നെയ്യാറ്റിൻകര: മാരായമുട്ടം പൊലീസ് സ്റ്റേഷനിലെ ജീപ്പ് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് പരിക്ക്. മണലുവിളയിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വിവാഹത്തിൽ പങ്കെടുക്കാൻ പോയ മാരായമുട്ടം ശ്യാമളവിലാസത്തിൽ ഹൃദ്യ, ഗൗതം, ഓട്ടോ ഡ്രൈവർ മോഹനൻ നായർ എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോ തലകീഴായി മറിഞ്ഞിട്ടും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് പരാതി. ഒടുവിൽ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗൗതമിന്റെ വലതുകൈയ്ക്ക് പൊട്ടലുണ്ട്. അതേസമയം അമിതവേഗത്തിലെത്തിയ ഓട്ടോ ജീപ്പിലിടിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം. ജീപ്പിടിച്ച കാര്യം സ്റ്റേഷനിൽ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. പരിക്കേറ്റ മൂന്നുപേരും ചികിത്സയിലാണ്.