കാട്ടാക്കട:സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകൾക്ക് 8ന് നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അദാലത്ത് സംഘടിപ്പിക്കും.കാട്ടാക്കട താലൂക്കിലുള്ളവർക്ക് 8ന് രാവിലെ 9 മുതൽ 12.30വരെയും നെയ്യാറ്റിൻകര താലൂക്കിൽ ഉള്ളവർക്ക് ഉച്ചയ്ക്ക് 2 മണി മുതൽ 5.30 വരെയും അദാലത്ത് നടക്കും. ഈ താലൂക്കുകളിലെ പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന് അവസാനിക്കും.
നാളുകളായി തീർപ്പാകാതെ കിടക്കുന്ന പരാതികൾ, തർക്കങ്ങൾ, പലതരം നൂലാമാലകളിൽപ്പെട്ടു തീരുമാനമാകാതെ കിടക്കുന്ന പ്രശ്നങ്ങൾ, ജനങ്ങളുടെ വിവിധങ്ങളായ അപേക്ഷകൾ തുടങ്ങിയവയെല്ലാം അദാലത്തിൽ നൽകാം.ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ മുഖേനസൗജന്യമായി അപേക്ഷകൾ നൽകണം.മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ cmo.kerala.gov.in വെബ്സൈറ്റ് വഴി നേരിട്ടും പരാതികൾ നൽകാം.മന്ത്രി കടകംപള്ളി സുരേന്ദ്രൻ,ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്, ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവർ പരാതികൾ പരിശോധിച്ച് പരിഹാരം നിർദേശിക്കും. അദാലത്തിൽ ലഭിക്കുന്ന പരാതികൾ തരംതിരിക്കാനും അടിയന്തര പരിഹാരത്തിനുള്ള നടപടികൾക്കുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അഞ്ച് അംഗ ഉദ്യോഗസ്ഥ സംഘം കളക്ടറേറ്റിൽ പ്രവർത്തനം തുടങ്ങി.റവന്യൂ ഉദ്യോഗസ്ഥർക്ക് പുറമേ ജില്ലാ സപ്ലൈ ഓഫിസർ,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ,സാമൂഹ്യനീതി ഓഫീസർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവരാണ് സംഘത്തിലുള്ളത്.കാട്ടാക്കട മണ്ഡലത്തിലെ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിൽ ഉൾപ്പെടുന്ന 6 വില്ലേജുകളിലെയും ജനങ്ങൾ ഈയവസരം പ്രയോജനപ്പെടുത്തണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.