
അനുഷ്‌ക ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും കുഞ്ഞുണ്ടായ വിവരം എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. ജനുവരി 11നായിരുന്നു തങ്ങളുടെ ജീവിതത്തിലേക്ക് ആദ്യത്തെ കൺമണി വന്ന വിവരം ഇരുവരും ആരാധകരെ എറിയിച്ചത്. അനുഷ്കയ്‌ക്കൊപ്പം നിൽക്കാനായി ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്ലി നാട്ടിലെത്തിയിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തുവിട്ടില്ലെങ്കിലും വലിയ ആകാംക്ഷയോടെയാണ് താരപുത്രിയെ കാണാൻ എല്ലാവരും കാത്തിരുന്നത്. അതേസമയം മകളുടെ വിശേഷം പങ്കുവച്ചുള്ള അനുഷ്കയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മകൾക്ക് പേരിട്ട സന്തോഷം പങ്കുവച്ചാണ് വിരാടും അനുഷ്കയും ഇത്തവണ എത്തിയത്. വാമിക എന്നാണ് താരദമ്പതികൾ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പേരിടൽ ചടങ്ങിൽ നിന്നുള്ള ഒരു കുടുംബ ചിത്രം പങ്കുവച്ചായിരുന്നു അനുഷ്ക സോഷ്യൽ മീഡിയയിൽ എത്തിയത്. അനുഷ്കയുടെ ചിത്രത്തിന് പിന്നാലെ ആശംസകൾ നേർന്ന് സിനിമാ ലോകവും ആരാധകരുമെല്ലാം എത്തിയിരുന്നു. "എന്റെ ലോകം ഒറ്റ ഫ്രെയിമിൽ" എന്നാണ് വിരാട് കോഹ്‌ലി അനുഷ്‌കയുടെ ചിത്രത്തിന് താഴെ കുറിച്ചത്. പിന്നാലെ ആശംസകളുമായി കാജൽ അഗർവാൾ, വാണി കപൂർ, ഹർദ്ദിക്ക് പാണ്ഡ്യ, സോയ അക്തർ, ദിയ മിർസ ഉൾപ്പെടെയുളളവരും എത്തി. മുൻപ് തങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ശരിയായ സമയത്ത് കുഞ്ഞുമായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തുമെന്നും കോലിയും അനുഷ്കയും അറിയിച്ചിരുന്നു. "പരസ്പര സ്‌നേഹത്തിലും സാന്നിദ്ധ്യത്തിലും ഞങ്ങൾ ഇത്രയും കാലം ഒന്നിച്ചു ജീവിക്കുകയായിരുന്നു. ഇപ്പോൾ ഞങ്ങളുടെ മകൾ അത് പുതിയ തലത്തിൽ എത്തിച്ചിരിക്കുന്നു. സന്തോഷം കണ്ണുനീർ, ചിരി, ആനന്ദം അങ്ങനെ ഓരോ വികാരങ്ങളും മിനിട്ടുകൾക്കുള്ളിൽ മാറി മാറി അനുഭവിക്കുന്നു. ഉറക്കം അധികമില്ലെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്." മകൾക്കൊപ്പമുളള ചിത്രം പങ്കുവച്ച് അനുഷ്ക ശർമ്മ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒപ്പം തങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിച്ചുമാണ് നടിയുടെ കുറിപ്പ് അവസാനിക്കുന്നത്. 2017ലായിരുന്നു അനുഷ്കയുടെയും കോഹ്‌ലിയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും ജീവിതത്തിലും ഒന്നിച്ചത്. സിനിമാ ലോകവും ക്രിക്കറ്റ് ലോകവും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു അനുഷ്കയുടെയും കോഹ്ലിയുടെതും. അനുഷ്കയുടെ പിന്തുണയെ കുറിച്ചെല്ലാം മുൻപ് പല അഭിമുഖങ്ങളിലും കോഹ്‌ലി തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു ഗർഭിണിയാണെന്ന കാര്യം അനുഷ്ക സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വിവാഹം കഴിഞ്ഞ ശേഷം ലോക്ക്ഡൗൺ കാലമാണ് തങ്ങൾ കൂടുതൽ ചെലവഴിച്ചതെന്ന് മുൻപ് അനുഷ്‌കയും വിരാടും പറഞ്ഞിരുന്നു. ഈ സമയത്തെല്ലാം കുടുംബത്തിനൊപ്പമാണ് ഇരുവരും കൂടുതൽ സമയം ചെലവഴിച്ചത്.