online-application

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഓൺലൈനായി നാമനിർദ്ദേശപത്രിക സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ റിക്കാറാം മീണ പറഞ്ഞു. ഓൺലൈനായി നൽകുന്നവർ ഡൗൺലോഡ് ചെയ്ത് പകർപ്പ് വരണാധികാരിക്ക് നൽകണം. കെട്ടിവയ്ക്കേണ്ട തുകയും ഓൺലൈനായി അടയ്ക്കാമെന്ന് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയകക്ഷികളുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.

പത്രിക സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർത്ഥിക്കൊപ്പം രണ്ടു പേർ . പ്രചാരണ ജാഥയ്ക്ക് പരമാവധി അഞ്ചു വാഹനങ്ങളാകാം. ജാഥ ഒരെണ്ണം കഴിഞ്ഞ് അര മണിക്കൂറിന് ശേഷമേ അടുത്തത് അനുവദിക്കൂ.

80 കഴിഞ്ഞവർക്ക്

തപാൽ വോട്ട്

80 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കൊവിഡ് രോഗികൾ എന്നിവർക്ക് തപാൽ വോട്ടിന് സൗകര്യമൊരുക്കും. തപാൽ വോട്ട് നേരിട്ട് എത്തിക്കാൻ ജില്ലാതലത്തിൽ പ്രത്യേക ടീം രൂപീകരിക്കും. 12ഡി ഫോറത്തിൽ അതത് വരണാധികാരിക്ക് അപേക്ഷ നൽകണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതൽ വിജ്ഞാപനം വന്ന് അഞ്ചുദിവസം വരെ അപേക്ഷിക്കാം.

തപാൽ വോട്ടുകാരുടെ പ്രത്യേക പട്ടിക ബൂത്തടിസ്ഥാനത്തിൽ വരണാധികാരി തയാറാക്കും. ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം തപാൽ വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റ് വീടുകളിലെത്തിക്കും.

മാനദണ്ഡം

തെറ്റിക്കരുത്

വോട്ടിംഗിന് സാമൂഹ്യ അകലം പാലിക്കാൻ ആറടി അകലത്തിൽ ജനങ്ങളെ ക്രമീകരിച്ചുള്ള ക്യൂ ഒരുക്കണം. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങളുടെയും കേസുകളുടെയും വിവരങ്ങളും സമർപ്പിക്കണം. ഇക്കാര്യങ്ങൾ മൂന്നു തവണ മാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണം. കുറ്റകൃത്യങ്ങളിലോ കേസുകളിലോ ഉൾപ്പെട്ട സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിക്കുന്നതെങ്കിൽ എന്തുകൊണ്ടു മറ്റ് സ്ഥാനാർത്ഥിയെ കണ്ടുപിടിക്കാനായില്ലെന്ന വിശദീകരണം കൂടി പത്രികയ്ക്കൊപ്പം നൽകണം.

15,730 അധിക

ബൂത്തുകൾ

ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരാണുണ്ടാവുക. ആയിരത്തിലധികം വോട്ടർമാർ വരുന്ന ബൂത്തുകളിൽ ഓക്‌സിലറി പോളിംഗ് സ്‌റ്റേഷനുകൾ ഏർപ്പെടുത്തും. ഇത്തരത്തിൽ 15,730 അധിക ബൂത്തുകൾ വേണ്ടിവരും..

പോളിംഗ് സമയം

നീട്ടണം: കോൺഗ്രസ്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പോളിംഗ് സമയം രാവിലെ 7 മുതൽ വൈകിട്ട്

7 വരെയാക്കണമെന്ന് യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ആവശ്യപ്പെട്ടു. ഇരട്ട വോട്ടുകൾ കണ്ടെത്തി നീക്കണം.