
തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റ് പൊതുവേ സ്വാഗതാർഹമാണെങ്കിലും റെയിൽവേയ്ക്ക് പ്രത്യേക ബഡ്ജറ്റ് ഇല്ലാത്തത് ഒരു പോരായ്മയായി തുടരുന്നുവെന്ന് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷന്റെയും ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റേയും മലബാർ ഡെവലപ്‌മെന്റ് കൗൺസിലിന്റെയും സംയുക്ത ഓൺലൈൻ അവലോകന യോഗം വിലയിരുത്തി.
റെയിൽവേ വികസനത്തിന് തുക വകയിരുത്തിയതും കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1,967 കോടി രൂപ അനുവദിച്ചതും നേട്ടമാണ്. രണ്ടു പുതിയ വാക്സിനുകൾ കൂടി വരുന്നു. ആരോഗ്യം, കാർഷികം, അടിസ്ഥാന സൗകര്യ വികസനം, ശുദ്ധജലവിതരണം, ദേശീയപാത വികസനം, മുതിർന്ന പൗരന്മാർക്കും പ്രവാസികൾക്കും നികുതി ഇളവുകൾ, സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം, ഗ്രാമീണ വികസന പദ്ധതിയും എന്നിവ ഗുണകരമാണ്. വിഭവസമാഹരണത്തിന് ആദായ നികുതിനിരക്ക്, എക്‌സൈസ് തീരുവ തുടങ്ങിയ നികുതികൾ വർദ്ധിപ്പിക്കാത്തതും കൊവിഡ് സെസ് ഇല്ലാത്തതും ആശ്വാസകരമാണ്.
കൊച്ചിയിൽ മത്സ്യബന്ധന വാണിജ്യ ഹബ്ബ്, ദേശീയപാതയ്ക്ക് 65,000 കോടി, കന്യാകുമാരി - മുംബയ് ഇടനാഴ എന്നിവ കേരളത്തിന് മുതൽക്കൂട്ടാകും. ജി.എസ്.ടി., ആദായനികുതി നടപടികൾ ലളിതവത്കരിച്ചതും നികുതികളും ആയി ബന്ധപ്പെട്ട പരാതികളും, തർക്കങ്ങളും പരിഹരിക്കുന്നതിന് പുതിയ പാനൽ രൂപീകരിച്ചതും നികുതിദായകർക്ക് ആശ്വാസമാണ്.
വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി. ഇ.ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോക്ടർ എ.വി. അനൂപ്, വൈസ് ചെയർമാൻ സി. ചന്ദ്രൻ , ലൈസൺ ഓഫീസർ കേണൽ ആർ. കെ.ജഗോട്ട വി.എസ്.എം, കേരള റീജിയൺ കൺവീനർമാരായ സൺഷൈൻ ഷൊർണൂർ, പി.ഐ. അജയൻ, ജിയോ ജോബ്, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ നിയമോപദേഷ്ടാവും മുൻ വാണിജ്യനികുതി ഡെപ്യൂട്ടി കമ്മിഷണറുമായ എം.കെ. അയ്യപ്പൻ, ജനറൽ സെക്രട്ടറി സി.സി. മനോജ്, സി.വി. ജോസി, മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ വൈസ് പ്രസിഡന്റുമാരായ എം.വി. മാധവൻ, ഫിലിപ്പ് കെ. ആന്റണി, സെക്രട്ടറി കെ.എൻ. ചന്ദ്രൻ, എം.വി. കുഞ്ഞാമു എന്നിവരും യോഗത്തിൽ പങ്കെടുത്തു.