feeding

കൊച്ചി: മുലപ്പാൽ ബാങ്ക് എന്ന ആശയം സംസ്ഥാനത്തും സഫലമാകുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ ഫെബ്രുവരി അഞ്ചിന് ആദ്യ മുലപ്പാൽ ബാങ്ക് പ്രവർത്തനം ആരംഭിക്കും. നെക്ടർ ഒഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബലിന്റെ സഹകരണത്തോടെ സ്ഥാപിച്ച മുലപ്പാൽ ബാങ്ക് റോട്ടറി ഡിസ്ട്രിക്റ്റ് 3201 മുൻ ഗവർണർ ആർ. മാധവ് ചന്ദ്രന്റെ ആശയമാണ്.

അമ്മയുടെ മരണം, രോഗബാധ അല്ലെങ്കിൽ മുലപ്പാലിന്റെ അപര്യാപ്തത തുടങ്ങിയവ മൂലം മുലപ്പാൽ ലഭിക്കാത്ത നവജാത ശിശുക്കൾക്ക് മുലപ്പാൽ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് സ്ഥാപിച്ചത്. പാസ്ചറൈസേഷൻ യൂണി​റ്റ്, റഫ്രിജറേ​റ്ററുകൾ, ഡീപ് ഫ്രീസറുകൾ, ഹോസ്പി​റ്റൽ ഗ്രേഡ് ബ്രസ്​റ്റ് പമ്പ്, ആർ.ഒ പ്ലാന്റ്, സ്റ്റെറിലൈസിംഗ് ഉപകരണങ്ങൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 35 ലക്ഷം രൂപ ചെലവിലാണ് സ്ഥാപിച്ചിരിക്കുന്നത്.

പ്രവർത്തനം

ജനറൽ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങൾക്ക് മാത്രമാണ് തുടക്കത്തിൽ സൗജന്യമായി മുലപ്പാൽ ലഭ്യമാക്കുക. പിന്നീട് പാൽ ശേഖരണത്തിനും വിതരണത്തിനും ആശുപത്രികളുടെ ശൃംഖലയുണ്ടാക്കും. ജനറൽ ആശുപത്രിയിൽ പ്രതിവർഷം 3600ഓളം കുട്ടികളാണ് ജനിക്കുന്നത്. ഇതിൽ 600 മുതൽ 1000 കുഞ്ഞുങ്ങൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നു.

ആറുമാസം സൂക്ഷിക്കാം

ആശുപത്രിയിൽ തന്നെ പ്രസവം കഴിഞ്ഞതും ആരോഗ്യ വിവരങ്ങൾ ലഭ്യമായിട്ടുള്ളതുമായ അമ്മമാരാണ് മുലപ്പാൽ ദാതാക്കൾ. ശേഖരിക്കുന്ന പാൽ ആറ് മാസം വരെ ബാങ്കിൽ കേടുകൂടാതെ സൂക്ഷിക്കാം. ബാങ്ക് സ്ഥാപിക്കുന്നതിന് റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബലും സംസ്ഥാന ആരോഗ്യ വകുപ്പും തമ്മിൽ കഴിഞ്ഞ വർഷം ധാരണാപത്രം ഒപ്പിട്ടിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് പദ്ധതി വൈകുകയായിരുന്നു. മുലപ്പാൽ ബാങ്ക് പ്രവർത്തിപ്പിക്കാൻ ഐ.എം.എയും ഇന്ത്യൻ അസോസിയേഷൻ ഒഫ് പീഡിയാട്രീഷ്യൻസും (ഐ.എ.പി) പരിശീലനം സിദ്ധിച്ച നഴ്‌സിംഗ് ജീവനക്കാരെ ലഭ്യമാക്കിയിട്ടുണ്ട്.

സുരക്ഷിതം

സർക്കാരിന്റെ മാർഗരേഖ പ്രകാരം പാൽ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പൂർത്തികരിച്ചു.

ആർ. മാധവ് ചന്ദ്രൻ

മുൻ ഗവർണർ

റോട്ടറി ഡിസ്ട്രിക്ട്

ഒരുക്കം പൂർണം

ദാതാക്കളായ അമ്മമാർ പാൽ നൽകുമ്പോൾ ആശ്വാസം പകരുന്ന തരത്തിലാണ് മുലപ്പാൽ ബാങ്കിന്റെ ഉൾവശം സജ്ജീകരിച്ചിരിക്കുന്നത്.

എബി ഏലിയാസ്

പ്രോജക്ട് കോ-ഓർഡിനേ​റ്റർ