ഒരിടവേളയ്ക്ക് ശേഷം രാജസ്ഥാൻ നിയമസഭാ മന്ദിരം വീണ്ടും വാർത്തകളിലിടം നേടുകയാണ്. ' പ്രേത ശല്യ'വും വാസ്തുവും പൂജയും തുടങ്ങിയ ഒരുകൂട്ടം വിചിത്ര വാദങ്ങളാണ് മന്ദിരത്തിന് നേരെ ഉയരുന്നത്. അടിക്കടി നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളും നിയമസഭാ മന്ദിരം അത്ര പന്തിയല്ല എന്ന വാദത്തിന് ശക്തി പകരുകയാണെന്നാണ് സംസാരം.
2000 ത്തിനും 2019നും ഇടയിൽ ഏകദേശം 27 ഉപതിരഞ്ഞെടുപ്പുകളാണ് രാജസ്ഥാൻ നിയമസഭയിൽ നടന്നത്. കൂടാതെ നാല് എം.എൽ.എമാരുടെ മരണത്തെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന നാല് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾ ഈ വർഷമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ 20 വർഷത്തിനിടെ രാജസ്ഥാനിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ എണ്ണം 31 ആവുന്നു.
2001ൽ പുതിയ മന്ദിരത്തിലേക്ക് മാറ്റിയത് മുതൽ നിയമസഭയിൽ ആകെ പ്രശ്നങ്ങളാണെന്നാണ് മുൻ ബി.ജെ.പി എം.എൽ.എ ഗ്യാൻചന്ദ് അഹൂജ ആരോപിക്കുന്നത്. സംസ്ഥാനത്ത് നിരന്തരം വർദ്ധിച്ചുവരുന്ന ഉപതിരഞ്ഞെടുപ്പുകളുടെ എണ്ണം പരിശോധിക്കുന്നതിനായി പ്രത്യേക ഹോമവും പൂജയും വേണമെന്നാണ് അഹൂജ പറയുന്നത്. ഇക്കാര്യം അഹൂജ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 20 വർഷത്തിനിടെ കുറഞ്ഞത് 200 എം.എൽ.എമാർക്കെങ്കിലും തങ്ങളുടെ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് രാംഗഢിൽ നിന്നുള്ള മുൻ എം.എൽ.എയായിരുന്ന അഹൂജ പറയുന്നു. ഇതിൽ ചിലർ മരിച്ചു, ചിലർ ജയിലിലായി, മറ്റുചിലർക്ക് എന്നാൽ നല്ല വിധിയായിരുന്നു. അവർക്ക് പാലർമെന്റിലേക്ക് അവസരം കിട്ടി. കഴിഞ്ഞ നാല് മാസത്തിനിടെ രാജസ്ഥാനിലെ നാല് സിറ്റിംഗ് എം.എൽ.എമാരാണ് മരിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കോൺഗ്രസ് എം.എൽ.എ കൈലാഷ് ത്രിവേദി അന്തരിച്ചു. നവംബറിൽ ബി.ജെ.പി എം.എൽ.എ കിരൺ മഹേശ്വരിയും കോൺഗ്രസ് എം.എൽ.എയായ ഭൻവർലാൽ മെഗ്വാളും അന്തരിച്ചു. ഇക്കഴിഞ്ഞ ജനുവരിയിൽ കോൺഗ്രസ് എം.എൽ.എ ഗജേന്ദ്ര സിംഗ് ഷെഖാവത്തിനും ജീവൻ നഷ്ടമായി.
വാസ്തു ശരിയല്ല
2001ൽ ജയ്പൂരിലെ ജ്യോതി നഗറിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറിയ ശേഷം ആകെയുള്ള 200 എം.എൽ.എമാരിൽ മുഴുവൻ പേർക്കും മുമ്പത്തെ പോലെ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇത് അസാധാരണമാണെന്നും പറയുന്ന അഹൂജ പൂജാ വിധികളിലൂടെ അസംബ്ലി മണ്ഡലം ശുദ്ധമാക്കാനാകുമെന്ന് പറയുന്നു. അസംബ്ലി മന്ദിരത്തിനിടുത്ത് തന്നെയുള്ള ശ്മശാനമാണ് ഇവിടുത്തെ വാസ്തുദോഷത്തിന് കാരണമെന്നാണ് അഹൂജയുടെ കണ്ടെത്തൽ.
