
ശരീരത്തിലെ അണുബാധ തടയുന്നത് ടോൺസിലുകളാണ്. അതുകൊണ്ടാണ് ടോൺസിലുകൾ രോഗപ്രതിരോധത്തിന്റെ ഭാഗമാകുന്നത്. വീങ്ങുന്ന ടോൺസിലുകൾ മിക്കവാറും നാലു മുതൽ പത്ത് ദിവസത്തിനുള്ളിൽ സ്വയം സുഖം പ്രാപിക്കുന്നതിന്റെ കാരണം ഇതുതന്നെയാണ്.
മൂന്ന് മുതൽ നാല് ദിവസം വരെ ബുദ്ധിമുട്ടുണ്ടാക്കുകയും ചിലപ്പോൾ രണ്ടാഴ്ച വരെ ചെറിയ പ്രയാസങ്ങളോടെ തുടരുകയും ചെയ്യുന്നവയാണ് അക്യൂട്ട് ടോൺസിലൈറ്റിസ്. ഒരു വർഷത്തിൽ തന്നെ പലതവണയുണ്ടാകുന്നതാണ് റെക്കറന്റ് ടോൺസിലൈറ്റിസ്. ദീർഘനാൾ തുടർച്ചയായി നിലനിൽക്കുന്നതിനെ ക്രോണിക് ടോൺസിലൈറ്റിസ് എന്നും വിളിക്കുന്നു.
തീരെ ചെറിയ കുട്ടികളിൽ വൈറസ് കാരണവും അഞ്ച് മുതൽ 15 വയസ് വരെയുള്ള കുട്ടികളിൽ ബാക്ടീരിയ കാരണവുമുള്ള ടോൺസിലൈറ്റിസ് ആണ് കൂടുതലായി കാണുന്നത്. വയോധികരിലും ടോൺസിലൈറ്റിസ് സാധാരണമാണ്. സ്കൂൾ കുട്ടികളിൽ പരസ്പരവും അവരിൽ നിന്ന് അദ്ധ്യാപകരിലേക്കും അണുബാധ കിട്ടുന്നതിന് സാദ്ധ്യത കൂടുതലാണ്.
ലക്ഷണങ്ങൾ
തൊണ്ടവേദന, പനി, വീക്കമുള്ള ടോൺസിലുകൾ, ഭക്ഷണമോ ഉമിനീരോ ഇറക്കുമ്പോൾ വേദന, തൊണ്ടയിൽ വേദനയോടുകൂടിയ പൊള്ളലോ വ്രണങ്ങളോ കാണുക, തലവേദന, വിശപ്പില്ലായ്മ, ചെവിവേദന, കുളിര്,വായ നാറ്റം, ശബ്ദവ്യത്യാസം,കഴുത്തിന് പിടിത്തം എന്നിവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങൾ.
കുട്ടികളിൽ ദഹനപ്രശ്നങ്ങൾ, ഛർദ്ദി, വയറുവേദന,ഭക്ഷണം വേണ്ടായ്ക,തുപ്പൽ ഒലിക്കുക എന്നിവ കൂടി കാണും.
വേണ്ടസമയത്ത് ചികിത്സ ചെയ്യാത്തവരിൽ വാതപ്പനി, സൈനസൈറ്റിസ്, വൃക്കരോഗം എന്നിവ ഉണ്ടാകുന്നതിനുള്ള സാദ്ധ്യതയുമുണ്ട്.
ഒഴിവാക്കേണ്ടവ
കട്ടിയുള്ളതും മൂർച്ച തോന്നുന്നതുമായ ചിപ്സ് ഒഴിവാക്കണം. ബ്രഡ്,
ബിസ്കറ്റ്, ഉണക്കിയ ധാന്യങ്ങൾ എന്നിവയും നല്ലതല്ല. കാരറ്റ്, ആപ്പിൾ എന്നിവ പച്ചയായി കഴിക്കുന്നതും ഒഴിവാക്കണം. കോഫി, ചായ, അസിഡിറ്റി ഉണ്ടാക്കുന്ന മറ്റ് ഭക്ഷണങ്ങൾ എന്നിവ നല്ലതല്ല.
ഉപയോഗിക്കേണ്ടവ
ടോൺസിലൈറ്റിസുള്ളപ്പോൾ വിശ്രമം, ഉപ്പുവെള്ളം കവിൾകൊള്ളുക, തൊണ്ടയ്ക്ക് സുഖം തോന്നുന്ന ഔഷധങ്ങൾ അലിയിച്ചിറക്കുക, ഇറക്കാൻ ബുദ്ധിമുട്ടില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുക എന്നിവ ശ്രദ്ധിക്കേണ്ടതാണ്. വാഴപ്പഴം കഴിക്കണം.
അസിഡിറ്റിക്ക് എതിരെയുള്ള അന്റാസിഡുകൾ കഴിക്കുന്നത് ടോൺസിലൈറ്റിസ് കാരണമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കും. അനുയോജ്യമായ കഷായമുണ്ടാക്കി ഇടയ്ക്കിടെ കുറേശ്ശെ കുടിയ്ക്കുന്നത് ഗുണം ചെയ്യും. ടൂത്ത് ബ്രഷ് മാറ്റുന്നതും ചിലപ്പോൾ പ്രയോജനകരമാണ്. പലപ്പോഴും ടൂത്ത് ബ്രഷ് കാരണമുള്ള അണുബാധ ടോൺസിലൈറ്റിസിന് കാരണമാകാറുണ്ട്.
ഫലപ്രദമായ ആയുർവേദ ഔഷധങ്ങൾ ഉപയോഗിച്ച് ടോൺസിലൈറ്റിസ് സർജറി തന്നെ ഒഴിവാക്കാൻ സാധിക്കും. ദീർഘനാൾ ചികിത്സിച്ചിട്ടും ഭേദമാകാത്ത ടോൺസിലൈറ്റിസിനെ ആയുർവേദ ചികിത്സകൊണ്ട് സുഖപ്പെടുത്താനാകും.