
തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിൽ കേരളമടക്കം നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ ലാക്കാക്കി നടത്തിയ പ്രഖ്യാപനങ്ങൾ പ്രചരണായുധമാക്കാൻ സംസ്ഥാന ബി.ജെ.പി ഘടകം.
അതേസമയം, കൊവിഡാനന്തര കാലത്തെ അടിസ്ഥാന വിഷയങ്ങളെ തൊടാതെ നടത്തിയ പ്രഖ്യാപനങ്ങൾ ജനവിരുദ്ധമാണെന്ന് സ്ഥാപിക്കാൻ, പെട്രോളിയം വില വർദ്ധനവടക്കം ആയുധമാക്കാനാണ് ഇടതുമുന്നണിയും കോൺഗ്രസും ശ്രമിക്കുന്നത്.കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകളുടേത് തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന പ്രചരണമുയർത്തുന്ന യു.ഡി.എഫ്, ഇതിനെ മറികടക്കാൻ ജനകീയ പ്രകടനപത്രികയ്ക്ക് തയാറെടുക്കുന്നു. സംസ്ഥാനത്തെ ജനക്ഷേമ, വികസന നേട്ടങ്ങളും, കേന്ദ്ര ബഡ്ജറ്റിൽ അത്തരം നടപടികളുടെ അഭാവവും ചൂണ്ടിക്കാട്ടിയാവും ഇടതുപക്ഷത്തിന്റെ പ്രചരണം.
എന്നാൽ, ദേശീയപാതാ വികസനത്തിന് 65000 കോടിയും കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1957 കോടിയും അനുവദിച്ചതിനെ കേരളത്തിനുള്ള വമ്പൻ സഹായമായി ഉയർത്തിക്കാട്ടുകയാണ് ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പിൽ ചുവടുറപ്പിക്കാൻ ലഭിച്ച മികച്ച ആയുധമായി ഇതിനെ മാറ്റിയെടുക്കാനാണ് നീക്കം. കേന്ദ്ര ബഡ്ജറ്റ് ,എൻജിൻ തകരാറ് പരിഹരിക്കാതെ ഹോണിന്റെ ശബ്ദം കൂട്ടുന്ന ഗിമ്മിക്കാണെന്ന ശശി തരൂരിന്റെ പരിഹാസത്തെ, യു.പി.എ കരിച്ചുകളഞ്ഞ എൻജിൻ മാറ്റി ഇപ്പോൾ വണ്ടി ഓടുന്നത് മോദി ഡ്രൈവറായതിനാലാണെന്ന മറുപടിയിലൂടെ സംസ്ഥാന ബി.ജെ.പി തിരിച്ചടിച്ചു.