
പുതിയ റിലീസുകൾ വൈകും
കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ വീണ്ടും പ്രതിസന്ധിയിലേക്ക്. അമ്പത് ശതമാനം ഒക്യുപെൻസിയിൽ മൂന്ന് പ്രദർശനം മാത്രം നടത്തി പിടിച്ചുനിൽക്കാൻ പ്രദർശനശാലകൾക്കാകില്ലെന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
തിയേറ്ററുകൾ വീണ്ടും തുറന്നശേഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ചിലത് മികച്ച അഭിപ്രായം നേടിയെങ്കിലും കളക്ഷനിൽ അത് പ്രതിഫലിച്ചിട്ടില്ല. പല സിനിമകളും പ്രേക്ഷകരില്ലാത്തതിനാൽ ഷോകളുടെ എണ്ണം കുറയ്ക്കുകയോ ഷോ തന്നെ ഉപേക്ഷിക്കുകയോ ചെയ്യേണ്ട ഗതികേടിലാണ് തിയേറ്ററുകൾ.
റിലീസ് ദിവസം പോലും കാണാനാളില്ലാത്തതിനാൽ പല സിനിമകളും പ്രദർശിപ്പിക്കാൻ തിയേറ്ററുടമകൾ തയ്യാറായില്ല.
രാജ്യത്തെ സിനിമാശാലകളിൽ നൂറ് ശതമാനം സീറ്റുകളിൽ കാണികളെ പ്രവേശിപ്പിക്കാനുള്ള മാർഗനിർദ്ദേശം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച് കഴിഞ്ഞെങ്കിലും ഇത് കേരളത്തിൽ പ്രാവർത്തികമാകാൻ ഇനിയും വൈകും. സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുന്നതോടെ തിയേറ്ററുകളിൽ വീണ്ടും കാഴ്ചക്കാർ കുറയാനാണ് സാദ്ധ്യത.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും വർദ്ധിച്ച സാഹചര്യത്തിൽ രാത്രി ഒമ്പത് മണിക്ക് ശേഷം തിയേറ്ററുകൾ പ്രവർത്തിപ്പിക്കരുതെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ രാത്രി 11 മണി വരെ ബാറുകൾ ഉൾപ്പെടെയുള്ള പല വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുമ്പോൾ തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണമേർപ്പടുത്തുന്നതിൽ സിനിമാ പ്രവർത്തകരിൽ ഭൂരിഭാഗവും അസംതൃപ്തരാണെങ്കിലും സിനിമാരംഗത്തെ സംഘടനകളൊന്നും ഇതുവരെ ഇതിനെതിരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
സെക്കൻഡ് ഷോയ്ക്കാണ് പല നഗരങ്ങളിലും ഏറ്റവും കൂടുതൽ കളക്ഷൻ വരുന്നത്. സെക്കൻഡ് ഷോയില്ലാത്തതിനാൽ പല ബിഗ് ബഡ്ജറ്റ് സിനിമകളും റിലീസ് ചെയ്യാൻ നിർമ്മാതാക്കളും വിതരണക്കാരും മടിക്കുകയാണ്.
മമ്മൂട്ടിച്ചിത്രമായ ദ പ്രീസ്റ്റാണ് റിലീസ് മാറ്റിയ വമ്പൻ ചിത്രങ്ങളിലൊന്ന്. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് ഫെബ്രുവരി നാലിന് റിലീസ് ചെയ്യാനിരുന്നതാണ്. മാർച്ച് നാലിലേക്കാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയത്.
മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യർ ആദ്യമായഭിനയിക്കുന്ന ദ പ്രീസ്റ്റിൽ നിഖില വിമൽ, സാനിയ അയ്യപ്പൻ, ബേബി മോണിക്ക തുടങ്ങിയവരും വേഷമിടുന്നുണ്ട്.
എന്നാൽ നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ത്രില്ലറായ ഓപ്പറേഷൻ ജാവ മുൻ നിശ്ചയപ്രകാരം ഫെബ്രുവരി 12ന് തന്നെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ വിതരണക്കാർ അറിയിച്ചു. വിനായകൻ, ബാലുവർഗീസ്, ലുക്മാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
അമിത് ചക്കാലയ്ക്കൽ നായകനാകുന്ന യുവമാണ് റിലീസിന് തയ്യാറായിക്കഴിഞ്ഞ മറ്റൊരു ചിത്രം. നവാഗതനായ പിങ്കുപീറ്ററാണ് സംവിധായകൻ.