
തിരുവനന്തപുരം: കൊവിഡ് മഹാമാരിയോട് പടവെട്ടുമ്പോഴും, കേരളത്തിന് ഏഴ് വർഷം മുൻപ് അനുവദിച്ച എയിംസിനെക്കുറിച്ച് (ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽസയൻസ്) കേന്ദ്ര ബഡ്‌ജറ്റിൽ മിണ്ടാട്ടമില്ല.
രാജ്യത്താദ്യം കൊവിഡ് രോഗമുണ്ടായതും, ഇപ്പോഴും ഏറ്റവുമധികം രോഗികളുള്ളതും കേരളത്തിലാണ്. എയിംസ് വന്നാൽ ഗുണമേന്മയുള്ള വിദഗ്ദ്ധചികിത്സയും വൈറോളജിയിലടക്കം ഗവേഷണവും ലഭിക്കും. വിദഗ്ദ്ധ ഡോക്ടർമാരും ലോകോത്തര ചികിത്സാസൗകര്യങ്ങളും കിട്ടും. പക്ഷേ, കേരളത്തിന്റെ എയിംസ് വാഗ്ദാനമായി തുടരുന്നു.
കേരളത്തിനൊപ്പം പ്രഖ്യാപിച്ച തമിഴ്നാട് എയിംസ് 2022ൽ മധുരയിൽ പ്രവർത്തനം തുടങ്ങും. ജപ്പാൻ അന്താരാഷ്ട്ര കോർപറേഷന്റെ (ജൈക്ക) വായ്‌പയടക്കം 1246 കോടി ചെലവിൽ 224.24 ഏക്കറിലാണ് അവിടെ എയിംസ്. കുടിവെള്ളവും റോഡുമുള്ള ഇരുന്നൂറേക്കർ നൽകിയാൽ എയിംസ് നൽകാമെന്നായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനം. യു.ഡി.എഫ് സർക്കാർ തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും സ്ഥലം കണ്ടെത്തി. പിന്നെ, എയിംസിനായി ജില്ലകളുടെ പിടിവലിയായിരുന്നു. നാല് സ്ഥലങ്ങളുടെ പട്ടിക കിട്ടിയപ്പോൾ, റവന്യൂ രേഖകൾ, റോഡ്-റെയിൽ-വ്യോമ കണക്ടിവിറ്റി അടക്കം നൂറു ചോദ്യങ്ങൾ കേന്ദ്ര സർക്കാർ ഉന്നയിച്ചു. ജില്ലാകളക്ടർമാർ വിശദമായ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് സമർപ്പിച്ചു. രണ്ടു വർഷം കഴിഞ്ഞപ്പോൾ, എയിംസ് ഇപ്പോൾ പരിഗണനയിലില്ലെന്ന് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് എയിംസിനായി പലവട്ടം ഡൽഹിയിലെത്തി. കോഴിക്കോട് കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ പക്കലുള്ള 200ഏക്കർ വിട്ടുനൽകാമെന്ന് രേഖാമൂലം അറിയിച്ചു. ബഡ്‌ജറ്റിൽ തുക വകയിരുത്തുമെന്ന ഉറപ്പ് പലവട്ടം കിട്ടിയെങ്കിലും എല്ലാം പാഴായി. പിന്നീട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ സംഘം ഡൽഹിയിലെത്തി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. കേരളത്തെ തഴഞ്ഞ് തെലങ്കാനയിലും ജമ്മുവിലും പിന്നീട് എയിംസ് അനുവദിച്ചു.
കാലുമാറി
കേന്ദ്രം
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് 2014മുതൽ പലവട്ടം കേന്ദ്രം പ്രഖ്യാപിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയനും,ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കും കേന്ദ്രമന്ത്രിയായിരുന്ന ജെ.പി.നദ്ദ ഉറപ്പു നൽകിയതാണ്. എന്നാൽ, ലോക്സഭയിൽ 2018ൽ ശശി തരൂർ എയിംസിനെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചപ്പോൾ, കേരളത്തിന് എയിസ് ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.