''മുമ്പ് ബി.ജെ.പിയുടെ ഭരണകാലയളവിൽ അസംബ്ലി മന്ദിരത്തിൽ ഒരു കലശം സ്ഥാപിച്ചിരുന്നു. അതുകൊണ്ട് തന്നെ അക്കാലയളവിൽ എം.എൽ.എമാർക്ക് ജീവഹാനി സംഭവിച്ചില്ല. എന്നാൽ, കോൺഗ്രസ് ഭരണത്തിൽ വന്നതോടെ ഈ കലശം നീക്കം ചെയ്യുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തു. മുഖ്യമന്ത്രി പ്രധാനമായും ചൊവ്വാഴ്ച ദിവസങ്ങളിലാണ് അസംബ്ലി സെഷനുകൾ ആരംഭിക്കുന്നത്. പുതിയ തുടക്കങ്ങൾക്കായുള്ള ശുഭ ദിനമല്ല ഇത്."" മുഖ്യമന്ത്രി തെറ്റായ തീരുമാനങ്ങൾ സ്വീകരിക്കുന്നതായും വാസ്തു കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾക്ക് ശരിയായ ഊന്നൽ നൽകുന്നില്ലെന്നും അഹൂജ ആരോപിക്കുന്നു.
പ്രേതശല്യം
2018ലും രാജസ്ഥാൻ അസംബ്ലിയുടെ പേരിൽ സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. കെട്ടിടത്തിൽ ' പ്രേതാത്മാക്കളുടെ ' സാന്നിദ്ധ്യമുണ്ടെന്നായിരുന്നു എം.എൽ.എമാരുടെ പരാതി. അന്നും ഇതുപോലെ പൂജകളും ശുദ്ധികലശവുമൊക്കെ വേണമെന്ന് വൻ ചർച്ച തന്നെ നിയമസഭയിൽ നടന്നിരുന്നു. കെട്ടിടത്തിന് ഗുരുതരമായ വാസ്തു ദോഷമുണ്ടെന്നാണ് സംസ്ഥാനത്തെ പേരുകേട്ട ജ്യോതിഷികളിലൊരാളായ ദീപക് ജോഷിയുടെ അഭിപ്രായം.
ശ്മശാനത്തിന്റെ സാന്നിദ്ധ്യവും തെക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന ഗേറ്റുകളുടെ സ്ഥാനവുമൊക്കെ പ്രശ്നമായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ മന്ദിരം നിലനിൽക്കുന്ന പ്രദേശവും ശ്മശാന ഭൂമിയായിരുന്നുവെന്നും അവിടെ വസിക്കുന്നവർക്ക് ഒരിക്കലും സുസ്ഥിരമായ ജീവിതം നയിക്കാനാവില്ലെന്നും അതാണ് മുഴുവൻ എം.എൽ.എമാർക്കും കാലാവധി പൂർത്തിയാക്കാൻ കഴിയാത്തതെന്നും ജോഷി പറയുന്നു. അതേ സമയം, ' 2 ' അസ്ഥിരതയെ സൂചിപ്പിക്കുന്നുവെന്നും 200 സീറ്റ് എന്ന കണക്ക് കൂട്ടുന്നതോ കുറയ്ക്കുന്നതോ വഴി ന്യൂമറോളജി പ്രകാരം പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നും ജോഷി പറയുന്നു.
മരണങ്ങളുടെ പരമ്പര
2017 - 18 കാലയളവിൽ നത്ധ്വര എം.എൽ.എയായിരുന്ന കല്യാൺ സിംഗ് ചൗഹാൻ, മണ്ഡൽഗഢിൽ നിന്നുള്ള എം.എൽ.എ കൃതി കുമാരി എന്നിവർ ആറ് മാസത്തെ വ്യത്യാസത്തിൽ മരിച്ചിരുന്നു. 2001ൽ അന്നത്തെ ഭീംസെൻ ചൗധരി, ഭിഖ ഭായ് എന്നിവരും 2002ൽ കിഷൻ മൊട്ട്വാനി, ജഗത് സിംഗ് ദൈമ എന്നിവരും എം.എൽ.എ പദവിയിലിരിക്കെ മരണമടഞ്ഞു. 2003ൽ രൂപ്ലാൽ മീന, തൊട്ടടുത്ത വർഷം റാം സിംഗ് ബിഷ്ണോയി, 2006ൽ അരുൺ സിംഗ്, നാഥൂറാം അഹാരി എന്നിവർക്കും സമാന വിധിയായിരുന്നു.
2008 - 2013, 2013 - 2018 കാലയളവിൽ സിറ്റിംഗ് എം.എൽ.എമാരെ തേടി അനിഷ്ട സംഭവങ്ങളൊന്നും എത്തിയില്ല. എന്നാൽ 2018 ഏപ്രിലിൽ മുണ്ടാവറിൽ നിന്നുള്ള എം.എൽ.എ ധരംപാൽ ചൗധരി അന്തരിച്ചിരുന്നു. 2018ൽ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റാംഗഢ് മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന ലക്ഷ്മൺ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിനാൽ 199 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
ഉപതിരഞ്ഞെടുപ്പുകൾ
2001 - 2003 .......5
2004 - 2008 .......3
2009 - 2013 ....... 2
2014 - 2018 .......8
2019 - 2020 .......2
പുതിയ അസംബ്ലി മന്ദിരത്തിലെ പണി പൂർത്തിയാകവെ, 2000ത്തിൽ നടന്നത് 7 ഉപതിരഞ്ഞെടുപ്പുകൾ.