
വർക്കല: കിഫ്ബിയുടെ 5 കോടി രൂപ വിനിയോഗിച്ച് വർക്കല ഗവ. മോഡൽ എച്ച്.എസ്.എസിൽ നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെയും പൂർത്തീകരിച്ച വിവിധ പദ്ധതികളുടെയും ഉദ്ഘാടനം 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുമെന്ന് അഡ്വ. വി. ജോയി എം.എൽ.എ അറിയിച്ചു. പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ
വിശാലമായ 10 ക്ലാസ് മുറികൾ, ആധുനിക സജ്ജീകരണങ്ങളുള്ള സയൻസ് കംപ്യൂട്ടർ ലാബുകൾ, ലൈബ്രറി, ഓഫീസ് മുറികൾ, 2000 പേർക്ക് ഇരിക്കാൻ കഴിയുന്ന വിശാലമായ ഓഡിറ്റോറിയം, ആധുനിക രീതിയിലുള്ള സ്റ്റേജ്, കോൺഫറൻസ് ഹാൾ, 500 പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഡൈനിംഗ് ഹാൾ, ആധുനിക രീതിയിലുള്ള പാചകപ്പുര, ആധുനിക സംവിധാനങ്ങളുള്ള ശുചി മുറികൾ, 20,000 ലിറ്റർ ഉൾക്കൊള്ളുന്ന ജലസംഭരണി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വർക്കല സ്കൂൾ മികവിന്റെ കേന്ദ്രമാകുന്നതിലുപരി മനോഹരവും ആകർഷണീയവുമാകുന്നുവെന്നത് ശ്രദ്ധേയമാണ്. വർക്കലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുക്കൊണ്ട് നിർമ്മിക്കപ്പെട്ട മന്ദിരം ഒരു നാഴികക്കല്ലായി മാറുമെന്നും അഡ്വ. വി. ജോയി എം.എൽ.എ പറഞ്ഞു.