തിരുവനന്തപുരം: ദേശീയപാതയിൽ ഉദിയൻകുളങ്ങര ഭാഗത്തുവച്ച് പന്തിന് പിന്നാലെ ഓടിയെത്തിയ കുഞ്ഞിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ കെ.എസ്.ആർ.ടി.സി പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർ കെ. രാജേന്ദ്രനെ ആദരിച്ചു. കെ. രാജേന്ദ്രന് ഗുഡ് സർവീസ് എൻട്രി സർട്ടിഫിക്കറ്റ് നൽകുമെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു. കഴിഞ്ഞ 29ന് വൈകിട്ടാണ് കടയിൽ മാതാപിതാക്കളോടൊപ്പം സൈക്കിൾ വാങ്ങാനെത്തിയ രണ്ട് വയസുകാരൻ കൈയിൽ ഇരുന്ന പന്ത് റോഡിൽ പോയപ്പോൾ പിറകെ ഓടിയത്. റോഡിന് നടുവിൽ കുഞ്ഞ് എത്തിയപ്പോഴാണ് എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടത്. ഇതിനിടെ എത്തിയ ബസിലെ ഡ്രൈവർ രാജേന്ദ്രൻ സമയോചിതമായി ബ്രേക്കിട്ട് ബസ് നിറുത്തുകയായിരുന്നു. കടയിലെ നിരീക്ഷണകാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും വാർത്തയാകുകയും ചെയ്‌തിരുന്നു. പാപ്പനംകോട് ഡിപ്പോയിൽ നടന്ന ചടങ്ങ് എ.ടി.ഒ കെ.ജി. സൈജു ഉദ്ഘാടനം ചെയ്‌തു. എ.ഡി.ഇ നസീർ. എം, വൈക്കിൾ സൂപ്പർ വൈസർ യബനിസർ, യൂണിയൻ പ്രതിനിധികളായ സതീഷ് കുമാർ, അനിൽകുമാർ, രതീഷ്‌കുമാർ, മനോജ്, എസ്.കെ. മണി, സൂപ്രണ്ട് സന്ധ്യാ ദേവി, ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ വി.എസ്. ബിനു തുടങ്ങിയവർ പങ്കെടുത്തു.