rajendran

പാറശാല:ഡ്യൂട്ടി സമയത്ത് സമയോചിതമായ ഇടപെടലിലൂടെ പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നാട്ടുകാർ സ്നേഹനിർഭരമായ ആദരവ് നൽകി.കെ.എസ്.ആർ.ടി.സിയുടെ പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർ കെ.രാജേന്ദ്രനെയാണ് നാട്ടുകാർ ചേർന്ന് ആദരരിച്ചത്.ഇക്കഴിഞ്ഞ 29ന് ഉദിയൻകുളങ്ങര സനൽ സൈക്കിൾസിൽ നിന്ന് സൈക്കിൾ വാങ്ങി തിരികെ പോയ കുടുംബത്തിലെ രണ്ട് വയസുള്ള കുട്ടി റോഡിലേക്ക് അലക്ഷ്യമായി ഉരുണ്ട പന്തിന് പിറകേ ഓടി പോയപ്പോഴാണ് എതിർ ദിശയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചർ ബസ് എത്തിയത്.ബസിന്റെ ഡ്രൈവർ കെ.രാജേന്ദ്രൻ സഡൻ ബ്രേക്കിട്ട് ബസ് നിറുത്തിയതുകൊണ്ട് അപകടം ഒഴിവായി.സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നാണ് ഡ്രൈവറെ തിരിച്ചറിഞ്ഞത്.സനൽ സൈക്കിൾസിന് മുന്നിൽ നാട്ടുകാരുടെയും കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ നെയ്യാറ്റിൻകര യൂണിറ്റിന്റെയും നേതൃത്വത്തിൽ ഡ്രൈവർ കെ.രാജേന്ദ്രനെ ആദരിച്ചു.കെ.ആൻസലൻ എം.എൽ.എ കെ.രാജേന്ദ്രന് സ്നേഹോപഹാരം സമ്മാനിച്ചു.കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് നവനീത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചെങ്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാഹിൽ.ആർ.നാഥ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബീന, ജെന്നർ, ബിനുകുമാർ, കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികളായ എൻ.കെ.രഞ്ജിത്ത്, ജി.ജിജോ, എസ്.ആർ.ഗിരീഷ്,വ്യാന്റ് സെക്രട്ടറി ഷാനവാസ്,സനൽ സൈക്കിൾസ് ഉടമ സനൽ,സജയൻ, രാജേഷ് എന്നിവർ സംസാരിച്ചു.