vijayaragavan-

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി ബന്ധം തുടരുമോയെന്ന ചോദ്യത്തിന്‌ ഉത്തരം പറയാതെ, സി.പി.എം വർഗീയത പറയുന്നുവെന്ന വിചിത്രവാദമാണ്‌ കോൺഗ്രസ് ഉയർത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.

വർഗ്ഗീയശക്തികൾക്ക് വേണ്ടി കോൺഗ്രസ് സ്വന്തം നയത്തിൽ വെള്ളം ചേർക്കുന്നുവെന്ന തന്റെ വിമർശനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് സി.പി.എം മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ വിജയരാഘവൻ വ്യക്തമാക്കി. വെൽഫെയർ പാർട്ടിയുമായി ബന്ധം പാടില്ലെന്ന് എ.ഐ.സി.സി തീരുമാനിച്ചതായി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിക്കുകയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അതാവർത്തിക്കുകയും ചെയ്തിട്ടും നടപ്പായത് വർഗ്ഗീയതയ്ക്ക് കീഴ്പ്പെടലാണ്.

സംവരണമില്ലാത്ത വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണമെന്നത് സി.പി.എമ്മിന്റെ പ്രഖ്യാപിത നയമാണ്. കേന്ദ്ര സർക്കാർ ഭരണഘടനാ ഭേദഗതി ചെയ്തപ്പോൾ കേരളത്തിൽ അത് നടപ്പാക്കാൻ തീരുമാനിച്ചു.. കോൺഗ്രസും ഈ നയത്തിനായി നിലകൊള്ളുന്നുവെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. എന്നാൽ വർഗീയസംഘടനകൾ ആ സംവരണത്തിനെതിരെ സമരരംഗത്തിറങ്ങി. മറ്റ് സമുദായസംഘടനകളെ രംഗത്തിറക്കാൻ ശ്രമിച്ചു. അതുവഴി സാമുദായിക ധ്രുവീകരണത്തിനാണ് ലീഗ് ശ്രമിച്ചത്. ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാൻ കോൺഗ്രസ് നേതൃത്വത്തിനായില്ല.

ഹിന്ദു വർഗീയതയെ എതിർക്കാനെന്ന പേരിൽ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുത്തുന്നത്‌ ഹിന്ദുത്വശക്തികൾക്ക്‌ കരുത്തു പകരുന്ന നിലപാടാണ്‌.

മതന്യൂനപക്ഷ ജനവിഭാഗങ്ങൾ കൂടുതലായി ഇടതുപക്ഷത്തോടടുക്കുന്നത്‌ ജമാഅത്തെ ഇസ്ലാമി ഇഷ്ടപ്പെടുന്നില്ല. സംസ്ഥാനത്ത്‌ മതനിരപേക്ഷത ശക്തിപ്പെടുന്നതിനെ അവർ ഭയപ്പെടുന്നു. ബി.ജെ.പി കേന്ദ്രാധികാരം ഉപയോഗപ്പെടുത്തി ഹിന്ദുത്വവർഗീയത ശക്തിപ്പെടുത്തുമ്പോൾ, ന്യൂനപക്ഷവർഗീയത ശക്തിപ്പെടുത്താനാണ്‌ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്‌. ബി.ജെ.പിയെ സഹായിക്കുന്ന അത്യന്തം അപകടകരമായ നിലപാടാണിത്‌-വിജയരാഘവൻ കുറ്റപ്പെടുത്തി.