
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പിലെ ഡവലപ്മെന്റ് ഹാളിൽ ജോലി ചെയ്തുവരുന്ന നിരവധി ഉദ്യോഗസ്ഥർക്ക് ഒരുമിച്ച് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ, ഇന്നലെ മുതൽ മൂന്ന് ദിവസത്തേക്ക് ഡവലപ്മെന്റ് ഹാൾ അടച്ചുപൂട്ടി. ഇവിടെ വിവിധ സെക്‌ഷനുകളിലായി നൂറ്റിയമ്പതോളം ജീവനക്കാരാണ് പ്രവർത്തിച്ചുവരുന്നത്. അടച്ചുപൂട്ടിയതോടെ മറ്റുള്ളവർ ക്വാറന്റൈനിൽ പോയി.
ഡവലപ്മെന്റ് ഹാൾ അടിയന്തരമായി അടച്ചുപൂട്ടാനും ഹാൾ അണുവിമുക്തമാക്കാനും ധനകാര്യ അഡിഷണൽ ചീഫ്സെക്രട്ടറി ഉത്തരവിട്ടു. ജീവനക്കാർക്ക് ആന്റിജൻ ടെസ്റ്റ് നടത്താനായി നാലാം തീയതി ക്യാമ്പ് നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
29ന് നടന്ന സെക്രട്ടേറിയറ്റ് ക്യാന്റീൻ തിരഞ്ഞെടുപ്പിൽ കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി ജീവനക്കാർ കൂട്ടംകൂടിയെത്തിയത് വാർത്തയായിരുന്നു. പിന്നാലെയാണിപ്പോൾ ഉദ്യോഗസ്ഥർക്ക് ഒരുമിച്ച് കൊവിഡ് സ്ഥിരീകരിച്ചതും. സൗത്ത് കോൺഫറൻസ് ഹാളിൽ വച്ചായിരുന്നു ധനകാര്യ വകുപ്പ് ജീവനക്കാർക്ക് പോളിംഗ് ക്രമീകരിച്ചിരുന്നത്.
എം.എൽ.എ ഫണ്ടിംഗ്, തദ്ദേശസ്ഥാപന വികസന ഫണ്ടിംഗ്, വിദ്യാഭ്യാസപദ്ധതികളുമായി ബന്ധപ്പെട്ട ഫണ്ടിംഗ് എന്നീ ധനകാര്യ വിഭാഗങ്ങളാണ് ഡവലപ്മെന്റ് ഹാളിൽ പ്രവർത്തിക്കുന്നത്. ഇത് അടച്ചുപൂട്ടിയ സാഹചര്യത്തിൽ തൽക്കാലം നിരീക്ഷണത്തിലുള്ള ജീവനക്കാർ വീട്ടിലിരുന്ന് ജോലിയെടുക്കും.
കൊവിഡിന്റെ കൂടി പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിനകത്തേക്ക് പൊതുജനത്തിന് പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങളാണ് നിലവിൽ. എന്നാൽ, അകത്ത് ജീവനക്കാർക്കിടയിൽ നിയന്ത്രണങ്ങളൊന്നും കാര്യമായി പാലിക്കപ്പെടുന്നില്ലെന്നാണ് വിമർശനം. ക്യാന്റീൻ തിരഞ്ഞെടുപ്പിലെ കൂട്ടംകൂടൽ വലിയ വിവാദമായിരുന്നു.