cow

വെള്ളറട: വേനൽ കടുത്തതോടെ മലയോരമേഖലയിലെ കന്നുകാലി കർഷകർ കടുത്ത പ്രതിസന്ധിയിലായി. കന്നുകാലികൾക്ക് ആവശ്യമായ പുല്ലുകൾ ശേഖരിക്കാൻ കഴിയാതെയും വെള്ളത്തിനും ബുദ്ധിമുട്ട് തുടങ്ങിയതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്.

ശക്തമായ വേനലിൽ മലയോര മേഖലയിലെ കൃഷിയിടങ്ങളിലുള്ള പച്ചപ്പുല്ലുകളെല്ലാം കരിഞ്ഞുണങ്ങി. ഇതുകാരണം പുല്ല് കിട്ടാനില്ല. ഇതിന് പുറമെ തമിഴ്നാട്ടിൽ നിന്നുള്ള വയ്ക്കോലിന്റെ വരവും കാര്യമായി കുറഞ്ഞു. നേരത്തേ ലഭിച്ചുകൊണ്ടിരുന്നതിനെക്കാൾ വയ്ക്കോലിന് കെട്ടിൻ മേൽ പത്തുരൂപയിലേറെ വർദ്ധിച്ചു. എന്നാൽ ഉത്പാദന ചെലവിനനുസരിച്ച് പാലിന് വിലയുമില്ല.
വേനൽ ഈ നിലയിൽ തുടർന്നാൽ കന്നുകാലികളെ എങ്ങനെ തീറ്റിപ്പോറ്റുമെന്ന ആശങ്കയിലാണ് കർഷകർ. കർഷകർക്ക് സ്വന്തമായി ഉണ്ടായിരുന്ന പുല്ല് വളർത്തൽ കേന്ദ്രങ്ങളും കരിഞ്ഞുണങ്ങി. ഇതുകാരണം കാലികൾക്ക് ആശ്രയം വയ്ക്കോൽ മാത്രമാണ്. പാൽ കുറവ് അനുഭവപ്പെടുന്ന വേനലിലെങ്കിലും ഉത്പാദന ചെലവിനനുസരിച്ചുള്ള വിലകിട്ടിയില്ലെങ്കിൽ ഇതുകൊണ്ട് ജീവിക്കാൻ കഴിയില്ലെന്നാണ് ക്ഷീരകർഷകർ പറയുന്നത്.

ഉത്പാദിപ്പിക്കുന്ന പാൽ സഹകരണ സംഘങ്ങളിൽ നൽകിയാൽ പാലിന്റെ കൊഴുപ്പ് നോക്കിയുള്ള വില യാണ് ലഭിക്കുന്നത്. ഇതുകാരണം പലപ്പോഴും ഉല്പാദന ചിലവിന് പോലും തികയുകയില്ല. ക്ഷീരോത്പാദന മേഖലയിൽ കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികളുണ്ടെങ്കിലും അത് കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. വേനൽ കണക്കിലെടുത്ത് പാലിന് നേരിയ വിലയെങ്കിലും വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

നിലവിലെ പാൽ വില (കർഷകർക്ക് കിട്ടുന്നത്) - 30 രൂപ

വിപണി വില - 45 രൂപ

വയ്ക്കോൽ വില - 40 രൂപ (ഒരു കെട്ടിന്)

പിണ്ണാക്ക് - 3500 രൂപ (ഒരു ചാക്കിന്)

കടുത്ത വേനൽ തുടങ്ങിയതോടെ

പശുക്കൾക്ക് പാലും കുറഞ്ഞു. പ്രതിസന്ധിയിലായി ക്ഷീര കർഷകർ

വെള്ളത്തിനും ബുദ്ധിമുട്ട് തുടങ്ങി

തോടുകളും കുളങ്ങളും വറ്റി വരണ്ടതോടെ കാലികളെ കഴുകാൻ പോലും കഴിയാത്ത അവസ്ഥയാണ്.

സഹായിക്കാൻ

ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കുന്നതിനെക്കാൾ കൂടിയ വില നൽകി പലസ്ഥലങ്ങളിലും വ്യക്തികളും മറ്റു പുതിയ സംഘങ്ങളും രൂപീകരിച്ച് പാൽ ശേഖരിച്ച് വില്പന നടത്തുന്ന രീതിയും വർദ്ധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പാൽ നൽകുന്ന ക്ഷീര കർഷകർക്ക് സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കുന്നതിനെക്കാൾ മെച്ചപ്പെട്ട വില ലഭിക്കുന്നതായി കർഷകർ പറയുന്നു.