൾക്ക് ഭാഷ്യങ്ങൾ രചിക്കുമ്പോളാണ് ബാലകൃഷ്ണൻനായർ സാറിന്റെ ആത്മാനുഭൂതി അത്യന്തം തീവ്രമായിത്തീരുന്നത്.

ശ്രീനാരായണഗുരു സമസ്‌ത ചരാചരങ്ങളെയും ബോധവസ്‌തുവായി കണ്ടു. ഗുരുവിന്റെ ദർശനം കഠിനമായ ജീവിതാനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. അത് അനുസ്യൂതമായ ആത്മാന്വേഷണത്തിൽ നിന്നുണ്ടായതാണ്. അത് പ്രപഞ്ച മനസുമായി സദാ സംവേദനം ചെയ്യുന്നു. അതുകൊണ്ടാണ് ഗുരുവിന്റെ ദർശനം അക്ഷയമായ സ്നേഹവും അനന്തമായ കരുണയും അഴിവറ്റ അറിവുമായിത്തീർന്നത്. സമഷ്ടിയുടെയും വൃഷ്ടിയുടെയും വേദനകളും സംഘർഷങ്ങളും ഗുരു സ്വന്തം പ്രാണന്റെ പിടച്ചിലുകളായി അനുഭവിച്ചു.

ഉപനിഷദ് ദർശനത്തിന്റെ അപാരതയും അഗാധതയും തമിഴ് ശൈവ സിദ്ധാന്തത്തിന്റെ തീപിടിച്ച ആത്മാന്വേഷണവുമാണ് ഗുരുദേവ ദർശനത്തിന്റെ ആന്തരിക ശ്രുതി. ശ്രീനാരായണ ഗുരു എന്ന ദാർശനികനെ മറ്റെല്ലാ ദാർശനികരിൽ നിന്നും ആദ്ധ്യാത്മികാചാര്യന്മാരിൽ നിന്നും വ്യതിരിക്തനാക്കുന്ന വസ്‌തുത ഇതാണ്.

'ദൈവദശകം" മുതൽ 'ദർശനമാല" വരെയുള്ള എല്ലാ രചനകളിലും ശുദ്ധമായ ബോധത്തെപ്പറ്റി മാത്രമാണ് ഗുരു പറയുന്നത്. എവിടെ നിന്നു തുടങ്ങിയാലും എങ്ങനെ തുടങ്ങിയാലും ഗുരു ബോധവസ്‌തുവിൽ എത്തിച്ചേരുന്നു.

ഗുരുവിനെ ആഴത്തിൽ അറിഞ്ഞ, ഗുരുവുമായി സർവതലങ്ങളിലും ആത്മൈക്യം പ്രാപിച്ച, സമസ്ത ചരാചരങ്ങളിലും ബോധവസ്‌തുവിനെ ദർശിക്കുന്ന ഒരാളിനു മാത്രമേ ഗുരുവിന്റെ കൃതികൾക്ക് ഭാഷ്യമെഴുതാൻ കഴിയൂ. അതുകൊണ്ടാണ് ബാലകൃഷ്ണൻ നായർ സാറിന് ഗുരുവിന്റെ രചനകൾ ഇത്രമാത്രം പൂർണതയോടെ, തെളിമയോടെ, അനുഭവസാന്ദ്രതയോടെ വ്യാഖ്യാനിക്കാൻ സാധിച്ചത്.

കാലത്തിന്റെ തികവിൽ ഗുരുവിന്റെ രചനകൾ സംഭവിച്ചു; ജീവിതത്തിന്റെ പരിപക്വാവസ്ഥയിൽ, സ്ഥിതപ്രജ്ഞനായിരുന്ന്, ബാലകൃഷ്ണൻ നായർ സാർ ഗുരുവിന്റെ കൃതികൾക്ക് മഹാഭാഷ്യങ്ങൾ എഴുതി.

യഥാർത്ഥത്തിൽ, സാറിന്റെ ആദ്യകാല രചനകളൊക്കെയും ശ്രീനാരായണ ഗുരുവിന്റെ കൃതികളുടെ ഉള്ളിലേക്ക് എത്താനുള്ള വഴികളായിരുന്നു. ഗുരുവിന്റെ കൃതികളുടെ ഉള്ളിലേക്ക് സധൈര്യം ഇറങ്ങിച്ചെന്ന് അതിന്റെ ആഴങ്ങൾ അറിഞ്ഞ ആദ്യത്തെ ഭാഷ്യക്കാരൻ ബാലകൃഷ്ണൻനായർ സാറാണ്. ഈ ഭാഷ്യങ്ങളെപ്പറ്റി സാർ പറയുന്നു: ''ഞാൻ എനി​ക്ക് പഠി​ക്കാൻ വേണ്ടി​യാണ് ഗുരുദേവകൃതി​കൾ വ്യാഖ്യാനി​ച്ചത്. സത്യവസ്തുവി​നെ അറി​യുക എന്നതായി​രുന്നു എന്റെ ലക്ഷ്യം. ഞാൻ അതറി​ഞ്ഞു; അനുഭവിച്ചു."

ജഗത്തിന്റെ പരമ കാരണം ബ്രഹ്മമാണ്. അഖണ്ഡബോധമാണ് ബ്രഹ്മം. അത് അജമാണ്; അമരമാണ്; നിർവികാരമാണ്; പൂർണമാണ്. അങ്ങനെയുള്ള പരമ കാരണത്തിൽ നിന്ന് ഒന്നും തന്നെ യഥാർത്ഥത്തിൽ ജനിക്കാനോ മരിക്കാനോ സാദ്ധ്യമല്ല. അപ്പോൾ ഭിന്നവസ്തുക്കൾ നിലവിലുണ്ടെന്നും അവ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു എന്നുമൊക്കെ തോന്നുന്നത് ഏകവസ്തുവിലെ വെറും ഭ്രമദർശനങ്ങൾ മാത്രം. ഉപനിഷത്തുകൾ അന്വേഷിച്ചു കണ്ടെത്തിയ ഈ വസ്തു സ്ഥിതി സാറിന്റെ വ്യാഖ്യാനങ്ങളിൽ സുവ്യക്തമായി, സൂക്ഷ്‌മമായി വെളിപ്പെടുന്നു. സത്യാന്വേഷികൾ അത് അനുഭവിച്ചറിയുന്നു.