1

നെയ്യാറ്റിൻകര: കോടികൾ ചെലവാക്കി നിർമ്മിച്ച കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയം അനാഥമായി നശിക്കുന്നു. അധികൃതരുടെ മൗന നടപടിക്കെതിരെ പ്രതിഷേധം ശക്തം.

3 കോടി 60 ലക്ഷം രൂപ ചെലവാക്കി 2013ൽ പണി തുടങ്ങി 2016 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത കെട്ടിടങ്ങളാണ് ഇപ്പോൾ അനാഥമായി നശിക്കുന്നത്. കെട്ടിടങ്ങൾക്ക് അമിതവാടകയും അഡ്വാൻസും ഈടാക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ ശ്രമമാണ് വ്യാവാര സമുച്ചയങ്ങൾ അടഞ്ഞു കിടക്കുന്നതിനു കാരണമായിട്ടുള്ളത്.

ലോക്ക് ഡൗണിന് മുൻപാണ് അവസാനമായി കെ.എസ്.അർ.ടി.സി ടെൻഡർ നടത്തിയത്. ഈ ഘട്ടത്തിൽ അമിത തുക ടെൻഡറിൽ ആവശ്യപ്പെട്ടത് കാരണം കടമുറികൾ എടുക്കാൻ തയ്യാറാകാതെ വ്യാപാരികൾ പിൻമാറുകയായിരുന്നു. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര ടൗണിലും സമീപ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ ഒവിവാക്കപ്പെട്ടേക്കാം. ഈ സാഹചര്യത്തിൽ ഒഴിവാക്കപ്പെടുന്ന കടമുറികൾക്ക് പകരം വയ്ക്കാനെന്ന തരത്തിലാണ് കെ.എസ്.ആർ.ടി.സി വ്യാപാര സമുച്ചയം നിർമ്മിക്കാൻ തയ്യാറായത്.

സമീപത്തായി നഗരസഭയുടെ വക അക്ഷയ വ്യാപാര സമുച്ചയം സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും അവിടെ കട മുറികൾ ഒന്നുംതന്നെ ഒഴിവില്ല. വ്യാപാരം തുടങ്ങാനായി അക്ഷയ സമുച്ചയത്തിലെത്തുന്നവർക്ക് വേണ്ടി നഗരസഭ തന്നെ പുതിയൊരു മന്ദിരത്തിന് തുടക്കം കുറിച്ചെങ്കിലും അതിന്റെ നിർമ്മാണ പ്രവർത്തനം ഇനിയും പൂർത്തിയായിട്ടില്ല. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് വ്യാപാരികൾ കെ.എസ്.ആർ.ടി.സി വ്യാപാര സമുച്ചയത്തെ ആശ്രയിച്ചത്.

കൊവിഡ് കാലത്ത് പല കടകളിലും തിരക്ക് കുറഞ്ഞതിനെ തുടർന്ന് വ്യാപാരികൾ വാടക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും തന്നെ അംഗീകരിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറായിട്ടില്ല.
കെ.എസ്.ആർ.ടി.സി വ്യാപാര സമുച്ചയത്തിലെ വാടകയും അഡ്വാൻസും കുറവു ചെയ്ത് കിട്ടണമെന്ന വ്യാപാരികളുടെ ആവശ്യം ശക്തമാണ്.