തിരുവനന്തപുരം: വരുന്ന ഡിസംബറിൽ ആളില്ലാവിക്ഷേപണം നടത്തുന്ന ഇന്ത്യയുടെ ബഹിരാകാശ മനുഷ്യദൗത്യത്തിന്റെ - ഗഗൻയാൻ - മാതൃപേടകം ബംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിൽ തയ്യാറാകുന്നു. മൂന്ന് സഞ്ചാരികൾക്ക് ഏഴ് ദിവസം ബഹിരാകാശത്ത് കഴിയാൻ സൗകര്യമുള്ള പേടകത്തിന് 3735 കിലോഗ്രാം ഭാരമുണ്ടാവും.
പേടകത്തിലെ സാങ്കേതിക സൗകര്യങ്ങളൊരുക്കുന്നത് പ്രതിരോധ ഗവേഷണ ഏജൻസിയായ ഡി. ആർ. ഡി. ഒ ആണ്. ഗഗൻയാനിൽ വിക്ഷേപിക്കുന്ന 'വ്യോമമിത്ര' ഹ്യൂമനോയിഡ് റോബോട്ട് വട്ടിയൂർക്കാവിലെ ഇനർഷ്യൽ സിസ്റ്റംസ് യൂണിറ്റിലും തയ്യാറായി.
ആളില്ലാത്ത പേടകം ഭ്രമണപഥത്തിൽ എത്തിക്കുന്ന രണ്ട് പരീക്ഷണ വിക്ഷേപണങ്ങൾ ഡിസംബറിന് മുമ്പ് പൂർത്തിയാക്കണം.
ആളില്ലാ വിക്ഷേപണം
@തീയതി നിശ്ചയിച്ചിട്ടില്ല
@ശ്രീഹരിക്കോട്ട സതീഷ് ധവാൻ സെന്ററിൽ ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റിൽ
@പതിനാറാം മിനിറ്റിൽ പേടകം ഭ്രമണപഥത്തിൽ.
@ഏഴ് ദിവസത്തിനു ശേഷം ബംഗാൾ ഉൾക്കടലിൽ തിരിച്ചിറങ്ങും.
@അതിന് മുമ്പ് സർവീസ് മൊഡ്യൂളും സോളാർ പാനലുകളും വേർപെടുത്തും. @പാരച്യൂട്ടിൽ വേഗത കുറച്ചാണ് ലാൻഡിംഗ്
വിജയിച്ച പരീക്ഷണങ്ങൾ
@2014 ഡിസംബർ 18 - ബഹിരാകാശത്തു നിന്ന് ഭൗമാന്തരീക്ഷത്തിൽ കടക്കുന്ന റീ എൻട്രി പരീക്ഷണം
@പേടകത്തിന്റെ ആദ്യ രൂപം ബംഗാൾ ഉൾക്കടലിൽ തിരിച്ചിറക്കി.
@2018 ജൂലൈ 5 - വിക്ഷേപണം പരാജയമായാൽ സഞ്ചാരികളെ രക്ഷിക്കാനുള്ള നാല് മിനിറ്റ് നീണ്ട പാഡ് അബോർട്ട് ടെസ്റ്റ്
സഞ്ചാരികൾ
വ്യോമസേനയിൽ നിന്ന് കഠിന പരീക്ഷകൾക്ക് ശേഷം തിരഞ്ഞെടുത്ത നാല് പേർ റഷ്യയിൽ ആദ്യഘട്ടപരിശീലനം പൂർത്തിയാക്കി. കോവിഡ് ലോക് ഡൗൺ കാരണം പരിശീലനം നിർത്തിയിരുന്നു. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിൽ കഴിഞ്ഞ ഫെബ്രുവരി 10നാണു ഒരു വർഷത്തെ പരിശീലനം ആരംഭിച്ചത്. ഇവരിൽ മൂന്ന് പേരാണ് ഗഗൻയാനിൽ ബഹിരാകാശത്തെത്തുക.
# കൂട്ടിന് വ്യോമമിത്ര
പരീക്ഷണ വിക്ഷേപണങ്ങളിൽ സഞ്ചാരികൾക്കു പകരം ബഹിരാകാശത്തെത്തുന്നത് വ്യോമമിത്ര റോബോട്ട് ആയിരിക്കും. ഹാഫ് ഹ്യൂമനോയിഡ് ഗണത്തിലുള്ള വ്യോമമിത്ര, ഗഗൻയാൻ പേടകത്തിലെ ജീവൻരക്ഷാ സൗകര്യങ്ങളുടെ കാര്യക്ഷമത പരീക്ഷിക്കും.
നാസയുടെയും മറ്റും പേടകങ്ങളിൽ റോബോട്ടുണ്ടെങ്കിലും ഹ്യുമനോയ്ഡ് വിഭാഗത്തിൽപ്പെട്ട ആദ്യ ബഹിരാകാശ സഹായി ആണ് വ്യോമമിത്ര.
തമാശ പറഞ്ഞും മറ്റും സഞ്ചാരികൾക്കു മാനസികപിന്തുണ നൽകാനുള്ള കഴിവും വ്യോമമിത്രയ്‌ക്കുണ്ട്. ഐ. എസ്. ആർ. ഒ ചെയർമാൻ ഡോ.കെ.ശിവൻ ഉൾപ്പെടെ ദൗത്യ തലവന്മാരുടെയും സഹയാത്രികരുടെയും ശബ്ദം തിരിച്ചറിഞ്ഞു പ്രതികരിക്കും.